𝐓𝐫𝐢𝐚𝐧𝐠𝐥𝐞 » ᴇxᴘʟᴀɪɴᴇᴅ
■ പ്രീഡെസ്റ്റിനേഷൻ, ഷട്ടർ ഐലന്റ്, ഡാർക്ക് തുടങ്ങി ഒരുപാട് തലതിരിഞ്ഞ സിനിമകൾക്കും സീരീസുകൾക്കും എക്സ്പ്ലനേഷൻ നൽകിയിട്ടുണ്ടെങ്കിലും എക്സ്പ്ലനേഷൻ എന്നത് വലിയൊരു കടമ്പയായി തോന്നിയത് ട്രയാംഗിൾ എന്ന സിനിമയ്ക്ക് മുൻപിലാണ്. ട്രയാംഗിൾ എന്ന മൂന്ന് രേഖകൾ ഒന്നിക്കുമ്പോഴുണ്ടാകുന്ന ത്രികോണം പോലെ തന്നെ ഈ സിനിമയും ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്ന് തുടങ്ങുന്ന ഒരിക്കലും അവസാനിക്കാത്ത കൺസപ്റ്റുമായിട്ടാണ് വന്നിട്ടുള്ളത് എന്നതാണ് ശരിക്കും മനുഷ്യനെ വട്ടാക്കുന്നത്. ടൈം ട്രാവൽ എന്ന സയൻസ് ഫിക്ഷനോട് പോലും താരതമ്യം ചെയ്യാൻ സാധിക്കാത്ത ഫാന്റസി ത്രില്ലെർ അല്ലെങ്കിൽ സൈക്കോളജിക്കൽ ത്രില്ലെർ ജോണറിൽ പെടുന്നത് ആയതുകൊണ്ട് തന്നെ ലോജിക്കുമായി ചേർത്തുപറയാൻ സാധിക്കില്ല എന്ന് കരുതിയിടത്തുനിന്നും തുടങ്ങുകയാണ്. ഒരു ടൈം ലൂപ് മൂവിക്കാണ് എക്സ്പ്ലനേഷൻ നൽകാൻ ശ്രമിക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ ബട്ടർഫ്ലൈ എഫെക്ട്, ലൂപ്പർ, സോഴ്സ് കോഡ്, ടൈം ക്രൈംസ് തുടങ്ങിയ ടൈം ലൂപ്പ് സിനിമകളുമായി പലരും വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ തല വെക്കുന്നു. ട്രയാംഗിൾ എന്ന അവസാനിക്കാത്ത ത്രികോണം.
■ ക്രിസ്റ്റഫർ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഫാന്റസി സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലെർ ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ ചിത്രമാണ് ട്രയാംഗിൾ. റോബർട്ട് ഹംഫ്രീസ് ഛായാഗ്രഹണവും സ്റ്റുവർട്ട് ഗസ്സാർഡ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കൂടുതലും സമുദ്രത്ത്രോപരിതലത്തിലെ ഒരു കപ്പലിൽ നടക്കുന്ന ഒരു കഥയിൽ ഇത്രയധികം സുന്ദരമായ ഫ്രയിമുകൾ കൊണ്ടുവരാൻ സാധിച്ച റോബെർട്ടിനെ എങ്ങനെ അഭിനന്ദിക്കണം എന്ന് പിടിയില്ല. ഇന്ത്യൻ റുപ്പീയിൽ പ്രിത്വി തിലകനോട് ചോദിച്ച പോലെ "എവിടെയായിരുന്നു ഇത്രയും കാലം.." ആകാശത്തിലൂടെ പറവകൾ പറക്കുന്ന സീനുകളിലൊക്കെ സ്വന്തം തലയിൽ നിന്നും കിളികൾ പാറുന്ന അതേ ഫീലായിരുന്നു. തല തിരിക്കുന്ന സിനിമയ്ക്ക് അതിനോട് ചേർന്നു പോവുന്ന മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയ ക്രിസ്റ്റ്യൻ ഹെൻസണ് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
✍sʏɴᴏᴘsɪs
■ ജെസ് എന്നൊരു യുവതി ഫ്ലോറിഡ തുറമുഖത്ത് നിന്നും തന്റെ സുഹൃത്ത് ഗ്രെഗിനും അവന്റെ സുഹൃത്തുക്കളായ സാലി, ഡൗണി, ഹെതർ, വിക്ടർ എന്നിവർക്കുമൊപ്പം ട്രയാംഗിൾ എന്നൊരു ബോട്ടിൽ ഒരു സമുദ്ര യാത്ര പുറപ്പെടുകയാണ്. തന്റെ ഓട്ടിസ്റ്റിക്കായ മകൻ ടോമിയെയും കൂട്ടിയായിരിക്കും വരിക എന്നായിരുന്നു ജെസ് അറിയിച്ചിരുന്നതെങ്കിലും ടോമിയില്ലാതെ വന്ന അവൾ, ടോമി സ്കൂളിൽ പോയി എന്ന കാരണമായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞത്. ജെസിന്റെ പെരുമാറ്റത്തിൽ വിക്ടറിന് ആദ്യമേ പന്തികേട് തോന്നിയിരുന്നുതാനും. ബോട്ടിലുള്ള മനോഹര കടൽ യാത്രയ്ക്ക് വളരെ കുറച്ചു നേരത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് വന്ന കൊടുങ്കാറ്റിലും പേമാരിയിലും പെട്ട് അവരുടെ ബോട്ട് മുങ്ങുകയാണ്. ഹെതറിനെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നഷ്ടപ്പെട്ടു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ജെസ്, സാലി, ഡൗണി, വിക്ടർ എന്നിവർ മറിഞ്ഞ ബോട്ടിന്റെ പുറംഭാഗത്ത് എങ്ങനെയോ കയറിപ്പറ്റി നിൽക്കുമ്പോഴാണ് 'എയോലസ്' എന്ന പേരിലുള്ളൊരു കപ്പൽ അതുവഴി വരുന്നത്. രക്ഷപ്പെടാം എന്ന ശുഭപ്രതീക്ഷയോടെ അവർ കപ്പലിന്റെ മുകൾ ഭാഗത്ത് കണ്ട ഒരു അപരിചിതനിലേക്ക് കൈവീശി..
ഇതാണ് ട്രയാംഗിൾ എന്ന സിനിമയുടെ ചെറിയ സംഗ്രഹം. ഇനിയുള്ള കഥയിലേക്കും എക്സ്പ്ലനേഷനിലേക്കും കടക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞും നിങ്ങൾ കേട്ടും ബോറടിച്ച ആ പഴയ പല്ലവിയിലേക്ക്. ട്രയാംഗിൾ എന്ന സിനിമ കാണാത്തവർ ഇനിയുള്ളവയിലേക്ക് തലവെക്കാതിരിക്കുക.
ⓈⓅⓄⒾⓁⒺⓇⓈ ⒶⒽⒺⒶⒹ 👇
■ എന്താണ് ടൈം ലൂപ്പ്..?
ഒരിക്കൽ നമ്മൾ അനുഭവിച്ച കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും അനുഭവിക്കുന്നതിനെയാണ് ടൈം ലൂപ്പ് എന്ന് പറയുക. സിംപിളായിട്ട്, അല്ലെങ്കിൽ ലോജിക്കലായി പറയുകയാണെങ്കിൽ നമ്മൾ ഒരു കാര്യം ചെയ്യുമ്പോഴോ കാണുമ്പോഴോ കേൾക്കുമ്പോഴോ പറയുമ്പോഴോ ഇതേ സംഭവം നമ്മൾ മുൻപ് ഇതേപോലെ തന്നെ അനുഭവിച്ചതാണല്ലോ എന്നൊരു "തോന്നൽ" നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടല്ലോ. അതുതന്നെയാണ് ലോജിക്കലായിട്ടുള്ള ടൈം ലൂപ്പ്. ടൈം ലൂപ്പ് സിനിമയിലേക്ക് വരുമ്പോൾ അത് സയൻസ് ഫിക്ഷന്റെയും ഫാന്റസിയുടെയും ചുവടുപിടിച്ച് ആവർത്തിച്ചു വരുന്ന സംഭവങ്ങളുടെ ഒരു ചങ്ങലയായി മാറുന്നു. എവിടെ തുടങ്ങി, എവിടെ അവസാനിച്ചു എന്ന് തിരിച്ചറിയാൻ പറ്റാത്തൊരു പ്രഹേളിക. മുൻപ് പ്രീഡെസ്റ്റിനേഷന്റെ എക്സ്പ്ലനേഷനിൽ ഇത് സൂചിപ്പിച്ചിരുന്നു.
■ ട്രയാംഗിൾ എന്ന പേര് കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരിക ലോകത്തെ മുഴുവൻ ഞെട്ടിച്ചു ഇപ്പോഴും കൃത്യമായിട്ടുള്ളൊരു ശാസ്ത്രീയ വിശകലനം സാധ്യമാകാത്ത ദുരൂഹതകൾ ഉറങ്ങുന്ന അതേ ബെർമുഡ ട്രയാംഗിൾ തന്നെയായിരിക്കും. ട്രയാംഗിൾ എന്ന സിനിമയ്ക്ക് ബെർമുഡ ട്രയാംഗിളുമായി എന്തെങ്കിലും ബന്ധമുണ്ടോ..?
ട്രയാംഗിളിന് പ്രത്യക്ഷത്തിൽ ബെർമുഡ ട്രയാംഗിളുമായി യാധൊരു ബന്ധവുമില്ലെങ്കിലും ബന്ധമുണ്ട് എന്ന് തന്നെയായിരിക്കും എന്റെ ഉത്തരം. ട്രയാംഗിൾ എന്ന പേര് വന്നത് ഗ്രെഗിന്റെ ട്രയാംഗിൾ എന്ന ബോട്ടിൽ നിന്നോ ഗ്രീക്ക് മിത്തോളജിയിൽ സിയൂസ് ദേവൻ സിസിഫസിന് പണി കൊടുത്ത ത്രികോണാകൃതിയിലുള്ള പർവ്വതത്തിൽ നിന്നോ ആകാം എന്ന പോലെ തന്നെ സാധ്യതയുള്ളതാണ് ബെർമുഡ ട്രയാംഗിൾ എന്ന ദുരൂഹ പ്രദേശവും. കാരണം, ജെസിന്റെയും സുഹൃത്തുക്കളുടെയും യാത്ര തുടങ്ങുന്നത് ഫ്ലോറിഡ തുറമുഖത്ത് നിന്നാണ്. ഫ്ലോറിഡയിൽ നിന്നും എങ്ങോട്ടായിരുന്നു അവരുടെ യാത്ര എന്നത് വ്യക്തമല്ലെങ്കിലും ബെർമുഡ ട്രയാംഗിളിന്റെ മൂന്ന് കോണുകളിൽ ഒന്നാണ് അമേരിക്കയുടെ ഭാഗമായ ഫ്ലോറിഡയും. ബെർമുഡ, പ്യൂർട്ടാറിക്ക എന്നീ ദ്വീപ് രാഷ്ട്രങ്ങളാണ് മറ്റു രണ്ട് കോണുകൾ. ഇവ മൂന്നും യോജിപ്പിച്ചാൽ കിട്ടുന്ന ത്രികോണം തന്നെയാണ് ചെകുത്താന്റെ ത്രികോണം എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ ബെർമുഡ ട്രയാംഗിൾ.
■ ട്രയാംഗിൾ എന്ന സിനിമയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ത്? ട്രയാംഗിളിന്റെ പ്ലോട്ട് എക്സ്പ്ലനേഷൻ.
ട്രയാംഗിൾ എന്നത് ഒരു ടൈം ലൂപ്പ് സിനിമയാണെന്ന് മുൻപ് പറഞ്ഞത് ഓർമ്മയുണ്ടല്ലോ. പക്ഷെ, ജെസ് എങ്ങനെ ടൈം ലൂപ്പ് അഥവാ അവസാനിക്കാത്ത സമയക്കെണിയിൽ എത്തി? ആദ്യം ട്രയാംഗിളിൽ നമ്മൾ കണ്ട കഥയിലേക്ക് വരാം. രക്ഷപ്പെടാനായി എയോലസ് എന്ന കപ്പലിലേക്ക് കയറുന്ന ജെസ് ആദ്യം തന്നെ സുഹൃത്തുക്കളോട് പറയുന്ന കാര്യം ആ കപ്പൽ തനിക്ക് ഒരുപാട് പരിചിതമായി തോന്നുന്നു എന്നുള്ളതായിരുന്നു. കടലിൽ നഷ്ടപ്പെട്ടുപോയ ഹെതർ കപ്പലിലുണ്ടാകാമെന്ന ചിന്തയിൽ അവർ അവിടം അരിച്ചു പെറുക്കുകയാണ്. ജെസ് താനവിടെ ആരെയോ കണ്ടു എന്ന് സംശയം പ്രകടിപ്പിക്കുമ്പോൾ വിക്ടർ അങ്ങോട്ട് പിന്തുടരുന്നു. ഡൈനിങ് റൂമിലെത്തിയ ജെസിന് പിന്നാലെ ചോരയിൽ കുളിച്ചുകൊണ്ട് വരുന്ന വിക്ടർ അവളെ ആക്രമിക്കുകയാണ്. വിക്ടറുമായുള്ള മൽപ്പിടുത്തത്തിനിടയിൽ തിയറ്ററിൽ നിന്നും വെടിയൊച്ച കേൾക്കുകയാണ്. അവിടെ ചെന്ന് നോക്കിയ ജെസ് കാണുന്നത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന ഗ്രെഗിനെയാണ്. ഒപ്പമുണ്ടായിരുന്ന സാലിയും ഡൗണിയും തന്നെ വെടിവെച്ചത് ജെസ് ആണെന്ന് ഗ്രെഗ് പറഞ്ഞുവെന്ന് ജെസിനോട് പറയുന്നു. അതിനിടയിൽ ഒരു മുഖംമൂടിധാരി അവരെ ആക്രമിക്കുന്നു. സാലിയും ഡൗണിയും അയാളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. ജെസ് അയാളെ പിന്തുടർന്ന് കപ്പലിന്റെ മുകൾ ഭാഗത്തു നിന്നും കടലിലേക്ക് അടിച്ചു വീഴ്ത്തുന്നു. ആ വീഴ്ച്ചയ്ക്കിടയിലും അയാൾ ജെസ്സിനോട് വിളിച്ചു പറയുന്നത് "നിനക്ക് രക്ഷപ്പെടണമെങ്കിൽ കപ്പലിൽ കയറുന്നവരെയെല്ലാം കൊല്ലണം" എന്നായിരുന്നു. മുഖംമൂടിധാരി കടലിലേക്ക് വീഴുന്ന വീഴ്ച്ചയിൽ തന്നെ മറ്റൊരു ജെസും സംഘവും മറിഞ്ഞ ബോട്ടിൽ നിന്നും കപ്പലിലേക്ക് രക്ഷിക്കാനായി കൈവീശുന്ന ദൃശ്യം കാണുമ്പോഴാണ് കടലിൽ വെച്ച് താൻ കപ്പലിന് മുകളിൽ കണ്ട ആ അപരിചിതൻ താൻ തന്നെയായിരുന്നു എന്ന സത്യം ജെസ് മനസ്സിലാക്കുന്നത്. പിന്നാലെ ഗ്രെഗിനെ കൊന്നതും വിക്ടറിന് അപകടം വരുത്തിയതും പിന്നാലെ മുഖംമൂടിധാരിയാവുന്നതുമെല്ലാം താൻ തന്നെയാണെന്ന് ഒരു ഞെട്ടലോടെ ജെസ് മനസ്സിലാക്കുന്നു. തനിക്ക് രക്ഷപ്പെടണമെങ്കിൽ കപ്പലിൽ കയറുന്നവരെയെല്ലാം കൊല്ലണമെന്ന് തിരിച്ചറിയുന്നതോടെ ജെസ് തന്റെ വേട്ട ആരംഭിക്കുന്നു. പക്ഷേ, ഓരോ തവണ ഇത് പൂർത്തീകരിക്കുമ്പോഴേക്കും മറ്റൊരു ജെസും സംഘവും വീണ്ടും കപ്പലിലേക്ക് വരികയാണ്. കടലിൽ വീണ മുഖംമൂടിധാരിയായ ജെസ് അവസാനം തീരത്തടിഞ്ഞു ബോധം തിരിച്ചു കിട്ടുകയാണ്. ബോധം തിരിച്ചു വന്ന അവൾ വീട്ടിലേക്ക് ഓടുകയാണ്. വീട്ടിലെത്തുന്ന ജെസ് തന്റെ മകനെ കുസൃതി കാണിച്ചതിന്റെ പേരിൽ ക്രൂരമായി ശിക്ഷിക്കുന്ന മറ്റൊരു ജെസ്സിനെയാണ് കാണുന്നത്. ദേഷ്യം കയറിയ അവൾ വീട്ടിലുള്ള ജെസ്സിനെ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയാണ്. അവസാനം മരിച്ച ജെസ്സിന്റെ മൃതശരീരവും ബാഗിലാക്കി തന്റെ മകൻ ടോമിനെയും കൊണ്ട് ഫ്ലോറിഡ തുറമുഖത്തേക്ക് അവൾ കാറിൽ കുതിക്കുകയാണ്. ഓട്ടിസ്റ്റിക്കായ മകനെ സമാധാനിപ്പിക്കുന്നതിനിടയിൽ എതിരെ വരുന്ന ട്രക്ക് അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് ജെസും ടോമും സഞ്ചരിച്ച കാർ വൻഅപകടത്തിൽപ്പെടുന്നു. ടോം സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുന്നു. ജെസ്സിന്റെ മൃതശരീരം കൂടെ കാണുന്ന നാട്ടുകാർ അത് അപകടത്തിൽ മരിച്ചതാണെന്ന് തീർച്ചപ്പെടുത്തുന്നു. പക്ഷെ, അപകടത്തിന് കാരണക്കാരിയായ യഥാർത്ഥ ജെസ്സിനെ ഒരു പോറലുമേൽക്കാതെ അപ്പുറത്ത് കാണാം. അവളെ ഒരു ടാക്സി ഡ്രൈവർ സമീപിക്കുകയാണ്. ഒരു റൈഡും അയാൾ ഓഫർ ചെയ്യുന്നു. അങ്ങനെ അവളെയും കൂട്ടി അയാൾ ഫ്ലോറിഡ തുറമുഖത്തെത്തുകയാണ്.
■ കാറിന്റെ മെയിൻ ഗ്ളാസ്സിലിടിച്ചു ചത്ത കടൽക്കാക്കയുടെ ശവം ഉപേക്ഷിക്കുന്നതിനിടയിൽ ജെസ് കാണുന്ന കുന്നുകൂടിക്കിടക്കുന്ന ശവങ്ങളിൽ നിന്നും അവൾ മനസ്സിലാക്കുന്നുണ്ട് താനൊരു ടൈം ലൂപ്പിലാണ് പെട്ടിരിക്കുന്നത് എന്ന്. മാത്രവുമല്ല, മുൻപ് കപ്പലിന്റെ മുകൾ ഭാഗത്തായി കണ്ട സാലിയുടെ മൃതദേഹങ്ങളിൽ നിന്നും വ്യക്തമാകുന്നതും ഇത് ജെസ്സിന്റെ ടൈം ലൂപ്പിന്റെ തുടക്കമല്ല എന്നാണ്. എത്രയോ പ്രാവശ്യം ആവർത്തിച്ചു വന്ന ടൈം ലൂപ്പുകളിൽ ഒന്ന് മാത്രമാണ് പ്രേക്ഷകർ കാണുന്ന ട്രയാംഗിൾ. യഥാർത്ഥ ജെസ്സിന് എന്ത് സംഭവിച്ചു? ആരായിരുന്നു ആ ടാക്സി ഡ്രൈവർ? ട്രയാംഗിളിലെ ലോജിക്ക്.
യഥാർത്ഥ ജെസ് അപകടത്തിൽ മരണപ്പെടുകയാണ്. പക്ഷേ, അത് കൂടുതൽ പേരും വിചാരിക്കുന്ന പോലെ ആ കാർ ആക്സിഡന്റിൽ വെച്ചല്ല. ആ കാർ ആക്സിഡന്റ് പോലും ജെസ്സിന്റെ ടൈം ലൂപ്പിൽ സംഭവിക്കുന്ന ഒന്ന് മാത്രമാവാനേ തരമുള്ളൂ. ജെസ് മരണപ്പെടുന്നത് കൊടുങ്കാറ്റിൽപ്പെട്ടുള്ള ട്രയാംഗിൾ ബോട്ടപകടത്തിലാണ്. പ്രസ്തുത അപകടത്തിൽ കൂടെയുള്ളവരെല്ലാം മരണപ്പെടുകയാണ്, ഹെതർ ഒഴിച്ച്. യഥാർത്ഥത്തിൽ അപകടത്തിൽ കാണാതാവുന്ന ഹെതർ ജീവിതത്തിലേക്കും ബാക്കിയുള്ളവർ മരണമെന്ന കപ്പലിലേക്കുമാണ് നടന്നു കയറുന്നത്. ട്രയാംഗിളിന്റെ കഥ ജെസ്സിന്റെ മരണശേഷമുള്ള ടൈം ലൂപ്പാണ്. സിനിമയുടെ തുടക്കത്തിൽ തന്നെ കടൽത്തീരത്ത് മരിച്ചു കിടക്കുന്ന ജെസ്സിനെ കാണിക്കുന്നത് എത്രപേർ ശ്രദ്ധിച്ചു കാണുമെന്ന് അറിയില്ല. ആ മരണമെന്ന ഉറക്കത്തിൽ നിന്നും അർദ്ധ ബോധാവസ്ഥയിൽ ഉണരുകയായിരുന്നു ട്രയാംഗിൾ എന്ന ബോട്ടിൽ ജെസ്. ജെസ്സിനെ കൂട്ടിക്കൊണ്ടുപോവാൻ വന്ന മരണമായിരുന്നു ആ ടാക്സി ഡ്രൈവർ. തുറമുഖത്ത് ജെസ്സിനെ ഡ്രോപ്പ് ചെയ്യുമ്പോൾ അയാൾ ചോദിക്കുന്നുണ്ട് "നിങ്ങൾ തിരിച്ചു വരുമോ.. ഞാൻ മീറ്റർ ഓഫാക്കാതെ നിങ്ങളെ കാത്തിരിക്കും.." എന്നും. മരണത്തിനോട് താൻ തിരിച്ചുവരുമെന്ന് സത്യം ചെയ്യുന്ന ജെസ് പക്ഷേ, മരണത്തെ കബളിപ്പിച്ചുകൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അവൾക്ക് തന്റെ മകൻ ടോമിനെയെങ്കിലും മരണത്തിൽ നിന്നും രക്ഷിക്കണമായിരുന്നു. ആ തെറ്റിന് മരണം ജെസ്സിന് കൊടുത്ത ശിക്ഷയായിരുന്നു ഈ ടൈം ലൂപ്പ്, സിയൂസ് സിസിഫസിന് കൊടുത്ത അതേ ശിക്ഷ പോലെ..
■ എയോലസ് കപ്പലിൽ വെച്ച് സാലി പറഞ്ഞ ഗ്രീക്ക് മിത്തോളജിയിലെ സിസിഫസും ജെസ്സും തമ്മിലുള്ള ബന്ധമെന്തായിരുന്നു? എന്താണ് സിസിഫസിന്റെ കഥ..?
ഗ്രീക്ക് മിത്തോളജിയിലെ കാറ്റിന്റെ ദേവനായ എയോലസിന്റെ തല തെറിച്ച ഒരു മകനായിരുന്നു സിസിഫസ്. നമ്മുടെ കഥയിലെ കപ്പലിന്റെ പേര് എയോലസ് എന്നായിരുന്നല്ലോ. സിസിഫസും സഹോദരൻ സൽമോനസും തമ്മിലുള്ള ശത്രുത ഗ്രീക്ക് മിത്തോളജിയിൽ പ്രസിദ്ധമാണ്. സിസിഫസ് സൽമോനസിനെ ഒരുപാട് തവണ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. ദേവന്മാരുടെ രാജാവായ സിയൂസിന്റെ ഒരു രഹസ്യം നദികളുടെ ദേവനായ അസോപ്പസിന് ചോർത്തിക്കൊടുത്തതായിരുന്നു സിയൂസ് സിസിഫസിന് ശിക്ഷ വിധിക്കാനുള്ള കാരണം. മരണത്തിന്റെ ദേവനായ തനാത്തോസിനോട് സിസിഫസിനെ നരകത്തിൽ ചങ്ങലയ്ക്കിട്ട് ബന്ധിക്കാനായി കൽപ്പിച്ചു. പക്ഷേ, സിസിഫസ് തനിക്ക് പകരം തനാത്തോസിനെ ചങ്ങലയ്ക്കുള്ളിലാക്കി മരണത്തെ കബളിപ്പിച്ചു രക്ഷപ്പെട്ടു. മരണത്തിന്റെ ദേവൻ ചങ്ങലയ്ക്കുള്ളിലായതോടെ ഭൂമിയിലുള്ള ആരും മരിക്കാതെയായി. ഇതറിഞ്ഞ സിയൂസ് കോപിഷ്ഠനായി സിസിഫസിനുള്ള ശിക്ഷ നേരിട്ട് കൊടുക്കാൻ തീരുമാനിച്ചു. ത്രികോണാകൃതിയിലുള്ള ഒരു കുന്നിലേക്ക് ഉരുണ്ട വലിയൊരു പാറക്കല്ല് ഉരുട്ടിക്കയറ്റാൻ സിസിഫസിനോട് കൽപ്പിച്ചു. പാറ കുന്നിന് മുകളിൽ അനങ്ങാതെ നിന്നാൽ സിസിഫസിന് ശിക്ഷയിൽ നിന്നും രക്ഷപ്പെടാം. പക്ഷേ, അത് അസംഭവ്യമായിരുന്നു. സിസിഫസിന്റെ പാറയുരുട്ടിക്കയറ്റൽ തുടർന്നുകൊണ്ടേയിരുന്നു. ട്രയാംഗിളിലെ നായിക ജെസ്സിന് കിട്ടിയതും സിസിഫസിന് കിട്ടിയതുപോലെയുള്ള അതേ ശിക്ഷയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത ശിക്ഷ.
■ മരണത്തെ കബളിപ്പിച്ചതിന് മാത്രമായിരുന്നോ ജെസ്സിന് ഇത്രയ്ക്കും കഠിനമായ ശിക്ഷ ലഭിക്കാൻ കാരണമായത്? എന്തായിരുന്നു ജെസ്സ് ചെയ്ത പൊറുക്കാനാവാത്ത തെറ്റ്..?
തന്റെ ഓട്ടിസ്റ്റിക്കായ മകനെ ക്രൂരമായി ശിക്ഷിക്കുന്ന കഠിനഹൃദയയായിരുന്ന ഒരു അമ്മയായിരുന്നു ജെസ്സ് എന്നത് പല രംഗങ്ങളും തെളിയിക്കുന്നു. സംഭവ ദിവസം രാവിലെ കൃത്യം 8:17ന് ജെസ്സ് തന്റെ മകൻ ടോമിനെ തറയിൽ മഷിക്കുപ്പി ചിന്തിയ കുറ്റത്തിന് മാരകമായി പ്രഹരിക്കുന്നത് കാണാം. അതിന് ശേഷം ഒരു കറുത്ത ബാഗിൽ മൃതദേഹം നിറച്ചു കാറിന്റെ ഡിക്കിയിൽ കയറ്റുന്നതും കാണാം. അതും സിനിമയുടെ തുടക്കത്തിലും അവസാനത്തിലും. തുടക്കത്തിലെ രംഗത്തിൽ ബാഗിനുള്ളിൽ എന്താണെന്നുള്ളത് വ്യക്തമാകുന്നില്ല. പക്ഷേ, സിനിമയുടെ അവസാനത്തിൽ കാണിക്കുന്ന രംഗത്തിൽ ബാഗിലാക്കുന്നത് ടോമിയെ മാരകമായി ശിക്ഷിക്കുന്ന ജെസ്സിന്റെ തന്നെ മൃതദേഹമാണെന്നത് വ്യക്തമാണ്.
എന്റെ തിയറി എന്താണെന്ന് വെച്ചാൽ, ജെസ്സ് തന്റെ യഥാർത്ഥ ജീവിതത്തിൽ രാവിലെ 8:17ന് ടോമിയെ മാരകമായി പ്രഹരിക്കുന്നതിന്റെ ഫലമായി ടോമി മരിക്കുകയാണ്. മരിച്ച ടോമിയുടെ മൃതദേഹമാണ് ജെസ്സ് ബാഗിലാക്കി കളയാൻ കൊണ്ടുപോവുന്നത്. കടൽക്കാക്കയുടെ ശവം കളയുന്ന സീനിലൂടെ ഉദാഹരണമാക്കിയിരിക്കുന്നത് ജെസ്സ്, ടോമിയുടെ തന്നെ മൃതദേഹം കൊണ്ടുപോയി കളയുന്നതായിട്ടാണ്. ശേഷം തന്റെ കാറിൽ ഹാർബറിലെത്തുന്ന ജെസ്സ് സുഹൃത്തുക്കളുടെ കൂടെ കടൽ യാത്രയ്ക്ക് പോവുന്നു. അപ്പോൾ ജെസ്സിന്റെ മുഖത്ത് കാണുന്ന അർദ്ധബോധാവസ്ഥയും കൺഫ്യൂഷനുമെല്ലാം ജെസ്സിന്റെ തന്നെ കുറ്റബോധത്തെകൂടിയാണ് കാണിക്കുന്നത്. ആ കടൽ യാത്രയ്ക്കിടെയുണ്ടായ ബോട്ടപകടത്തിൽ ജെസ്സും സുഹൃത്തുക്കളും മരിക്കുന്നു. സ്വന്തം മകനെ കൊന്നതിലുള്ള കുറ്റബോധം വേട്ടയാടിക്കൊണ്ടിരുന്ന ജെസ്സിന്റെ മനസ്സ് മകനെ സ്വപ്നത്തിലെങ്കിലും രക്ഷിക്കണമെന്നും സ്നേഹിക്കണമെന്നും താലോലിക്കണമെന്നുമുള്ള ചിന്ത ഉണ്ടാക്കിയെടുക്കുന്നു. ഇതാണ് യഥാർത്ഥ 'ട്രയാങ്കിൾ'..
മുകളിൽ പറഞ്ഞ പല അഭിപ്രായങ്ങളും കണ്ടത്തലുകളുമെല്ലാം എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായങ്ങളും ഊഹങ്ങളുമാണ്. വ്യത്യസ്ത അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും യോജിപ്പുകളുമെല്ലാം കമന്റുകളിലൂടെ അറിയിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ലല്ലോ.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ