𝕯 𝖆 𝖗 𝖐 » eхplaιned
■ ലോക സീരീസ് പ്രേമികളുടെ മുൻപിൽ വലിയൊരു പ്രഹേളികയായിരുന്നു ഗെയിം ഓഫ് ത്രോൺസിന് ശേഷം ഇനിയെന്ത് എന്നുള്ളത്. 2011 ജൂൺ 19ന് HBOയിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ GOT അത്രയധികം ആരാധകരെയായിരുന്നു ലോകമെമ്പാടും സൃഷ്ടിച്ചത്. പെട്ടെന്ന് തീർക്കാനുള്ള ശ്രമത്തിൽ അവസാന സീസൺ കുറച്ചധികം നിരാശപ്പെടുത്തിയെങ്കിലും നീണ്ട എട്ട് വർഷത്തോളം GOTനെ കണ്ടും GOTനെക്കുറിച്ച് ചർച്ച ചെയ്തും നടന്ന ആരാധകർക്ക് മുൻപിൽ GOT അവസാനിച്ചപ്പോൾ ഇനിയെന്ത് എന്നത് ഒരു ചോദ്യചിഹ്നമായി നിന്നു. അമേരിക്കൻ ചാനലായ AMCയിൽ 2008 മുതൽ 2013 വരെ അഞ്ച് സീസണുകളിലായി സംപ്രേക്ഷണം ചെയ്ത ബ്രേക്കിംഗ് ബാഡ് ആണ് പലരും അതിനൊരു ഉത്തരമായി ചൂണ്ടിക്കാട്ടിയത്. പക്ഷേ, എന്നോ തീർന്നു പോയ ലോകത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ സീരീസുകളിൽ ഒന്നായ ബ്രേക്കിംഗ് ബാഡ് "ഇനിയെന്ത്" എന്നുള്ളതിന് ഒരിക്കലും ഒരു ഉത്തരമാവുന്നില്ലല്ലോ. GOT അവസാനിച്ച ശേഷം HBOയിൽ തന്നെ സംപ്രേക്ഷണം ചെയ്ത ചെർണോബിലിനെ വരെ ചിലർ GOTന് പകരക്കാരനായി നിർദ്ദേശിച്ചു. പക്ഷേ, വെറും അഞ്ച് എപ്പിസോഡുകളിൽ തീർന്ന മിനി സീരീസായ ചെർണോബിലിനെ എട്ട് സീസണുകളിൽ 73 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത GOTമായി താരതമ്യം ചെയ്യുക എന്നത് തന്നെ അബദ്ധമാണ്, ചെർണോബിൽ ഞാൻ കണ്ടിട്ടുള്ള സീരീസുകളിൽ ഏറ്റവും മികച്ച ഒന്നാണെങ്കിലും. അങ്ങനെയാണ് അവസാനം 2017 ഡിസംബർ 1 മുതൽ നെറ്റ് ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ ഡാർക്ക് എന്ന ജർമൻ സീരീസിലേക്ക് ഞാനെത്തുന്നത്. ഡാർക്ക്, ഗെയിം ഓഫ് ത്രോൺസിന് പകരക്കാരനാവുമോ എന്നുള്ളത് കണ്ടുതന്നെ അറിയണമെങ്കിലും രണ്ട് സീസണുകളിലായി 18 എപ്പിസോഡുകൾ ഇതുവരെ സംപ്രേക്ഷണം ചെയ്തത് വെച്ച് പ്രേക്ഷകരെ വളരെയധികം എൻഗേജിങ് ആക്കി നിർത്തുന്ന സീരീസ് തന്നെയാണെന്ന് ഉറപ്പിച്ചു പറയാനാവും. ഒട്ടനവധി ടൈം ട്രാവലിംഗ് മുഹൂർത്തങ്ങളിലൂടെ കടന്നുപോവുന്ന ഒരു സയൻസ് ഫിക്ഷൻ സീരീസ് ആയതുകൊണ്ട് തന്നെ ഡാർക്ക് കുറച്ചധികം കോംപ്ലിക്കേറ്റഡാണ്. അതുതന്നെയാണ് ഡാർക്കിനു ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞതും. ഷട്ടർ ഐലന്റ്, ഇന്റർസ്റ്റെല്ലാർ, ഇൻസെപ്‌ഷൻ, ദി പ്രെസ്റ്റിജ്, ദി വെയ്‌ലിങ് തുടങ്ങിയവ പോലോത്ത കോമ്പ്ലിക്കേറ്റഡ് ആയ വിദേശഭാഷാ ചിത്രങ്ങളുടെ എക്സ്പ്ലനേഷനുകളുമായി എത്തുമ്പോഴൊക്കെ "ഡാർക്ക് ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ" എന്ന ചോദ്യവുമായി പലരും എത്താറുണ്ടായിരുന്നു. ആ ഒരു കൗതുകമാണ് എന്നെയും ഇതിലേക്കെത്തിച്ചത് എന്ന് പറയാം. എന്റെ എക്സ്പ്ലനേഷനുകൾക്ക് തൊട്ടുമുൻപ് ആ സിനിമയെക്കുറിച്ച്, അല്ലെങ്കിൽ സീരീസിനെക്കുറിച്ച് ഒരു ഡീറ്റൈൽഡ് റിവ്യൂ സാധാരണയായി ഉണ്ടാവാറുണ്ട്. പക്ഷേ, ഇവിടെ നേരെ തന്നെ എക്സ്പ്ലനേഷനിലേക്ക് കടക്കുകയാണ്. ഡാർക്ക് സീരീസ് കാണാത്തവർ സിനോപ്സിസിന് ശേഷം തുടർന്ന് വായിക്കാതിരിക്കുക. സ്‌പോയ്‌ലറുകൾ വരുന്നത് കൊണ്ട് പിന്നീട് എപ്പോഴെങ്കിലും സീരീസ് കാണുകയാണെങ്കിൽ പരമബോറായിരിക്കും എന്ന് മുന്നറിയിപ്പ് നൽകുന്നു.
✍sʏɴᴏᴘsɪs
■ ജർമനിയിലെ വിണ്ടൻ എന്നൊരു സാങ്കൽപ്പിക നഗരത്തിലാണ് കഥ നടക്കുന്നത്. കാൻവാൾഡ്, നീൽസൺ, ഡോപ്ലർ, ടീഡമൻ എന്നിങ്ങനെ പ്രധാനമായും നാല് കുടുംബങ്ങളാണ് ഈ കഥയിലെ കേന്ദ്രബിന്ദു. 21 ജൂൺ 2019, വളരെ സമാധാനപരമായ, കുറ്റകൃത്യങ്ങളൊന്നും അതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത വിണ്ടൻ നഗരത്തിലെ ഒരു വീട്ടിൽ മൈക്കൽ കാൻവാൾഡ് എന്നൊരു നാല്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്യുന്നു. വിണ്ടന്റെ കഥ അവിടെ തുടങ്ങുന്നു. മൈക്കലിന്റെ അമ്മ ഇനെസിന് മൈക്കലിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയെങ്കിലും അവരത് ഒളിപ്പിച്ചു വെക്കുന്നു. കാരണം, അതിൽ ഇങ്ങനെ എഴുതിയിരുന്നു. "നവമ്പർ 4, രാത്രി 10:13ന് മുൻപ് ഇത് തുറക്കരുത്".. മൈക്കലിന്റെ ആത്മഹത്യക്ക് പിന്നിലെ യഥാർത്ഥ കാരണമെന്തെന്ന് ആർക്കും മനസ്സിലായില്ല. അതുകൊണ്ട് തന്നെ അയാളുടെ പതിനാറുകാരൻ മകൻ ജോനാസ് കാൻവാൾഡ് മാനസികമായി ആകെ തകർന്നു. നീണ്ട നാലഞ്ചു മാസത്തെ ചികിത്സയ്ക്ക് ശേഷം അവൻ കോളേജിലേക്ക് തിരിച്ചു പോവുകയാണ്. എറിക് ഒബെൻറോഫ് എന്നൊരു കൗമാരക്കാരനെ കാണാതായ വിവരം കോളേജിൽ അങ്ങിങ്ങായി പോസ്റ്ററുകളിൽ കാണാം. കോളേജിലെ മുഖ്യ മയക്കുമരുന്ന് വിതരണക്കാരനായിരുന്നു എറിക്. എറിക്കിനെ കാണാതായ വാർത്തയ്ക്കിടയിലും ജോനാസിന്റെ കൂട്ടുകാരൻ ബാർത്തോസ് ടീഡമന് വേണ്ടത് എറിക് വിണ്ടനിലെ ദുരൂഹമായ ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ചു എന്ന് കരുതുന്ന മയക്കുമരുന്നുകളായിരുന്നു. ജോനാസും ബാർത്തോസും അവരുടെ കൂട്ടുകാരായ മാഗ്നസ് നീൽസണും സഹോദരി മാർത്ത നീൽസണും ചേർന്ന് വിണ്ടൻ ഗുഹയിലേക്ക് പോവാൻ പ്ലാനിടുന്നു. ആ യാത്രയിൽ മാഗ്നസിന്റെയും മാർത്തയുടെയും ഇളയസഹോദരൻ പതിനൊന്നുകാരൻ മിക്കേൽ നീൽസണും അവർക്കൊപ്പം ചേരുന്നു. പക്ഷേ, വിണ്ടൻ ഗുഹയ്ക്കരികെയുള്ള തിരച്ചിലിനിടയിൽ ഗുഹയ്ക്കകത്ത് നിന്നും ഭീകരമായൊരു ശബ്ദം കേട്ട് ആ സംഘം ചിതറിയോടുന്നു. തിരിച്ചവർ ഒന്നിക്കുമ്പോൾ മിക്കേൽ നീൽസനെ കാണാനില്ലായിരുന്നു. മിക്കേൽ എവിടെപ്പോയി? അല്ല.. അതല്ല ചോദിക്കേണ്ടത്. ഏത് വർഷത്തിലേക്ക് പോയി..?
ഡാർക്ക് സീരീസ് കാണാത്തവർ ഇവിടുന്ന് അങ്ങോട്ട് വായിക്കാതിരിക്കുക..
■ വിണ്ടനിലെ ദുരൂഹതയുറങ്ങുന്ന ഗുഹയെക്കുറിച്ച്. എന്താണ് അതിനുള്ളിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്..?
വിണ്ടനിലെ ആണവ നിലയത്തോട് ചേർന്നാണ് വിണ്ടനിലെ ഗുഹ നിലകൊള്ളുന്നത്. ഗുഹയുടെ ഒരറ്റം ആണവ നിലയത്തിലേക്കും മറ്റേ അറ്റം വിണ്ടനിലെ കാട്ടിലേക്കുമാണ് തുറക്കുന്നത്. ഗുഹയ്ക്കകത്ത് മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങലേക്ക് തുറക്കുന്ന, അല്ലെങ്കിൽ ടൈം ട്രാവലിംഗ് സാധ്യമാകുന്ന വേംഹോളുകൾ ഉണ്ടെന്നതാണ് പ്രത്യേകത. ഈ മൂന്ന് കാലഘട്ടങ്ങളും തമ്മിൽ 33 വർഷത്തെ മാറ്റമാണുള്ളത്. 1953, 1986, 2019. എന്താണ് വേംഹോളുകൾ എന്നതിനെക്കുറിച്ച് ഞാൻ ഇന്റെർസ്റ്റെല്ലാർ എക്സ്പ്ലനേഷനിൽ പറഞ്ഞിരുന്നു. അതിന്റെ ലിങ്ക് ഡിസ്‌ക്രിപ്‌ഷനിൽ കൊടുക്കാം. 1986ൽ വിണ്ടൻ ആണവനിലയത്തിന്റെ തലവയായിരുന്ന ക്ലോഡിയ ടീഡ മൻ ആണ് ആണവനിലയത്തിനും ഗുഹയ്ക്കുമിടയിൽ ഒരു ഇരുമ്പ് വാതിൽ സ്ഥാപിച്ചത്. പക്ഷേ, ആരാണ് ഈ വേംഹോളുകൾ സൃഷ്ടിച്ചത് എന്നതിനെക്കുറിച്ചോ, അല്ലെങ്കിൽ ഗുഹയ്ക്കുള്ളിൽ വേംഹോളുകൾ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചോ രണ്ട് സീസണുകളിലും വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാൽ, 1921ൽ നോഹയും മറ്റൊരാളും ചേർന്ന് ഗുഹയ്ക്കുള്ളിലേക്ക് വഴി വെട്ടിയെടുക്കുന്നത് രണ്ടാമത്തെ സീസണിന്റെ ആദ്യ എപ്പിസോഡിൽ കാണിക്കുന്നുണ്ട്. വേംഹോളുകളുടെ വാതിലുകളിൽ കൊത്തിവെച്ചിരിക്കുന്നത് "Sic Mundus" എന്നുമാണ്. ആദമിന്റെ നേതൃത്വത്തിലുള്ള ടൈം ട്രാവലേഴ്‌സ് ആയിരിക്കാം ചിലപ്പോഴത് നിർമ്മിച്ചത്. 1921ലെത്തുന്ന ജോനാസ് തിരിച്ചുപോവാൻ ഗുഹയ്ക്കുള്ളിലെത്തുമ്പോൾ അവിടെ വേംഹോൾ ഇല്ലായിരുന്നു. അവിടെ വെച്ച് കൗമാരക്കാരനായ നോഹ, വേംഹോൾ തുറക്കാൻ ഇനിയും 32 വർഷങ്ങളെടുക്കുമെന്ന് പറയുന്നുണ്ട്. അതായത്, വേംഹോൾ ഉണ്ടായത് 1953ന് ശേഷമാണ് എന്ന് സാരം.
■ ഡാർക്കിലെ ഏറ്റവും കോമ്പ്ലിക്കേറ്റഡായ ഭാഗം. കഥാപാത്രങ്ങൾ തമ്മിലുള്ള റിലേഷൻ. അവർ ആരൊക്കെ, എങ്ങനെയാണ് അവർ തമ്മിലുള്ള റിലേഷൻ എന്നതിനെക്കുറിച്ച്..
ഡാർക്കിലെ കേന്ദ്ര കഥാപാത്രങ്ങൾ മുഖ്യമായും കാൻവാൾഡ്, നീൽസൺ, ടീഡമൻ, ഡോപ്ലർ എന്നീ നാല് കുടുംബങ്ങളിൽ നിന്നുമാണ്. അവരെല്ലാവരും തമ്മിൽ പല തരത്തിൽ കണക്റ്റ് ചെയ്തു കിടക്കുന്നു. അതാണ് ഡാർക്കിലെ പ്രധാന കോമ്പ്ലിക്കേഷൻസ്. ഡാർക്കിന്റെ മെയിൻ പ്ലോട്ട് തുടങ്ങുന്നത് മിക്കേൽ എന്ന പതിനൊന്ന് വയസ്സുകാരന്റെ ദുരൂഹമായ അപ്രത്യക്ഷമാകലിലൂടെയാണ്. വിണ്ടനിലെ പോലീസ് ഉദ്യോഗസ്ഥൻ ഉൾറിഷ് നീൽസന്റെയും വിണ്ടൻ സ്കൂൾ പ്രിൻസിപ്പൽ കാതറീന നീൽസന്റെയും ഇളയ മകനാണ് മിക്കേൽ നീൽസൺ. മാഗ്നസ് നീൽസൺ മിക്കേലിന്റെ സഹോദരനും മാർത്ത നീൽസൺ സഹോദരിയുമാണ്. വിണ്ടനിലെ ഗുഹയ്ക്കുള്ളിലെ വേംഹോളിലൂടെ കടക്കുന്ന മിക്കേൽ എത്തിപ്പെടുന്നത് 1986ലാണ്. 1986ലെത്തിയ മിക്കേൽ അവിടെ തന്നെ പിന്നീടുള്ള കാലം മുഴുവൻ ജീവിക്കുകയാണ്. അന്ന് വിണ്ടൻ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ഇനെസ് കാൻവാൾഡ് മിക്കേലിനെ ദത്തെടുത്ത് മൈക്കൽ എന്ന പേരിൽ വളർത്തുകയായിരുന്നു. അങ്ങനെ മിക്കേൽ നീൽസൺ മൈക്കൽ കാൻവാൾഡ് ആയി. പിന്നീട് വിണ്ടനിലെ സ്കൂളിൽ വെച്ച് കണ്ടുമുട്ടിയ ഹന്നയെ മൈക്കൽ വിവാഹം കഴിക്കുകയായിരുന്നു. മൈക്കലിന്റെയും ഹന്നയുടെയും മകനാണ് ജോനാസ് കാൻവാൾഡ്, അതായത് മിക്കേൽ നീൽസണിന്റെയും ഹന്നയുടെയും മകനാണ് ജോനാസ്. ഡാർക്കിലെ കേന്ദ്ര കഥാപാത്രം ജോനാസ് കാൻവാൾഡാവുമ്പോൾ ജോനാസിന്റെ ഫാമിലി സ്ട്രക്ച്ചർ ഇങ്ങനെയാണ്. ഉൾറിഷ് നീൽസൺ - മുത്തശ്ശൻ, കാതറീന നീൽസൺ - മുത്തശ്ശി, മാഗ്നസ് നീൽസൺ - അമ്മാവൻ, മാർത്ത നീൽസൺ - അമ്മായി. ജോനാസ് കാൻവാൾഡ് തന്നെയാണ് പിൽക്കാലത്ത് Sic Mundus ടൈം ട്രാവലേഴ്‌സിന്റെ തലവൻ ആദം ആയിത്തീരുന്നത്. അത് എങ്ങനെ എന്നുള്ളത് തുടർന്നുള്ള സീസണുകളിൽ നിന്ന് വ്യക്തമാകുമായിരിക്കും. പക്ഷേ, ഇതിലും കോമ്പ്ലിക്കേറ്റഡായിട്ടുള്ള ഫാമിലി സ്ട്രക്ച്ചർ വിണ്ടനിലെ പോലീസ് ഉദ്യോഗസ്ഥ ഷാർലറ്റ് ഡോപ്ലറുടെതാണ്. ഷാർലറ്റിന്റെ യഥാർത്ഥ പിതാവ് നോഹ എന്ന ഹാനോ ടോബറാണ്. അമ്മയോ, സ്വന്തം മകൾ എലിസബത്ത് ഡോപ്ലറും. അതായത്, ഷാർലറ്റ് അവരുടെ തന്നെ മുത്തശ്ശിയാണ്. നോഹയുടെ സഹോദരിയാണ് ആഗ്നസ് നീൽസൺ. ആഗ്നസിന്റെ മകൻ ട്രോന്റെ നീൽസന്റെ മക്കളാണ് ഉൾറിഷ് നീൽസണും മാഡ്‌സ് നീൽസണും. ഇപ്പോൾ കാൻവാൾഡ്, നീൽസൺ, ഡോപ്ലർ എന്നീ മൂന്ന് കുടുംബങ്ങളും തമ്മിൽ കണക്റ്റഡ് ആയി.
◾️ വിണ്ടനിലെ കുട്ടികളുടെ തിരോധാനങ്ങളെക്കുറിച്ച്. കാണാതാവുന്ന കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു. അവർ എവിടെപ്പോവുന്നു?
വിണ്ടനിൽ നിന്നും കാണാതാവുന്ന കുട്ടികളെയൊക്കെ നോഹയുടെ ടൈം ട്രാവൽ ചെയർ പരീക്ഷണങ്ങൾക്ക് വേണ്ടി ഹെൽഗ് ഡോപ്ലറാണ് കിഡ്നാപ്പ് ചെയ്യുന്നത്. നോഹയുടെ പല പരീക്ഷണങ്ങളും പരാജയപ്പെടുന്നതിന്റെ ഫലമായി ആ കുട്ടികൾക്കൊക്കെ ദാരുണാന്ത്യം സംഭവിക്കുകയാണ്. ഇതുപ്രകാരം ഹെൽഗ് 1986ൽ തട്ടിക്കൊണ്ടുപോയ ഉൾറിഷ് നീൽസന്റെ സഹോദരൻ മാഡ്‌സ് നീൽസനെ അവർ ടൈം ട്രാവൽ ചെയർ പരീക്ഷണങ്ങൾക്ക് വിധേയനാക്കി. 2019ൽ മിക്കേൽ നീൽസണെ കാണാതായതിനു ശേഷം ഉൾറിഷ് നീൽസന്റെ നേതൃത്വത്തിലുള്ള പോലീസുകാരുടെ തിരച്ചിലിൽ വിണ്ടൻ ഗുഹയ്ക്കടുത്ത് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. അത് മാഡ്‌സിന്റെതായിരുന്നു. നോഹയുടെ പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന് അയാളും ഹെൽഗും മാഡ്‌സിന്റെ മൃതദേഹം 1986ൽ നിന്നും 2019ൽ കൊണ്ടിടുകയായിരുന്നു. പിന്നീട് മാഡ്‌സിന്റെയും ഉൾറിഷിന്റെയും പിതാവ് ട്രോന്റെ നീൽസൺ അത് മാഡ്‌സാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഇതുപോലെ തന്നെ 2019ൽ നോഹയും ഹെൽഗും ചേർന്ന് തട്ടിക്കൊണ്ടുപോയ എറിക് ഒബെൻഡോഫിനെയും യാസിൻ യാസിൻ ഫ്രീസിനെയും പരീക്ഷണം പരാജയമായതിനെ തുടർന്ന് 1953ലെ വിണ്ടൻ ആണവനിലയത്തിന്റെ കൺസ്ട്രക്ഷൻ സൈറ്റിൽ കൊണ്ടിടുകയായിരുന്നു. മിക്കേൽ നീൽസൻ മാത്രം വിണ്ടൻ ഗുഹയിലെ വേംഹോളിലേക്ക് വഴി തെറ്റിക്കയറി 1986ൽ എത്തിപ്പെടുകയായിരുന്നു.
◾️ആരാണ് ദി വൈറ്റ് ഡെവിൾ? ക്ലോഡിയ ടീഡമൻ തന്റെ അച്ഛൻ എഗോൺ ടീഡമനെ കൊന്നത് എന്തിന്?
1954 ജൂൺ 26, വിണ്ടനിലെ കാട്ടിൽ നിന്ന് ഒരു അജ്ഞാത വൃദ്ധയുടെ മൃതദേഹം ലഭിക്കുന്നു. അത് നോഹയുടെ വെടിയേറ്റ് കൊല്ലപ്പെട്ട പ്രായമായ ക്ലോഡിയയുടെ മൃതദേഹമായിരുന്നു. ആ മൃതദേഹം ഇൻസ്പെക്റ്റ് ചെയ്യുന്നതിനിടയിൽ വിണ്ടൻ പോലീസ് ഉദ്യോഗസ്ഥനായ എഗോൺ ടീഡമൻ ആ സ്ത്രീ മുൻപ് തന്നെ സന്ദർശിച്ചത് ഓർക്കുന്നു. അന്ന് അവർ തന്നോട് ഒരു കാരണവുമില്ലാതെ മാപ്പപേക്ഷിച്ചതും അയാൾ തന്റെ സഹപ്രവർത്തകരോട് പറയുന്നു. വൃദ്ധയായ ക്ലോഡിയ എഗോണെ സന്ദർശിച്ച വേളയിൽ അന്ന് പന്ത്രണ്ട് വയസ്സുകാരിയായിരുന്ന തന്റെ മകൾ ക്ലോഡിയക്കുണ്ടായിരുന്ന ഹെറ്ററോക്രോമിയ (രണ്ട് കൃഷ്ണമണികൾക്കും വ്യത്യസ്ത നിറമാവുന്ന അവസ്ഥ) അവർക്കും ഉള്ളതായി അവരോട് പറഞ്ഞിരുന്നു. അന്ന് തന്നെയായിരുന്നു മാസങ്ങൾക്ക് മുൻപ് വിണ്ടനിൽ നിന്നും കാണാതായ പത്ത് വയസ്സുകാരൻ ഹെൽഗ് ഡോപ്ലർ തിരിച്ചുവരുന്നത്. ഹെൽഗിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഈ സ്ത്രീയെ അറിയാമോ എന്ന് ചോദിച്ചു എഗോൺ ക്ലോഡിയയുടെ ഫോട്ടോ കാണിക്കുന്നു. അവരെ നേരിട്ട് കണ്ടിട്ടില്ല, ഒരുപാട് കേട്ടിട്ടുണ്ട് എന്ന് വിവരിക്കുന്ന ഹെൽഗ് അവരെ ദി വൈറ്റ് ഡെവിൾ എന്ന് വിശേഷിപ്പിക്കുന്നു. അതെന്തുകൊണ്ടാണെന്ന എഗോണിന്റെ ചോദ്യത്തിന് "അവർ എല്ലാവരെയും കൊല്ലാൻ ആഗ്രഹിക്കുന്നു" എന്നായിരുന്നു ഹെൽഗിന്റെ മറുപടി. പക്ഷേ, അവർ മരിച്ചില്ലേ, ഇനി ആരെയും ഉപദ്രവിക്കുമെന്ന് പേടിക്കേണ്ട എന്ന് പറയുന്ന എഗോണോട് അവര് തുടങ്ങുന്നതേയുള്ളൂ എന്നായിരുന്നു ഹെൽഗിന്റെ മറുപടി. ഇനി 1987ലേക്ക് തിരിച്ചു വരാം. ഭാവികാലത്തിലേക്ക് പോയി മടങ്ങി വന്നിട്ടുള്ള വിണ്ടൻ ആണവനിലയത്തിന്റെ നിലവിലെ മേധാവി കൂടിയായ ക്ലോഡിയക്ക് തന്റെ അച്ഛൻ ആ വർഷം മരിക്കുമെന്ന് അറിയാമായിരുന്നു, അത് എങ്ങനെയെന്നു അറിയില്ലായിരുന്നെങ്കിലും. എഗോൺ തന്റെ മകളോട് ക്യാൻസർ ആണെന്ന് വെളിപ്പെടുത്തുന്നതോടെ ക്ലോഡിയ ശരിക്കും പേടിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന എഗോണോട് തന്റെ കൂടെ നിൽക്കണമെന്ന് ക്ലോഡിയ ആവശ്യപ്പെടുന്നു. അന്ന് എഗോണെ കൂട്ടാനായി അയാളുടെ താമസസ്ഥലത്തെത്തുന്ന ക്ലോഡിയയോട് തനിക്ക് ടൈം ട്രാവെലിംഗിനെക്കുറിച്ച് അറിയാമെന്ന കാര്യം എഗോൺ പറയുന്നു. വിണ്ടനിലെ ഗുഹയിൽ നിന്നാണ് ഇത്തരം ദുരൂഹതകൾ നടക്കുന്നതെന്ന സംശയം പ്രകടിപ്പിക്കുന്ന അയാൾ അവിടെ സൂക്ഷ്മ പരിശോധന ആവശ്യമുണ്ടെന്ന് പറഞ്ഞ് പോലീസിലറിയിക്കാൻ ശ്രമിക്കുന്നു. ഇത് ക്ലോഡിയയെ പ്രതിരോധത്തിലാക്കുന്നു. അച്ഛനെ ഫോൺ വിളിക്കുന്നതിൽ നിന്നും തടയാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ തലയിടിച്ച് താഴെ വീഴുന്നു. ആദ്യം അച്ഛനെ രക്ഷിക്കാനായി ക്ലോഡിയ ശ്രമിച്ചെങ്കിലും വൃദ്ധയായ ക്ലോഡിയ അവരോടൊരു ത്യാഗത്തിന്റെ കാര്യം പറഞ്ഞത് ഓർമ്മിക്കുന്ന ക്ലോഡിയ ആ ത്യാഗം തന്റെ അച്ഛന്റെ മരണം തന്നെയാണെന്ന് മനസ്സിലാക്കി അയാളെ മരിക്കാൻ വിടുന്നു. എഗോൺ മരണവേളയിൽ തന്റെ മകളോട് പറയുന്നുണ്ട് "നീ തന്നെയാണ് ദി വൈറ്റ് ഡെവിൾ" എന്ന്..
ഡാർക്കിലെ ടൈം ട്രാവലിംഗ്.
ഡാർക്കിലെ ടൈം ട്രാവലിംഗ് നാല് വിധത്തിലാണ്. ഒന്ന് വിണ്ടനിലെ ഗുഹയ്ക്കുള്ളിലെ വേംഹോളുകൾ. അതിലൂടെ 33 വർഷത്തെ ഇടവേളകളിലുള്ള സമയങ്ങളിലേക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ. രണ്ടാമത്തേത് വിണ്ടനിലെ വാച്ച് മെക്കാനിക്കായ H.G. താനോസ് ഉണ്ടാക്കിയെടുത്ത ടൈം മെഷീൻ. അതുപയോഗിച്ച് ഏത് സമയത്തേക്കും യാത്ര ചെയ്യാം. ഇതിന്റെ പ്ലാൻ താനോസിന് നൽകുന്നത് വൃദ്ധയായ ക്ലോഡിയയാണ്. ദി സ്ട്രെയ്ഞ്ചർ എന്ന മധ്യവയസ്സിലുള്ള ജോനാസാണ് ഡാർക്കിൽ ഇത് ആദ്യമായി ഉപയോഗിച്ചു കണ്ടത്. പിന്നീട് ഒരുപാടുപേർ ഇത് ഉപയോഗിക്കുന്നുണ്ട്. മൂന്നാമത്തേത് നോഹയുടെ നിലവറയ്ക്കുള്ളിലെ ടൈം ട്രാവൽ ചെയർ. ഇതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് ഒരുപാട് കുട്ടികളെ ബലിയാടാകുന്നത്. ഈ ചെയർ ഉപയോഗിച്ച് ഇതുവരെ ടൈം ട്രാവൽ ചെയ്തത് ഒരേയൊരാളാണ്. പത്ത് വയസ്സുകാരനായ ഹെൽഗ് ഡോപ്ലർ. 1953ൽ കാണാതായി 1986ൽ എത്തുന്ന ഹെൽഗിനെ മാസങ്ങൾക്ക് ശേഷം നോഹ 1987ലേക്ക് തിരിച്ചെത്തിക്കുന്നത് ഈ ചെയർ ഉപയോഗിച്ചാണ്. നാലാമത്തേത് ആദമിന്റെ Sic Mundus സൊസൈറ്റി വികസിപ്പിച്ചെടുത്ത ദൈവകണം. അതിലൂടെയാണ് ആദം 2020ലെത്തി മാർത്ത നീൽസണെ കൊല്ലുന്നതും 2052ൽ കുടുങ്ങിക്കിടന്ന ജോനാസ് രക്ഷപ്പെട്ട് 1921ൽ എത്തുന്നതും. ജോനാസ് ഹെൽഗിന്റെ വിരൽ തൊട്ട് 2052ൽ എത്താനും കാരണവും 2052ലെ എലിസബത്തും 2020ലെ ഷാർലറ്റും തമ്മിൽ ആണവനിലയത്തിനുള്ളിൽ വെച്ച് പരസ്പരം കാണാനും ഉള്ള കാരണം ഇതേ ദൈവകണമായിരിക്കും. സീസൺ 2ന്റെ അവസാനത്തിൽ ആൾട്ടർനേറ്റ് റിയാലിറ്റിയിൽ നിന്നും വന്ന മാർത്ത ഒരു ലോഹനിർമ്മിതമായ ഗോളം ഉപയോഗിക്കുന്നുണ്ട്. അത് മറ്റൊരു ടൈം മെഷീനാണോ എന്നത് കാത്തിരുന്നു കാണണം..
◾️രണ്ടാം സീസണിന്റെ അവസാനം വന്ന ഭീമൻ ട്വിസ്റ്റിനെക്കുറിച്ച്. ആദം, അഥവാ പ്രായമായ ജോനാസ് മാർത്തയെ പതിനാറുകാരനായ ജോനാസിന്റെ മുന്നിൽ വെച്ച് വെടി വെച്ചു കൊല്ലുന്നു. മാർത്ത വെടിയേറ്റ് മരിച്ചതിന് ശേഷം അവിടെ മറ്റൊരു മാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രേക്ഷകർക്ക് കൂടുതൽ കൺഫ്യൂഷനും ചോദ്യങ്ങളും സമ്മാനിച്ചുകൊണ്ട്.
ആദം മാർത്തയെ കൊന്നത് എന്തിന്..?
മാർത്ത ആദ്യം ജോനാസിന്റെ കാമുകിയായിരുന്നു. തന്റെ അച്ഛൻ മൈക്കൽ കാൻവാൾഡിന്റെ, അഥവാ മിക്കേൽ നീൽസന്റെ സഹോദരിയാണ് മാർത്ത എന്ന് തിരിച്ചറിഞ്ഞ നിമിഷം ജോനാസ് മാർത്തയിൽ നിന്നും പിന്തിരിയാൻ ശ്രമിച്ചു. പക്ഷേ, അത് വിജയമായില്ല. പതിനാറുകാരനായ ജോനാസും മധ്യവയസ്സിലുള്ള ജോനാസും ആദമിന്റെ Sic Mundus സൊസൈറ്റിയെ തടയാനാണ് ശ്രമിക്കുന്നത്. പക്ഷേ, അവർക്ക് എന്തായാലും ആദം ആയി മാറിയേ പറ്റുമായിരുന്നുള്ളൂ. ജോനാസിന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചാൽ അതിന് സാധിക്കും എന്ന് മനസ്സിലാക്കിയ ആദം, ജോനാസിനെ തന്നിലേക്ക് മാറ്റാൻ വേണ്ടി നടത്തിയ പ്ലാൻഡ് മർഡറായിരുന്നു മാർത്തയുടെ കൊലപാതകം. മാർത്തയെ വെടി വെച്ച ശേഷം ആദമും ജോനാസും നടത്തുന്ന സംഭാഷണം ഇതിനെ ശരി വെക്കുന്നു.
മാർത്ത കൊല്ലപ്പെട്ട ശേഷം പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത രൂപ ഭാവങ്ങളുള്ള മാർത്ത ആരാണ്? എവിടെ നിന്ന് വന്നു?
പുതിയതായി പ്രത്യക്ഷപ്പെടുന്ന മാർത്തയോട് സംശയം പ്രകടിപ്പിക്കുന്ന ജോനാസിനോട് അവൾ "ഏത് ലോകത്തിൽ നിന്നാണ്" എന്നാണ് ചോദിക്കേണ്ടത് എന്ന് പറയുന്നുണ്ട്. അതായത് മാർത്ത വന്നത് ആൾട്ടർനേറ്റ് റിയാലിറ്റിയായ മറ്റൊരു ലോകത്തിൽ നിന്നാണ്. ഇനിയുള്ള സീസണുകളിൽ ടൈം ട്രാവൽ മാത്രമല്ല, എണ്ണമറ്റ മറ്റു ലോകങ്ങളും ഉണ്ടാവുമെന്നാണ് ക്ലൈമാക്സിലെ മാർത്തയുടെ ആഗമനം വ്യക്തമാക്കുന്നത്. മാർത്ത വന്ന ലോകമെന്താണ് എങ്ങനെയാണ്, മാർത്തയും ജോനാസും ഇനി ആദമിന്റെ Sic Mundusന് എതിരാളികളാവുമോ എന്നതിനൊക്കെയുള്ള ഉത്തരങ്ങൾ അടുത്ത സീസണുകളിൽ കാണാം. അതുവരെ നമുക്ക് കുറച്ചധികം കോൺസ്പിറസി തിയറികളും ഫാൻ തിയറികളുമായി ചർച്ചകൾ തുടരാം..
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ