Breaking Bad » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരു സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അത് താരതമ്യം ചെയ്യപ്പെടുക തീർച്ചയായും ബ്രേക്കിംഗ് ബാഡ് എന്ന സീരീസുമായിട്ടായിരിക്കും. ബ്രേക്കിങ് ബാഡിന്റെ നിലവാരം നമുക്ക് ഇവിടുന്ന് പോലും ഊഹിക്കാം. സീരീസുകളുടെ കൂട്ടത്തിൽ ബ്രേക്കിങ് ബാഡ് ഇന്നും ഒന്നാം സ്ഥാനത്ത് തുടരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. പതിഞ്ഞ താളത്തിൽ തുടങ്ങി അതിലെ ഓരോരോ ക്യാരക്ടറുകളുടെയും കഥാപാത്രരൂപീകരണം വളരെ ഡീറ്റൈൽഡ് ആയും മനോഹരമായും അവതരിപ്പിച്ചതാവാം ഒരു കാരണം. ബ്രേക്കിങ് ബാഡ് ക്ലൈമാക്സിന്റെ ലോകോത്തര നിലവാരമാവാം മറ്റൊരു കാരണം. മികച്ച രീതിയിൽ തുടങ്ങി പടിക്കൽ കലമുടച്ച പ്രമുഖ സീരീസുകളും ബ്രേക്കിങ് ബാഡിനെ ഒന്നാമത് നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. നായകൻ വാൾട്ടർ വൈറ്റിനോ ജെസ്സി പിങ്ക്മാനോ മാത്രമല്ല, ബ്രേക്കിങ് ബാഡിലെ ഏതൊരു കഥാപാത്രത്തിനും പറയാൻ വ്യത്യസ്ത കഥകളുണ്ട്. അവകളോരോന്നും ബോറടികളില്ലാതെ വ്യക്തമായി തന്നെ വരച്ചിടാൻ ബ്രേക്കിങ് ബാഡിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് സീസണുകളിലായി വരച്ചിട്ട മനോഹരമായ പിക്കാസോ ചിത്രം എന്ന് ഒറ്റ വാക്കിൽ വിളിക്കാം നമുക്ക് ബ്രേക്കിങ് ബാഡിനെ. അമേരിക്കൻ ടെലിവിഷൻ ചാനലായ AMCയിലൂടെ 2008 ജനുവരി 20നാണ് ബ്രേക്കിങ് ബാഡിന്റെ ആദ്യ എപ്പിസോഡ് എയർ ചെയ്യപ്പെടുന്നത്. അന്ന് തൊട്ട് 2013 സെപ്റ്റംബർ 29ന് അഞ്ചാം സീസണിന്റെ അവസാന എപ്പിസോഡ് വരെ ലോക സീരീസ് സാമ്രാജ്യം ബ്രേക്കിങ് ബാഡ് അടക്കി ഭരിച്ചു എന്ന് പറഞ്ഞാൽ അത് തെറ്റായിരിക്കും. കാരണം, അതുകഴിഞ്ഞും ബ്രേക്കിങ് ബാഡ് ഭരണം അവസാനിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ വർഷം ബ്രേക്കിങ് ബാഡ് സീരീസിന് ഫിനാലെ എന്ന നിലയ്ക്ക് എൽ കമീനോ എന്ന പേരിൽ ഒരു ഹോളിവുഡ് സിനിമയും പുറത്തിറങ്ങിയിരുന്നു.
■ വിൻസ് ഗില്ലിഗൻ സൃഷ്ടിച്ച നിയോ നോയിർ ക്രൈം ത്രില്ലർ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ബ്രേക്കിങ് ബാഡ്. ഡേവ് പോർട്ടറാണ് ബ്രേക്കിങ് ബാഡിന്റെ പ്രശസ്തമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അഞ്ച് സീസണുകളിലായി 62 എപ്പിസോഡുകളിലായിരുന്നു ബ്രേക്കിങ് ബാഡ് പ്രദർശിപ്പിക്കപ്പെട്ടത്. എൽ കമീനോ എന്ന ഫിനാലെ ബേസ്ഡ് മൂവിക്ക് പുറമേ സീരീസിലെ മറ്റൊരു കഥാപാത്രമായ സോൾ ഗുഡ്മാനെ കേന്ദ്രകഥാപാത്രമാക്കി ബെറ്റർ കോൾ സോൾ എന്ന പേരിൽ മറ്റൊരു സീരീസും പുറത്തിറങ്ങിയിരുന്നു.
✍sʏɴᴏᴘsɪs
■ ഒരു ഹൈസ്‌കൂൾ കെമിസ്ട്രി അധ്യാപകനായിരുന്ന വാൾട്ടർ വൈറ്റ് പെട്ടെന്നൊരു ദിവസം തനിക്ക് മാരകമായ ശ്വാസകോശസംബന്ധമായ ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നു. മധ്യവയസ്സിലെത്തി നിൽക്കുന്ന താൻ കുടുംബത്തിന് വേണ്ടി യാതൊന്നും സമ്പാദിച്ചിട്ടില്ലെന്നത് അയാളെ വല്ലാതെ നിരാശനാക്കുന്നു. വാൾട്ടറിന് ഇനി ബാക്കി നിൽക്കുന്നത് ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രം. പക്ഷേ, തന്റെ കുടുംബത്തിനെ വാൾട്ടർ ഇതൊന്നുമറിയിക്കാൻ തയ്യാറാവുന്നില്ല. ഇതിനിടയ്ക്ക് വാൾട്ടറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവും DEA ഏജന്റുമായ ഹാങ്ക് ശ്രാഡർ ഒരു മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യാത്രയിൽ വാൾട്ടറിനെയും കൂടെ കൂട്ടുന്നു. അവിടെ വെച്ചാണ് തന്റെ മുൻ വിദ്യാർത്ഥിയും മയക്കുമരുന്നിന് അടിമയുമായിരുന്ന ജെസ്സി പിങ്ക്മാനെ വാൾട്ടർ വീണ്ടും കാണുന്നത്. മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്നിന്റെ ഇടനിലക്കാരനായിരുന്നു ആ സമയത്ത് ജെസ്സി പിങ്ക്മാൻ. രസതന്ത്രത്തിൽ ഒരു ജീനിയസ്സായ വാൾട്ടർ വൈറ്റ് ജെസ്സിയുമായി ചേർന്ന് മെത്ത് പാചകം ചെയ്തു വിൽക്കാൻ ആരംഭിക്കുന്നു. എണ്ണപ്പെട്ട ദിവസങ്ങളോ മാസങ്ങളോ മാത്രം ആയുസ്സിൽ ബാക്കിയുണ്ടായിരുന്ന വാൾട്ടറിന് കൗമാരക്കാരനായ മകനും ഗർഭിണിയായ ഭാര്യയുമടങ്ങുന്ന കുടുംബത്തിനെ തന്റെ മരണത്തിനു ശേഷവും സംരക്ഷിക്കാൻ ആ ഒരു പോംവഴി മാത്രമേയുണ്ടായിരുന്നുള്ളൂ. വാൾട്ടറിന്റെ 98% പരിശുദ്ധമായ നീല ക്രിസ്റ്റൽ മെത്ത് വിപണി കീഴടക്കാൻ വലിയ താമസമുണ്ടായില്ല. ഒരു പാവത്താനായ ഹൈസ്‌കൂൾ അധ്യാപകനിൽ നിന്നും ഹെയ്‌സൻബെർഗ് എന്ന മയക്കുമരുന്ന് മാഫിയ തലവനിലേക്കുള്ള വാൾട്ടർ വൈറ്റിന്റെ പരിണാമമാണ് ബ്രേക്കിങ് ബാഡ് എന്ന ഈ സീരീസ് പറയുന്നത്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ വാൾട്ടർ വൈറ്റ് എന്ന ഹൈസ്കൂൾ അധ്യാപകനിൽ നിന്നും ഹെയ്‌സൻബർഗ് എന്ന മാഫിയ തലവനിലേക്കുള്ള മാറ്റം വളരെ ഉജ്ജ്വലമായി അവതരിപ്പിച്ചിരിക്കുകയാണ് ബ്രയാൻ ക്രാൻസ്റ്റൻ. ലോക സീരീസ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായൊരു മേക്കോവർ കൂടി ഒരുങ്ങുകയായിരുന്നു ബ്രയാനിലൂടെ. വാൾട്ടറുടെ മുൻ വിദ്യാർത്ഥിയും പിന്നീട് ബിസിനസ്സ് പാർട്ട്ണറായി മാറുന്നവനുമായ ജെസ്സി പിങ്ക്മാൻ എന്ന യുവാവിന്റെ വേഷത്തിലെത്തിയിരിക്കുന്നത് ആരോൺ പോളാണ്. ജെസ്സിയാണ് ബ്രേക്കിങ് ബാഡിന്റെ ഫിനാലെ മൂവിയായ എൽ കമീനോയിലെ നായകൻ. പ്രവചനാതീതമായ സ്വഭാവ വിശേഷത്തിനുടമയായ ജെസ്സിയുടെ വേഷം ആരോൺ പോൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വാൾട്ടറിന്റെ ഭാര്യ സ്കൈലർ വൈറ്റായി അഭിനയിച്ചിരിക്കുന്നത് അന്ന ഗുൺ ആണ്. അന്നയുടെ സഹോദരി മരീ ശ്രേയ്ഡറായി ബെറ്റ്സി ബ്രാൻഡും അവരുടെ ഭർത്താവും DEA ഏജന്റുമായ ഹാങ്ക് ശ്രേയ്ഡറായി ഡീൻ നോറിസും വേഷമിട്ടിരിക്കുന്നു. വാൾട്ടറുടെയും സ്‌കെയ്‌ലറുടെയും മകനായി RJ മിറ്റെയും അഭിനയിച്ചിരിക്കുന്നു.
📎 ʙᴀᴄᴋwᴀsʜ
■ ഗോൾഡൻ ഗ്ലോബും പ്രൈം ടൈം എമ്മിയുമടക്കം മികച്ച സീരീസിനുള്ള ധാരാളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് ബ്രേക്കിങ് ബാഡ്. സെറിബ്രൽ പാൾസിയുള്ള ജൂനിയർ വാൾട്ടറിനെ അവതരിപ്പിച്ച RJ മിറ്റെ യഥാർത്ഥ ജീവിതത്തിലും സെറിബ്രൽ പാൾസിയുള്ള ആളായിരുന്നു. ഒരുപാട് മികച്ച സീരീസുകൾ പ്രേക്ഷക ധാരാളിത്തം കാരണം വലിച്ചു നീട്ടി നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന പാഠം ആദ്യമേ തന്നെ മനസ്സിലാക്കിയിരുന്ന ബ്രേക്കിങ് ബാഡിന്റെ സൃഷ്ടാവ് വിൻസ് ഗില്ലിഗൻ സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുക എന്ന പഴഞ്ചൊല്ലിനെ പിൻപറ്റി അഞ്ചാമത്തെ സീസണിൽ തന്നെ സീരീസ് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രേക്കിങ് ബാഡിനെ ഇപ്പോഴും ദി ബെസ്റ്റ് എന്ന് പറയുന്നുണ്ടെങ്കിൽ അതിനുള്ള ഏറ്റവും വലിയൊരു കാരണവും വിൻസ് എടുത്ത ഈയൊരു തീരുമാനമായിരിക്കും.
9.5/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ