The Pursuit Of Happyness » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഈ സിനിമ കണ്ടതിന് ശേഷം രസതന്ത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠൻ ആശാരിയുടെ മാനസിക സംഘർഷമായിരുന്നു അനുഭവിച്ചത്. വാരണം ആയിരത്തിലെ സൂര്യയുടെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "നാൻ ഇത് സൊല്ലിയേ ആവണം. ഇന്ത പടം.. അവളോ അഴക്.." ജീവിതത്തിൽ ഒരു വിജയവും നേടാൻ കഴിഞ്ഞില്ല എന്നും കരുതി മനസ്സ് മരവിച്ചിരിക്കുന്നവർക്ക് ഏറ്റവും വലിയൊരു പ്രചോദനമാണ് ഈ സിനിമ. ഒരാളുടെ ജീവിത കഥ, പ്രണയമോ സെക്സോ വയലൻസോ ക്രൈമോ ഇല്ലാതെ തന്നെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ഹോളിവുഡ് സിനിമ; "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" കാണുന്നതുവരെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അമേരിക്കയിലെ മികച്ച ഒരു സംരംഭകനായ ക്രിസ് ഗാർഡ്നറുടെ ജീവിത കഥയായ "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" ആസ്പദമാക്കി സ്റ്റീവൻ കൊൺറാഡ് തിരക്കഥയെഴുതി ഗബ്രിയേലെ മുച്ചിനൊ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ ക്രിസ് ഗാർഡ്നർ, ബോൺ ഡെൻസിറ്റി സ്കാനർ എന്ന ഉപകരണം ഡോക്ടർമാർക്ക് കൊണ്ടുപോയി വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു സാധാരണ സെയിൽസ്മാൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന അദ്ദേഹത്തിന് വീട്ടുവാടക പോലും നേരത്തിന് കൊടുക്കാൻ സാധിച്ചിരുന്നില്ല. ഭാര്യ ലിൻഡയും അഞ്ചുവയസ്സുള്ള മോനുമടങ്ങുന്ന കൊച്ചു കുടുംബം സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടിക്കഴിയുന്നു. അതിനിടയ്ക്കാണ് വാൾസ്ട്രീറ്റിലെ സ്റ്റോക്ക്മാർക്കെറ്റിങ് സ്ഥാപനമായ ഡീൻ വിറ്റെർ റെയ്നോൾഡ്സ് കമ്പനി ക്രിസ് ഗാർഡ്നറുടെ ശ്രദ്ധയിൽപ്പെടുന്നത്. സ്ഥാപനത്തിൽ നിന്നിറങ്ങുന്നവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയും സംതൃപ്തിയും സന്തോഷവും മാത്രം കാണുന്ന ഗാർഡ്നർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അവിടെ വെച്ച് സ്ഥാപനത്തിന്റെ മാനേജർ ജയ് ട്വിസിലിനെ ഗാർഡ്നർ പരിചയപ്പെടുന്നു. ട്വിസിലിന്റെ കൈയ്യിലെ റൂബിക്സ് ക്യൂബ് കറക്റ്റ് ചെയ്യുന്ന ഗാർഡ്നർ മിനുട്ടുകൾ കൊണ്ട് ട്വിസിലിനെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നു. അങ്ങനെ ഗാർഡ്നറെ ട്വിസിൽ കമ്പനിയിലേക്കുള്ള ഇന്റർവ്യൂന് ക്ഷണിക്കുന്നു. പക്ഷേ ഗാർഡ്നറുടെ കഷ്ടകാലം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. സാമ്പത്തിക അസന്തുലിതാവസ്ഥയിൽ മനം മടുത്ത് ഭാര്യ ലിൻഡ ഗാർഡ്നറെ ഉപേക്ഷിക്കുന്നു. വൻ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെങ്കിലും മകൻ ക്രിസ്റ്റഫറിനെ താൻ തന്നെ സംരക്ഷിക്കുമെന്ന് ഗാർഡ്നർ ശാഠ്യം പിടിക്കുന്നു. ഇന്റർവ്യൂവിൽ വിജയിച്ചെങ്കിലും ശമ്പളമില്ലാത്ത ഇരുപത് ഇന്റേണുകൾ വിജയകരമായി പൂർത്തിയാക്കിയാലേ ജോലി സ്ഥിരമാകുമായിരുന്നുള്ളൂ. അതിനിടക്ക് ഗാർഡ്നറുടെ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന ഒരച്ഛന്റെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു പിന്നീട്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ക്രിസ് ഗാർഡ്നറായി അഭിനയിച്ചിരിക്കുന്നത്.. ക്ഷമിക്കണം, ആ വാക്കിനെക്കാളും നല്ലത് ക്രിസ് ഗാർഡ്നറായി "വിൽ സ്മിത്ത്" ജീവിച്ചു എന്ന് പറയുന്നതാണ്. അക്ഷരാർത്ഥത്തിൽ വിൽ സ്മിത്തിന്റെ ഏറ്റവും മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ" ക്രിസ് ഗാർഡ്നറുടെ കഥാപാത്രം. ചിത്രത്തിലെ ഇമോഷണൽ സീനുകളിലൊക്കെ വിൽ സ്മിത്ത് പ്രേക്ഷകരുടെ കണ്ണ് നിറച്ചതിനു കണക്കില്ല. പ്രത്യേകിച്ച് ആ റെയിൽവേ പ്ലാറ്റ്‌ഫോമിലെ ടോയ്‌ലറ്റ് സീൻ എടുത്ത് പറയണം. ക്രിസ് ഗാർഡ്നറുടെ മകൻ ക്രിസ്റ്റഫറായി അഭിനയിച്ചിരിക്കുന്നത് വിൽ സ്മിത്തിന്റെ തന്നെ മകനായ "ജെയ്ഡൻ സ്മിത്ത്" ആണ്. ജെയ്ഡന്റെ ഹോളിവുഡിലെ അരങ്ങേറ്റമായിരുന്നെങ്കിലും കുഞ്ഞു ജെയ്ഡനും അപാര പെർഫോമൻസായിരുന്നു, അച്ഛന് പിറന്ന മകൻ. താന്റീ ന്യൂട്ടൺ (ലിൻഡ ഗാർഡ്നർ), ബ്രയാൻ ഹോ (ജയ് ട്വിസിൽ), ഡാൻ കാസെലനേറ്റ (അലൻ ഫ്രകേഷ്), ജെയിംസ് കാരൻ (മാർട്ടിൻ ഫ്രം), കുർട്ട് ഫുല്ലെർ (വാൾട്ടർ റിബ്ബൺ), തകയോ ഫിഷർ (മിസ്സിസ് ചു) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■ ഫെഡൻ പാപ്പാമൈക്കലാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വിൽ സ്മിത്തിന്റെ റണ്ണിങ് സീനുകളൊക്കെ കിടിലോൽസ്കിയായിരുന്നു.
■ ഹ്യൂഗ്സ് വിൻബോണാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ ആൻഡ്രി ഗുർറയുടേതാണ് ചിത്രത്തിലെ മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും. ഇമോഷണൽ സീനുകളിലെ ബിജിഎം ശരിക്കും ഹൃദയത്തിൽ തട്ടുന്ന തരത്തിലുള്ളതായിരുന്നു.
📎 ʙᴀᴄᴋwᴀsʜ
■ ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ പെർഫോമൻസിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും തലനാരിഴക്കായിരുന്നു നഷ്ടമായത്. മകൻ ജെയ്ഡൻ സ്മിത്തിനെ പല അവാർഡ് ജൂറികളും ഭാവിയുടെ വാഗ്ദാനമായി വാഴ്ത്തി..
8/10 . IMDb
67% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ