ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Article 15


Article 15 » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ യഥാർത്ഥ ഇന്ത്യയുടെ വാർപ്പ് മാതൃക വളരെ കൃത്യമായി വരച്ചു കാണിച്ച സിനിമ. ഉച്ചനീചത്വങ്ങളുടെയും  അയിത്തങ്ങളുടെയും ചരിത്രമല്ല ഇതിൽ പറയുന്നത്. വർത്തമാനമാണ്. ഭാവിയും ചിലപ്പോൾ ഇങ്ങനെ തന്നെയായിരിക്കും. ജാതീയതയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെ പരാതി പറയുമ്പോൾ എടുത്തലക്കാൻ ഉളുപ്പില്ലാതെ പ്രയോഗിക്കുന്ന "ഇരവാദം" എന്ന ദണ്ഡ് നിങ്ങളുടെയുള്ളിലെ ആ ജാതിവാദിയെ അല്ലെങ്കിൽ വർഗ്ഗീയവാദിയെ വെള്ളപൂശാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ നിങ്ങൾക്ക് തെറ്റി, അതിപ്പോഴും വ്യക്തമായി തന്നെ കാണാം. "ഞാനൊരു.. യല്ല, പക്ഷേ.. എന്നാലും പറയട്ടെ" എന്നും പറഞ്ഞ് തുടങ്ങുന്നവരെയാണ് മൂർഖൻ പാമ്പിനേക്കാൾ നമ്മൾ ഭയക്കേണ്ടത്. കാരണം, മൂർഖൻ വിഷമാണെന്ന് നമുക്ക് ആദ്യമേ തന്നെ അറിയാമല്ലോ. ജാതിയും മതവും നോക്കി തല്ലലും കൊല്ലലും പതിവാക്കിയ ഈ ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണോ നിങ്ങൾ നാനാത്വത്തിലെ ഏകത്വം എന്ന് വിളിച്ചു അഭിമാനം കൂറുന്നത്? തന്റെ ഭരണഘടന ഒരുതരത്തിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയോ അരികുവല്‍ക്കരിക്കപ്പെട്ട ജനതയെയോ സഹായിക്കുന്നില്ല എന്ന കാരണത്താല്‍ അത് ഞാൻ കത്തിക്കുമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഡോ. അംബേദ്കർ ജീവിച്ചു മരിച്ചു പോയ മണ്ണാണിത്. സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 15ൽ പ്രഖ്യാപിക്കുന്നു. എന്നിട്ടിവിടെ ജാതീയതയും വംശീയതയും വർഗ്ഗീയതയും നടക്കുന്നില്ലേ. അവന്റെ ജാതിയും മതവും നോക്കി ഇല്ലാതാക്കാൻ ശ്രമിച്ചില്ലേ. ഈശ്വരൻ ഇരിക്കുന്ന ഇടമെന്നു വിശ്വസിച്ച അവിടെ വെച്ച് തന്നെ അവളുടെ മതത്തിന്റെ പേരിൽ നിങ്ങൾ പിച്ചിചീന്തിയില്ലേ. ഒരു കഷ്ണം ഇറച്ചിയുടെ പേരിൽ നിങ്ങൾ അവരെ തല്ലിക്കൊന്നില്ലേ. പട്ടിണി കിടന്നവൻ ഒരൽപ്പം ഭക്ഷണ സാധനങ്ങൾ എടുത്തു എന്ന് പറഞ്ഞു നിങ്ങളവനെ കൈകൾ ബന്ധിച്ചു മർദ്ദിച്ചു കൊന്നില്ലേ. അവന് മുൻപിൽ നിന്ന് സെൽഫിക്ക് പോസ് ചെയ്തു ചിരിച്ചില്ലേ നിങ്ങൾ. ഇനി പറ, ഈ ഇന്ത്യയിൽ ജാതീയത ഇല്ല എന്ന്. ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാം ഒന്നാണെന്ന്. ദുഃഖമുണ്ടാവും പലർക്കും അധഃകൃത വിഭാഗത്തിന്റെ സഹനങ്ങൾ കാണുമ്പോൾ പ്രതികരിക്കണമെന്ന് തോന്നിയാലും സ്വന്തം സെയ്ഫ് സോൺ കടന്ന് ഹീറോയായി സ്വന്തം തടി കേടാക്കാൻ ഒരാളും ഒരുക്കമല്ല, കാരണം ഇത് സിനിമയല്ലല്ലോ. ഹീറോയാവണ്ട, ഹീറോ വരുന്നതുവരെ കാത്തിരിക്കാതിരുന്നുകൂടെ. എപ്പോഴും പറയാൻ ഒരു അതിഥി കൂടെയുണ്ടാവണമെന്നില്ലല്ലോ.


■ അനുഭവ് സിൻഹ സംവിധാനം നിർവ്വഹിച്ച ക്രൈം ഡ്രാമാ ബോളിവുഡ് ചിത്രമാണ് ആർട്ടിക്കിൾ 15. അനുഭവിനെ അറിയാത്തവർക്ക്, ഷാരൂഖ് ഖാനെ ആദ്യമായി ഒരു സൂപ്പർ ഹീറോ ആയി അവതരിപ്പിച്ച രാ.വൺ എന്ന സിനിമയുടെ സംവിധായകൻ. ഗൗരവ് സോളങ്കിയും സംവിധായകൻ അനുഭവ് സിൻഹയും ചേർന്നാണ് തിരക്കഥ രചിരിക്കുന്നത്. ഇവാൻ മുല്ലിഗൻ സിഎം ഛായാഗ്രഹണവും യഷ രാംചന്ദാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മങ്കേഷ് ദഡ്‌കെയാണ് അതിമനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിലെ മനോഹരങ്ങളായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനുരാഗ് സൈക്യ, പിയൂഷ് ശങ്കർ, ഡെവിൻ പാർക്കർ, ജിൻജർ എന്നിവരാണ്.


✍sʏɴᴏᴘsɪs               

■ പുതിയ ഡെപ്യൂട്ടി ജില്ലാ പോലീസ് മേധാവിയായി അയാൻ രഞ്ജൻ ഐപിഎസ് ലാൽഗാവോൺ ഗ്രാമത്തിലേക്കെത്തുന്നു. സഹപ്രവർത്തകരും മറ്റും നൽകിയ ഊഷ്മളമായ സ്വീകരണങ്ങൾക്കിടയിലും അയാൾ ശ്രദ്ധിച്ചത് അവിടെയുള്ള ജാതി വിവേചനങ്ങളായിരുന്നു. താഴ്ന്ന ജാതിയിലുള്ളവർ തരുന്ന വെള്ളം പോലും എടുത്ത് കുടിക്കരുത് എന്ന് കേട്ട അയാൾ അന്യഗ്രഹത്തിൽ നിന്നും വന്ന ഏതോ അപൂർവ്വ ജീവിയെപ്പോലെ അന്ധാളിച്ചു നിന്നു. കാരണം, അയാൾ ജീവിച്ചതും പഠിച്ചതും കൂടുതലും ഇന്ത്യയ്ക്ക് പുറത്തായിരുന്നു. അനേക സംസ്കാരങ്ങളുള്ള ഒരു ഐക്യപ്പെട്ട സമൂഹം എന്ന് തന്റെ രാജ്യത്തിനെക്കുറിച്ച് ഊറ്റംകൊള്ളുന്നതിനിടയിൽ ഇന്ത്യ എന്ന മഹാരാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ജാതി - മത - വർഗ്ഗ - രാഷ്ട്രീയ വിവേചനമെന്ന ക്യാൻസറിനെ അയാൾ കണ്ടതേയില്ലായിരുന്നു. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിൽ ഇപ്പോഴും സജീവമായി നിലനിന്നുകൊണ്ടിരിക്കുന്ന ജാതീയതയും മതവിവേചനവും അയാൾ ആദ്യം നിഷ്ക്രിയനായി നോക്കി നിന്നു. "ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോ" എന്ന് പറഞ്ഞു മാറിനിൽക്കുന്ന അതേ നമ്മളെപ്പോലെ. പിറ്റേന്ന് പുലർച്ചെ താഴ്ന്ന ജാതിയിലുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ ലാൽഗാവോണിലെ ഒരു വൃക്ഷത്തിൽ കണ്ടെത്തി. മൂന്നാമതൊരു പെൺകുട്ടിയെ കാണാനില്ലായിരുന്നു. ദുരഭിമാന കൊലയെന്ന് മറ്റുപൊലീസുകാരുടെ സ്വാധീനത്തിൽ വീണ അയാളും വിധിയെഴുതുന്നു, പല സംശയങ്ങളും അയാളിൽ അവശേഷിക്കുന്നുണ്ടായിരുന്നെങ്കിലും. പക്ഷേ, ഇതൊന്നും അയാളെ ബാധിക്കുന്ന കാര്യമല്ലല്ലോ. അങ്ങനെ നിത്യേനയുള്ള ഫോൺ വിളിക്കിടയിൽ പ്രസ്തുത കേസിനെക്കുറിച്ച് സൂചിപ്പിക്കുന്ന അയാനോട് ഒരു ആക്റ്റിവിസ്റ്റ് കൂടിയായ അയാളുടെ ഭാര്യ അദിതി അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ അന്ധാദുനിലെ അഭിനയത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ആയുഷ്മാൻ ഖുറാനായാണ് അയാൻ രഞ്ജൻ ഐപിഎസ് എന്ന നായക വേഷത്തിലെയിരിക്കുന്നത്. അന്ധാദുനിലെ അഭിനയത്തിന് ആയുഷ്മാനു അവാർഡിന് അർഹതയുണ്ടോ എന്നുള്ളത് എനിക്ക് തന്നെ സംശയമുണ്ടെങ്കിലും അയാൻ രഞ്ജൻ എന്ന കഥാപാത്രത്തിനായിരുന്നു ആ അവാർഡ് എങ്കിൽ ഒരുപാട് തൃപ്തികരമായിരുന്നേനെ. ഇഷാ തൽവാറാണ് അയാന്റെ ഭാര്യ അതിഥിയായി അഭിനയിച്ചിരിക്കുന്നത്. സ്ക്രീൻ പ്രെസൻസ് വളരെ കുറവായിരുന്നെങ്കിലും അതിഥി അതിശക്തയായ കഥാപാത്രമായിരുന്നു. സയാനി ഗുപ്ത ഗോരയെന്ന മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. നാസർ സിബിഐ ഓഫീസർ പണിക്കരുടെ വേഷത്തിലുമെത്തിയിരിക്കുന്നു. കുമുദ് മിശ്ര (കിസാൻ ജാടവ്), മനോജ്‌ പഹ്വ (ബ്രഹ്മദത്ത് സിങ്), രൊഞ്ജിനി ചക്രബർത്തി (ഡോ. മാലതി റാം), മുഹമ്മദ്‌ സീഷൻ അയൂബ് (നിഷാദ്), വീൺ (അൻഷു നഹാരിയ), ആശിഷ് വർമ്മ (മായങ്ക്), സുശീൽ പാണ്ഡെ (നിഹാൽ സിങ്), കപിൽ തിഹാരി (പ്രമോദ് യാദവ്), ആകാശ് ദാബടെ (സത്യേന്ദ്ര റായ്), ശുഭ്രജ്യോതി ഭരത് (ചന്ദ്രബൻ), എസ സുംബൽ തൗഖീർ (അമാലി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഇന്ത്യയിലെ മത-ജാതി-വർഗ്ഗ -രാഷ്ട്രീയ വ്യവസ്ഥയെ പൊതുനിരത്തിലിട്ട് വിചാരണ ചെയ്ത, നിശിതമായി വിമർശിച്ച ഈ ഒരു ചിത്രം എങ്ങനെ കൂടുതൽ വെട്ടുകളില്ലാതെ ഇന്ത്യൻ സെൻസർ ബോർഡിനെ കടന്നു തിയറ്ററുകളിലെത്തി എന്ന അത്ഭുതം ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. അതും യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സിനിമ പരസ്യമായി പറയുമ്പോഴും. മധുവിനോടും ആസിഫയോടും അഖ്ലാഖിനോടും ജുനൈദിനോടുമൊക്കെ ഒരിക്കൽ കൂടി നമുക്ക് മാപ്പപേക്ഷിക്കാം. ഇന്ത്യയെന്ന മഹാരാജ്യം ലജ്ജിച്ചു തല കുനിച്ചു നിൽക്കുന്നു നിങ്ങൾക്ക് മുൻപിൽ..





8.4/10 . IMDb
89% . Rotten Tomatoes





                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...