𝐀𝐦𝐞𝐫𝐢𝐜𝐚𝐧 𝐁𝐞𝐚𝐮𝐭𝐲 » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ചില സിനിമകൾ അങ്ങനെയാണ്. കളക്ഷനിലുണ്ടായിരുന്നിട്ടും ഒരു കാരണവുമില്ലാതെ നമ്മൾ കാണാതെ മാറ്റിവെക്കും. പിന്നീട് എപ്പോഴെങ്കിലും മറ്റൊരു സിനിമയും കാണാനില്ലാത്തപ്പോൾ ഗതികേടുകൊണ്ട് അതെടുത്ത് കാണും. ശേഷം ഭയങ്കര കുറ്റബോധമായിരിക്കും, ഇത്ര നല്ലൊരു സിനിമ നമ്മൾ കാണാൻ വൈകിയല്ലോ എന്നോർത്ത്. ഇതിന് മുൻപ് എനിക്ക് അത്തരമൊരു ഫീൽ തന്ന സിനിമ, സെർജിയോ ലിയോണി സംവിധാനം നിർവ്വഹിച്ചു ക്ലിന്റ് ഈസ്റ്റ്‌വുഡ് നായകനായ ദി ഗുഡ് ബാഡ് അഗ്ലിയായിരുന്നു. പിന്നീട് കുറ്റബോധത്തിന്റെ നെറുകയിലെത്തിയപ്പോൾ അതിന്റെ രണ്ട് പ്രീക്വലുകളും ഒറ്റയിരുപ്പിന് കണ്ടുതീർത്തു. ഇപ്പോൾ അങ്ങനൊരു ഫീലായിരുന്നു അമേരിക്കൻ ബ്യൂട്ടി എന്ന ഈ സിനിമ സമ്മാനിച്ചത്. ദി ഗുഡ് ബാഡ് അഗ്ലിയെപ്പോലൊരു ആക്ഷൻ അഡ്വഞ്ചർ ത്രില്ലർ സിനിമയൊന്നുമല്ലെങ്കിലും ഒരു മനോഹര ഫീൽ ഗുഡ് സിനിമയായിരുന്നു അമേരിക്കൻ ബ്യൂട്ടി. കെവിൻ സ്പെയ്സിയുടെ നരേഷനും അങ്ങേരുടെ അസാധ്യ അഭിനയവുമെല്ലാമായി ഈ ബ്യൂട്ടിയെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഒരു കാലത്തും കാലികപ്രസക്തി നഷ്ടപ്പെടാത്ത ഒരു തീം ചർച്ച ചെയ്യുകയാണ് അമേരിക്കൻ ബ്യൂട്ടി. അമേരിക്കൻ ബ്യൂട്ടിയുടെ തീമിനെക്കുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് മാപ്പിള കത്ത് പാട്ടുകളുടെ മുടിചൂടാമന്നനായിരുന്ന ഗാനരചയിതാവ് എസ്.എ. ജമീലിന്റെ ഒരു പാട്ടാണ്. "അന്നെനിക്കെന്റെ കണ്ണിൽ എന്റെ ഭാര്യ മാത്രമാണ് ലോകത്തിൽ വെച്ചേറ്റം വലിയ സുന്ദരി.. ഇന്നെനിക്കെന്റെ കണ്ണിൽ എന്റെ ഭാര്യയൊഴിച്ച് മറ്റോരോ പെണ്ണും എനിക്ക് സുന്ദരീ.." ഈ പാട്ടെഴുതിയപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ പോലും പിണങ്ങിപ്പോയി എന്നൊരു അഭ്യൂഹവും ഞാൻ കേട്ടിരുന്നു. എന്തായാലും അദ്ദേഹമീ പാട്ടെഴുതിയതിയത് ഒരുപക്ഷെ ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തെ പലരും സ്ത്രീ വിരുദ്ധത ആരോപിച്ച് എടുത്ത് ഉടുത്തേനേ എന്നത് ഉറപ്പാണ്. അതേ, പുരുഷൻ തന്റെ കപടതയ്ക്കുള്ളിൽ അടക്കി വെച്ച അവന്റെയുള്ളിലെ യഥാർത്ഥ പുരുഷന്റെ പ്രതീകമാണ് എസ്.എ. ജമീലിന്റെ പാട്ട് പോലെ ഇതിലെ നായകനും.
■ സാം മെൻഡസ് സംവിധാനം നിർവ്വഹിച്ച കോമഡി ഡ്രാമ ഹോളിവുഡ് ചിത്രമാണ് അമേരിക്കൻ ബ്യൂട്ടി. സാമിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അലൻ ബോളാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കോൺറാഡ് എൽ. ഹാൾ ഛായാഗ്രഹണവും താരീഖ് അൻവറും ക്രിസ്റ്റഫർ ഗ്രീൻബെറിയും ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. തോമസ് ന്യൂമാൻ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ ഭംഗി കൂടിയായപ്പോൾ ചിത്രം അതിമനോഹരമായി മാറി എന്ന് തന്നെ പറയാം..
✍sʏɴᴏᴘsɪs
■ ഒരു മാഗസിനിലെ ഉദ്യോഗസ്ഥനായിരുന്നു 42 വയസ്സുകാരനായ ലെസ്റ്റർ ബേൺഹാം. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ഭാര്യയും പതിനാറുകാരിയായിരുന്ന മകളും അയാളെ ഒരു പരാജിതനായിട്ടായിരുന്നു പരിഗണിച്ചത്. ശരിക്കും ഒരു ദുരന്തനായിരുന്ന അയാൾക്ക് അതിന്റെ യാധൊരു വിധ അഹങ്കാരവുമുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം. ഭാര്യയ്ക്കും മകൾക്കുമിടയിൽ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അയാളൊരു പാവത്താനെപ്പോലെ ജീവിച്ചു, ഏഞ്ചലയെ കണ്ടുമുട്ടുന്നതുവരെ. അയാളുടെ മകൾ ജെയ്‌നിന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു ഏഞ്ചല ഹെയ്‌സ്. സ്കൂളിലെ ചിയർ ഗേൾസിൽ ഒരാളായിരുന്ന ജെയ്‌നിന്റെ ഡാൻസ് കാണാനായി ചെന്നപ്പോഴാണ് ചിയർ ലീഡറായ ഏഞ്ചലയെ ലെസ്റ്റർ കാണുന്നത്. അവളാണ് ആദ്യമായി ലെസ്റ്ററെക്കുറിച്ച് നല്ലൊരു വാക്ക് പറയുന്നത്. അതുവരെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരുന്ന ലെസ്റ്ററിന് ഏഞ്ചല ജീവിക്കാനുള്ള പ്രചോദനമായി മാറുകയാണ്. ഏഞ്ചലയുടെ പ്രശംസയ്ക്ക് വേണ്ടി അയാൾ അടിമുടി മറ്റൊരു മനുഷ്യനായി മാറുകയാണ്. "ഉണ്ടെനിക്കൊരു ചെറു പെൺപുള്ളിമാനെ വേട്ടയാടി കൂട്ടിലിടാൻ പൂതി ഇന്നും ഇപ്പഴും.."
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലെസ്റ്റർ ബേൺഹാം എന്ന നായക കഥാപാത്രമായി അഴിഞ്ഞാടിയിരിക്കുകയാണ് കെവിൻ സ്പെയ്സി എന്ന് തന്നെ പറയാം. യൂഷ്വൽ സസ്പെക്റ്റ്സിലെ വെർബലിനെയും സെവനിലെ ജോൺ ഡോയെയുമൊക്കെ മാസ്മരികമായ അവതരിപ്പിച്ച കെവിന്റെ പ്രകടനത്തിൽ ഒട്ടും അത്ഭുതമില്ല. ലെസ്റ്ററുടെ അയൽക്കാരന്റെ മകൻ, റിക്കി ഫിറ്റ്‌സായി അഭിനയിച്ച വെസ് ബെന്റ്ലിയാണ് ശരിക്കും അത്ഭുതപ്പെടുത്തിയത്. ജെയ്ക്ക് ഗില്ലൻഹാലിനെയാണ് വെസ് ഓർമ്മിപ്പിച്ചത്. റിക്കിയുടെ അച്ഛൻ കേണൽ ഫ്രാങ്ക് ഫിറ്റ്സിനെ അവതരിപ്പിച്ച ക്രിസ് കൂപ്പറും ഗംഭീരമായിരുന്നു. മെന സുവാരിയാണ് ഏഞ്ചല ഹെയ്‌സിന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ലെസ്റ്ററിന്റെ മകൾ, ജെയ്‌നായി തോറ ബിർച്ചും ഭാര്യ കരോളിനായി അന്നേറ്റ് ബെനിങ്ങും അഭിനയിച്ചിരിക്കുന്നു. പീറ്റർ ഗല്ലാഗർ (ബഡി കെയ്ൻ), അല്ലിസൺ ജാനി (ബാർബറ ഫിറ്റ്സ്), സ്കോട്ട് ബകൂല (ജിം ഒൽമെയെർ), സാം റോബേർഡ്‌സ് (ജിം ബെർക്കിലി), ബാരി ഡെൽ ഷെർമാൻ (ബ്രാഡ് ഡുപ്രീ), ആമ്പർ സ്മിത്ത് (ക്രിസ്റ്റി കെയ്ൻ), തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച നടൻ (കെവിൻ സ്പെയ്സി), മികച്ച സംവിധായകൻ (സാം മെൻഡസ്), മികച്ച തിരക്കഥാകൃത്ത് (അലൻ ബോൾ), മികച്ച ഛായാഗ്രാഹകൻ (കോൺറാഡ് എൽ. ഹാൾ) എന്നിവയ്ക്കുള്ള അഞ്ച് ഓസ്കാർ പുരസ്കാരങ്ങളായിരുന്നു അമേരിക്കൻ ബ്യൂട്ടി വാരിയെടുത്തത്. ലോലിത എന്ന് കുപ്രസിദ്ധി നേടിയ ആമി ഫിഷറുടെ വിചാരണയിൽ നിന്നും ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് അലൻ ഒരു നാടകത്തിന് വേണ്ടി എഴുതിയതായിരുന്നു അമേരിക്കൻ ബ്യൂട്ടിയുടെ കഥ. ഈ തീമിലുള്ളൊരു നാടകം വിജയമാവുമോ എന്ന സംശയത്തിൽ അവസാനം അലൻ അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സിനിമയ്ക്കുവേണ്ടി തന്റെ കഥ അലൻ പരിഷ്‌ക്കരിച്ചെഴുതിയതാണ് അമേരിക്കൻ ബ്യൂട്ടി. ആമി അവളുടെ പതിനേഴാമത്തെ വയസ്സിൽ മധ്യവയസ്കനായ തന്റെ കാമുകന്റെ ഭാര്യയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു അറസ്റ്റിലാവുകയായിരുന്നു. പിൽക്കാലത്ത് അവർ എഴുത്തുകാരിയും നടിയുമായി.
8.3/10 . IMDb
88% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ