1917 » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഓസ്കാർ അവാർഡ് ജൂറിക്ക് അൽപ്പം പാടായിരുന്നു ഈ വർഷം. ഇതിന് മുൻപ് ജൂറി പാടുപെട്ടത് ഒരു പക്ഷേ 1995ലായിരുന്നിരിക്കണം. ജോക്കർ, ജോജോ റാബിറ്റ്, 1917, മാര്യേജ് സ്റ്റോറി, ദി ഐറിഷ്‌മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.. തുടങ്ങി മത്സരിച്ചവയെല്ലാം ഒന്നിനൊന്നു മികച്ചവ. 92 വർഷത്തെഓസ്കാർ ചരിത്രത്തിലാദ്യമായി മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഒരു നോൺ ഇംഗ്ലീഷ് സിനിമയായ പാരസൈറ്റിന്. പാരസൈറ്റ് ഏഷ്യയുടെ അഭിമാനമായി മാറിയപ്പോഴും മികച്ച സിനിമ അതല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷങ്ങളായി മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത് റേസിസവും വർഗ്ഗ വിവേചനവും പ്രമേയമാക്കിയുള്ള ചിത്രങ്ങളായിരുന്നു എന്നത് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. പ്രമേയം ഇത്രയധികം സ്വാധീനിക്കപ്പെട്ടില്ലായിരുന്നെങ്കിൽ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ അർഹിച്ചിരുന്നത് 1917നായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സിനിമയ്ക്കവസാനം "എങ്ങനെ നിങ്ങളീ സിനിമയെടുത്തു" എന്ന ചോദ്യം, മുഴുവൻ പ്രേക്ഷകരുടെയും മനസ്സിലേക്ക് കടത്തിവിട്ട മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയം. ചിന്താവിഷ്ടയായ ശ്യാമളയിൽ സംവിധായക വേഷം കെട്ടി വന്ന ശ്രീനിവാസന്റെ കഥാപാത്രത്തോട് ക്യാമറാമാൻ ചോദിക്കുന്നൊരു ചോദ്യമുണ്ട്. "നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ ക്യാമറ എവിടെ വെക്കണം എന്ന്.." അതിന് ശ്രീനിവാസൻ കൊടുത്ത മറുപടി "നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ" എന്നായിരുന്നു. അന്ന് പൊട്ടിച്ചിരിപ്പിച്ച ആ സീൻ ശരിക്കും അന്വർഥമാവുകയായിരുന്നു 1917ൽ. ഒറ്റ ഷോട്ടിൽ സൃഷ്ടിച്ചൊരു മഹാദ്ഭുതം. അതായിരുന്നു 1917.
■ ഒരു യുദ്ധ സിനിമയെ ഒറ്റ ഷോട്ടിലാക്കി, പക്ഷേ, അതിലെ ഫ്രയിമുകൾക്കോ മറ്റോ യാധൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതിരുന്ന സംവിധായകൻ സാം മെൻഡസിന്റെയും ഛായാഗ്രാഹകൻ റോജർ ഡീകിൻസിന്റെയും തോളിൽ തട്ടി "പഹയാ.. ഇങ്ങള് സുലൈമാനല്ല, ഹനുമാനാണ്.."ന്ന് പറയാൻ തോന്നി. മികച്ച ഛായാഗ്രണത്തിനും വിഷ്വൽ എഫക്ട്സിനുമുള്ള പുരസ്കാരങ്ങൾ കൂടി കൊടുത്തില്ലായിരുന്നില്ലെങ്കിൽ ഓസ്കാർ ജൂറിയെ പ്രേക്ഷകർ മടലെടുത്ത് അടിച്ചേനെ. മേയ്ക്കിങ്ങിൽ ഇജ്ജാതി വിസ്മയം തീർത്ത 1917ന് ബിജിഎം ഒരുക്കിയ തോമസ് ന്യൂമാനും നിരാശപ്പെടുത്തിയില്ല. പൊളി സാനം. സംവിധായകൻ സാം മെൻഡസും ക്രിസ്റ്റി വില്ല്യം കെയ്‌ൻസും തിരക്കഥ രചിച്ചിരിക്കുന്ന 1917ന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ലീ സ്മിത്താണ്. ഇതിലെവിടെ എഡിറ്റിംഗ് എന്ന് നിങ്ങൾക്ക് തോന്നും. പക്ഷേ, അതാണ് ലീ സ്മിത്തിന്റെ പ്രതിഭ വിളിച്ചോതുന്നത്. ഇതിലെ എഡിറ്റിംഗ് പ്രേക്ഷകർക്ക് കാണാനേ സാധിക്കില്ല.
✍sʏɴᴏᴘsɪs
■ ഒന്നാംലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയം. 1917 ഏപ്രിൽ 6. ഉത്തര ഫ്രാൻസിലെ യുദ്ധ മുന്നണിയിൽ നിന്നും ജർമ്മൻ സൈന്യം പിൻവാങ്ങുന്നു. ഇതറിഞ്ഞ സഖ്യ സേനയിലെ ബ്രിട്ടീഷ് സൈന്യം തക്ക സമയം നോക്കി ജർമ്മൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിടുന്നു. പക്ഷേ, യഥാർത്ഥത്തിൽ ജർമ്മൻ സൈന്യം പിൻവാങ്ങിയതല്ലായിരുന്നു. ശത്രുക്കൾക്കായി അവരൊരുക്കിയ വലിയൊരു കെണിയായിരുന്നു ആ നീക്കം. ബ്രിട്ടീഷ് സൈന്യം ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ജർമ്മൻ സൈന്യത്തെ ആക്രമിക്കാനുള്ള നിർദ്ദേശം പോയിക്കഴിഞ്ഞു. ടെലിഫോൺ ലാൻഡ്‌ലൈനുകളൊക്കെ യുദ്ധത്തിൽ വിച്ഛേദിക്കപ്പെട്ടിരുന്നു. അങ്ങനെ 1600 പട്ടാളക്കാരെ മരണക്കെണിയിൽ നിന്നും രക്ഷിക്കാനുള്ള ചുമതല രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഏൽപ്പിക്കുന്നു. വില്യം സ്‌കോഫീൽഡിനെയും ടോം ബ്ലെയ്ക്കിനെയും. ആ 1600 പട്ടാളക്കാരിൽ ടോമിന്റെ ജ്യേഷ്ഠൻ ജോസഫ് ബ്ലെയ്ക്കുമുണ്ടായിരുന്നു. "ജർമ്മൻ സൈന്യത്തെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിയുക" എന്ന ജനറലിന്റെ കത്തുമായി സെക്കന്റ് ബറ്റാലിയന്റെ ചുമതലയുള്ള കേണൽ മക്കൻസിയെ കാണാൻ അവർ രണ്ടുപേരും പുറപ്പെടുന്നു. ക്യാമറയും കൂടെ പോവട്ടെ..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലാൻസ് കോർപ്പറൽ വില്ല്യം സ്‌കോഫീൽഡായി ജോർജ്ജ് മക്കേയും ലാൻസ് കോർപ്പറൽ തോമസ് ബ്ലെയ്ക്കായി ഡീൻ ചാൾസ് ചാപ്മാനും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. റിച്ചാർഡ് മാഡനാണ് ടോമിന്റെ ജ്യേഷ്ഠൻ ജോസഫ് ബ്ലെയ്ക്കിന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ക്യാപ്റ്റൻ സ്മിത്തായി മാർക്ക് സ്‌ട്രോങും ബെനഡിക്റ്റ് കുംബർബാഷ് കേണൽ മക്കെൻസിയായി അതിഥി വേഷത്തിലും എത്തിയിരിക്കുന്നു..
📎 ʙᴀᴄᴋwᴀsʜ
■ ഛായാഗ്രഹണത്തിനും വിഷ്വൽ എഫക്ട്സിനും ഓസ്കാർ നേടിയതിന് പുറമേ മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. തന്റെ മുത്തശ്ശൻ ആൽഫ്രെഡ് മെൻഡസിന്റെ ഒന്നാം ലോക മഹായുദ്ധത്തിലെ അനുഭവക്കുറിപ്പുകൾ പ്രമേയമാക്കിയാണ് സംവിധായകൻ സാം മെൻഡസ് 1917ന് തിരക്കഥ രചിച്ചത്. ഒരൊറ്റ ഷോട്ടിൽ ചിത്രീകരിച്ചു അത്ഭുതപ്പെടുത്തിയ ഈ വിസ്മയ ചിത്രത്തിന് പിറകിൽ 6 മാസത്തെ റിഹേഴ്‌സലിന്റെ കഠിനാദ്ധ്വാനമുണ്ട്. ടോം ബ്ലെയ്ക്കിന്റെ വേഷത്തിന് ആദ്യം പരിഗണിച്ചിരുന്നത് സ്‌പൈഡർമാൻ ഫെയിം ടോം ഹോളണ്ടിനെയായിരുന്നു. ഡേറ്റ് ക്ലാഷ് കാരണം ടോമിന് ആ വേഷം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു..
8.5/10 . IMDb
89% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ