Asur: Welcome To Your Dark Side » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഇന്ത്യയിലെ ഏറ്റവും മികച്ച വെബ്‌സീരീസ്, ഹിന്ദു മിത്തോളജിയെക്കൂടി കൂട്ടിയിണക്കിയുള്ള അത്യപൂർവ്വമായൊരു ക്രൈം ഇൻവെസ്റ്റിഗേഷണൽ സീരീസ് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ കേട്ടാണ് ഞാൻ അസുർ കാണാനിരിക്കുന്നത്. അസുർ കണ്ടുതുടങ്ങുന്നതിന് മുൻപേ തന്നെ ഒരു സുഹൃത്ത് അസുറിന് അടുത്തിറങ്ങിയ ഒരു മലയാള സിനിമയുമായി ഭയങ്കര സാമ്യം തോന്നുന്നു എന്ന കാര്യം സൂചിപ്പിച്ചിരുന്നു. അതുകൂടി മനസ്സിലിട്ട് കൊണ്ടാണ് അസുർ കണ്ടുതീർത്തത്. കണ്ടുതീർത്തപ്പോൾ ആ സുഹൃത്തിന്റെ നിരീക്ഷണം വളരെ ശരിയാണെന്ന് മനസ്സിലായി. ഞാൻ ആദ്യം സംശയിച്ചത് ആ പ്രമുഖ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസിനെയായിരുന്നു. അതാണല്ലോ ശീലം. ആ പ്രമുഖ സിനിമയുടെ പേരാണ് അഞ്ചാം പാതിര. മലയാള സിനിമകൾ പുറത്തൂന്ന് കോപ്പിയടിക്കുന്നു എന്നതാണല്ലോ സർവ്വരും അംഗീകരിച്ച കാര്യം. പക്ഷേ മിഥുന് പകരം ഞാൻ ഇപ്പോൾ സംശയിക്കുന്നത് അസുറിന്റെ തിരക്കഥാകൃത്ത് ഗൗരവ് ശുക്ലയെയാണ്. കാരണം അഞ്ചാം പാതിര ഇറങ്ങിയത് ഈ വർഷം ജനുവരി പത്തിനും അസുറിന്റെ ആദ്യ എപ്പിസോഡ് ഇറങ്ങിയത് മാർച്ച് രണ്ടിനുമാണ്. ഒരേ ജോണറിലുള്ള സിനിമകൾക്ക് സാമ്യത തോന്നുക എന്നുള്ളത് സ്വാഭാവികം തന്നെയാണ്. ദി ഗോഡ് ഫാദർ എന്ന സിനിമ പിന്നീട് ഇറങ്ങിയ അധോലോക സിനിമകളെ സ്വാധീനിച്ചത് പോലെ, അല്ലെങ്കിൽ സൈക്കോ എന്ന ഹിച്ച്കോക്ക് സിനിമ പിന്നീടിറങ്ങിയ സൈക്കോ സീരിയൽ കില്ലർ ജോണറുകളെ സ്വാധീനിച്ചത് പോലെ പ്രമേയങ്ങൾ സ്വാധീനിക്കപ്പെടുക സംഭവിക്കാവുന്ന കാര്യമാണ്. പക്ഷേ സീൻ ബൈ സീൻ സ്വാധീനിക്കപ്പെടുക യാദൃശ്ചികമാണെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഒന്നുകിൽ അഞ്ചാം പാതിരയിൽ നിന്നും കുറച്ചു നല്ല പോയിന്റുകൾ അസുർ എടുത്തു, അല്ലെങ്കിൽ രണ്ടും വേറെ എവിടുന്നോ എടുത്തു. രാജ്യത്തുള്ള സകല സിനിമകൾക്കും സീരീസുകൾക്കും പുറമേ അന്യഭാഷകളിലുള്ള സിനിമകളെയും സീരീസുകളെയും വരെ ഇരുന്ന് ആസ്വദിക്കുന്നവരാണ് നമ്മൾ മലയാളികൾ. എത്ര ഹിന്ദിക്കാർ മലയാള സിനിമ കാണുന്നു എന്നതിനുള്ള ഉത്തരം വളരെ കുറച്ച് എന്നാവുമ്പോൾ കൂടുതൽ അവസരം അസുറിന് തന്നെയാണ്. പണ്ട് അവതാർ ഇറങ്ങിയപ്പോൾ അത് നമ്മുടെ വിയറ്റ്‌നാം കോളനിയുടെ കോപ്പിയടിയാണ് എന്നുള്ള തരത്തിലുള്ള വെറുമൊരു ആരോപണം മാത്രമല്ല. സീൻ ബൈ സീനായുള്ള സാമ്യതകൾ അവസാനത്തിലേക്ക് വെക്കുന്നു. കാരണം സംഗതി സ്‌പോയ്‌ലറാണ്.
■ ആദ്യം അസുറിലേക്ക് വരാം. ആരാണ് അസുരൻ? ആരാണ് ദേവൻ? കുറച്ച് ഹിന്ദു മിത്തോളജി സംസാരിക്കട്ടെ. സപ്തർഷിമാരിൽ ഒരാളായിരുന്ന കശ്യപ മഹർഷിക്കുണ്ടായിരുന്ന അനേകം ഭാര്യമാരിൽ രണ്ടുപേരായിരുന്നു അദിതിയും ദിതിയും. അതിദിക്ക് ജനിച്ച കുട്ടികളെല്ലാം സൽസ്വഭാവികളും നന്മയുള്ളവരുമായിരുന്നു. കാരണം അവർ പിറന്നത് വളരെ നല്ല രാശിയിലായിരുന്നു. അവർ ദേവന്മാർ അല്ലെങ്കിൽ സുരന്മാർ എന്നറിയപ്പെട്ടു. ദിതിക്ക് പിറന്ന കുട്ടികളെല്ലാം ക്രൂരന്മാരും തിന്മ പ്രകടിപ്പിക്കുന്നവരുമായിരുന്നു. കാരണം അവർ ജനിച്ചത് മോശം രാശിയിലും. അവർ അദിതിയുടെ മക്കളായ ദേവന്മാരുമായി എല്ലാഴ്പ്പോഴും ശത്രുത പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ അവർ അസുരന്മാർ എന്നറിയപ്പെട്ടു. ഇതാണ് ദേവന്മാരെയും അസുരന്മാരെയും കുറിച്ചുള്ള മിത്തോളജി. ഈ മിത്തോളജിയെ വളരെ മനോഹരമായി തന്നെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷണൽ ത്രില്ലറുമായി കൂട്ടിയോജിപ്പിച്ചിരിക്കുകയാണ് അസുറിൽ. ക്രൈസ്തവ വിശ്വാസത്തെ പിന്തുടർന്നുണ്ടായ ഒരുപാട് ഇൻവെസ്റ്റിഗേഷണൽ ത്രില്ലറുകൾ ഹോളിവുഡിലും ഇങ്ങ് മോളിവുഡിലുമൊക്കെ കണ്ടിട്ടുള്ള എനിക്ക് ശരിക്കും ഇതൊരു പുതിയ അനുഭവം തന്നെയായിരുന്നു. ഹോളിവുഡിൽ സെവനും മോളിവുഡിൽ മെമ്മറീസും ഒക്കെപ്പോലുള്ളത്. നെറ്റ്ഫ്ലിക്സ് ഒക്കെപ്പോലെ തന്നെ ഒരു ഇന്ത്യൻ വീഡിയോ ഡിമാന്റിങ് പ്ലാറ്റ്ഫോമായ വൂട്ടിനു വേണ്ടി ഗൗരവ് ശുക്ല തിരക്കഥയെഴുതി ഒനി സെൻ സംവിധാനം നിർവഹിച്ച സൈക്കോ ക്രൈം ഇൻവെസ്റ്റിഗേഷണൽ മിസ്റ്ററി ത്രില്ലർ സീരീസാണ് അസുർ : വെൽക്കം ടു യുവർ ഡാർക്ക് സൈഡ്. സയാക് ഭട്ടാചാര്യ, സഖ്യദേബ് ചൗദരി, ലളിതപ്രസാദ് കല്ലൂരി എന്നിവർ ഛായാഗ്രഹണവും ചാരു ടാക്കർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ധരം ഭട്ട് ഒരുക്കിയ പശ്ചാത്തല സംഗീതം ശരിക്കും ഹോണ്ടിങ് ആയിരുന്നു. സീനിയേഴ്സ് എന്ന സിനിമയ്ക്ക് വേണ്ടി അൽഫോൻസ് ജോസഫ് ഒരുക്കിയ ആ ഭ്രാന്ത് പിടിപ്പിക്കുന്ന മ്യൂസിക്കുമായി ഒരുപാട് സാമ്യത തോന്നി അസുറിന്റെ ബിജിഎമ്മിന്. എങ്കിലും വിദേശ സീരീസുകളുടെ ബിജിഎമുകൾ വിട്ട് ഒരു സ്വദേശി സീരീസിന്റെ ബിജിഎം പലരും റിങ്ടോൺ ആക്കാൻ പോവുകയാണ് എന്നുള്ളത് നൂറുതരം ഉറപ്പ്..
✍sʏɴᴏᴘsɪs
■ ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപ് മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായവ്യത്യാസം കാരണം സിബിഐയിലുണ്ടായിരുന്ന തന്റെ ജോലി ഉപേക്ഷിച്ച് പോയതായിരുന്നു നിഖിൽ നായർ. ഭാര്യയ്ക്കും മകൾക്കുമൊപ്പം അമേരിക്കയിൽ സെറ്റിലായ അയാൾ അവിടെയൊരു അധ്യാപകനായി ജോലി ചെയ്യുന്നു. തന്റെ പാഷന് അനുസരിച്ചുള്ള ജോലിയല്ലാത്തതിൽ വല്ലാതെ അസന്തുഷ്ടനായിരുന്നു അയാൾ. പത്ത് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ പലയിടങ്ങളിലായി കൊലപാതക പരമ്പര അരങ്ങേറുന്നു. മൃതദേഹത്തിനരികിൽ ഒരു വിചിത്രമായ മുഖംമൂടി ഉപേക്ഷിച്ചു പോവലാണ് കൊലയാളിയുടെ ഹോബി. എല്ലാ കൊലപാതങ്ങളുടെയും വിവരങ്ങൾ എങ്ങനെയോ നിഖിലിന് അയക്കപ്പെടുന്നുണ്ട്. മാത്രവുമല്ല, നിഖിലിനോട് സിബിഐയിലേക്ക് മടങ്ങിവരാൻ പഴയ സഹപ്രവർത്തകർ നിർബന്ധിക്കുന്നുമുണ്ട്. തന്റെ പാഷൻ അതായതുകൊണ്ടും കൊലയാളിയെ എന്ത് ചെയ്തിട്ടാണെങ്കിലും പിടിക്കണമെന്ന വാശിയിലും നിഖിൽ ഇന്ത്യയിലേക്ക് തിരിച്ചു വന്നു വീണ്ടും സിബിഐയിൽ ജോലിക്ക് കയറുന്നു. നിഖിലിനെ കാത്തിരിക്കുന്ന അസ്വാഭാവിക സംഭവ വികാസങ്ങളിലൂടെയാണ് ഈ സീറ്റ് എഡ്ജ് ത്രില്ലറിന്റെ യാത്ര..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മുൻപ് പല സീരീസുകളിലൂടെയും ശ്രദ്ധേയനായ ബരുൺ സോബ്തിയാണ് നിഖിൽ നായരായി വേഷമിട്ടിരിക്കുന്നത്. ധനഞ്ജയ് രാജ്പുത് എന്ന മറ്റൊരു പ്രധാന കഥാപാത്രമായി തന്റെ സീരീസിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടൻ അർഷാദ് വാർസി. അനുപ്രിയ ഗോയങ്കയാണ് നിഖിലിന്റെ ഭാര്യ നൈനയായി അഭിനയിച്ചിരിക്കുന്നത്. റിഥി ദോഗ്ര നുസ്രത് സയീദായും വേഷമിട്ടിരിക്കുന്നു. ശുഭ് ആയി അഭിനയിച്ച വിശേഷ് ബൻസാലിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. അമേയ് വാഗ്, ഗൗരവ് ഭരദ്വാജ്, പവൻ ചോപ്ര, ശാരിബ് ഹാഷ്മി, ആദിത്യ ലാൽ തുടങ്ങിയവർ മറ്റു കീ റോളുകൾ ഗംഭീരമാക്കിയിരിക്കുന്നു..
📎 ʙᴀᴄᴋwᴀsʜ
■ ഇനി അസുറും അഞ്ചാം പാതിരയും തമ്മിലുള്ള പ്രത്യക്ഷമായ ബന്ധത്തെക്കുറിച്ച്. അസുറോ അഞ്ചാം പാതിരയോ കാണാത്തവർ ഒരു കാരണവശാലും തുടർന്നുള്ളത് വായിക്കാതിരിക്കുക..
Spoiler Alert !!!
ഒരേ ജോണറിൽ സഞ്ചരിക്കുന്ന രണ്ട് സൈക്കോ ഇൻവെസ്റ്റിഗേഷണൽ ത്രില്ലറുകൾ തമ്മിൽ സാമ്യത തോന്നുക എന്നത് സ്വാഭാവികം തന്നെയാണ്. പക്ഷേ, ചിലത് ശരിക്കും സീൻ ബൈ സീനായി സാമ്യത കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല. അഞ്ചാം പാതിരയിലെ തുടർകൊലപാതകങ്ങൾ അറിയപ്പെട്ടത് നീതിദേവത കൊലക്കേസ് എന്നായിരുന്നു. അഥവാ കണ്ണ് തുറന്നിട്ടുള്ളൊരു നീതി ദേവതയുടെ പ്രതിമ കൊലയാളി ഇരയുടെ ശവ ശരീരത്തിനരികിൽ ഉപേക്ഷിക്കും. തന്റെ സന്ദേശം ലോകത്തിനെ അറിയിക്കണം എന്ന വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു ആ ഒരു തീരുമാനത്തിൽ. അസുറിലേക്ക് വരുമ്പോൾ നീതി ദേവതയ്ക്ക് പകരം ഒരു വിചിത്രമായ മുഖംമൂടിയായിരുന്നു കൊലയാളി ഉപേക്ഷിക്കുന്നത്. അതിലൂടെ വ്യക്തമായൊരു സന്ദേശം ലോകത്തിന് നൽകാൻ കൊലയാളി ശ്രമിക്കുന്നു. പക്ഷേ ഈ സാമ്യത എനിക്കത്ര വലിയൊരു കുറ്റമായി തോന്നിയില്ല. കാരണം, രാച്ചസൻ അടക്കമുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഞാൻ ഇതേ രീതി കണ്ടിട്ടുണ്ട്. രാച്ചസനിൽ കൊലയാളി വികൃതമാക്കിയ ഒരു പാവയെ ഗിഫ്റ്റ് ബോക്സിലാക്കി ഇരയുടെ വീടുകളിൽ ഉപേക്ഷിച്ചിരുന്നു. ഇനി പറയാനുള്ളതാണ് സീൻ ബൈ സീനായി എനിക്കൊരു അടിച്ചു മാറ്റലായി അനുഭവപ്പെട്ടത്. അഞ്ചാം പാതിരയിലെയും അസുറിലേയും കൊലയാളികൾ തമ്മിലുള്ള സാമ്യത രണ്ട് പേരും അവരുടെ സന്ദേശങ്ങളല്ലാതെ മറ്റൊരു തെളിവ് പോലും അവശേഷിപ്പിക്കാൻ ഇഷ്ടപ്പെടാത്തവരായിരുന്നു എന്നുള്ളതാണ്. അതിനവർ അവർക്ക് മാത്രമായി സൃഷ്ടിച്ചെടുത്ത സന്ദേശങ്ങളുടെ ഉത്ഭവ കേന്ദ്രങ്ങളെ ആദ്യം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അഞ്ചാം പാതിരയിൽ നീതിദേവതയുടെ പ്രതിമ സൃഷ്ടിച്ച ശിൽപ്പി സുധാകർ ദേവലോകത്തിന്റെ കാഴ്ച്ച നശിപ്പിച്ചു കൊണ്ടായിരുന്നു ബെഞ്ചമിൻ അയാൾക്കെതിരെയുള്ള ഒരേയൊരു തെളിവ് നശിപ്പിച്ചത്. അസുറിലേക്ക് വരുമ്പോൾ ഒരു അത്ഭുതം പോലെ ഇത് ആവർത്തിച്ചത് കാണാം. കൊലയാളിക്ക് വിചിത്രമായ ആ അസുര പ്രതിമ ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത് ഇന്തോനേഷ്യയിലെ ബാലി സ്വദേശിയായ സുക്കാർണോ ആയിരുന്നു. അത് പഠിച്ച ശേഷം കൊലയാളി തിരിച്ചുപോന്നത് അയാളുടെ കാഴ്ച്ചയും കൂടെ എടുത്തുകൊണ്ടായിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ചുകൊണ്ടുള്ള ഇരുവരുടെയും ഇന്റർവ്യൂകൾ തമ്മിലുള്ള സാമ്യത കൂളിംഗ് ഗ്ലാസ് ഊരുമ്പോഴുള്ള ട്വിസ്റ്റിൽ ഒന്നുകൂടി ബലപ്പെടുന്നു. ഒരേയൊരു വ്യത്യാസം മാത്രം, സുക്കാർണോ വീഡിയോ കോളിലായിരുന്നു. ജയിലിലെ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതുന്ന സൈക്കോ സൈമൺ യഥാർത്ഥത്തിൽ മരിച്ചിട്ടില്ലായിരുന്നു എന്ന പോലെ തന്നെ അസുറിലെ ശുഭും ജയിലിലെ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതപ്പെട്ടു, പക്ഷേ യഥാർത്ഥത്തിൽ മരിക്കാത്തവനായിരുന്നു. ബെഞ്ചമിൻ ലൂയിസിന് ചെറുപ്പത്തിൽ പോലീസുകാരുടെ പെരുമാറ്റത്തിൽ തോന്നിയ അസന്തുഷ്ടിയാണ് പിന്നീട് പ്രതികാരത്തിനും തുടർകൊലപാതകങ്ങൾക്കും കാരണമായത് എന്നത് പോലെ തന്നെ അസുറിലെ ശുഭിനും പറയാനുണ്ടായിരുന്നു. സിബിഐ ഉദ്യോഗസ്ഥനായ ധനഞ്ജയ് രാജ്പുത് ശുഭിനെ ജയിലിൽ അടക്കാൻ അവന്റെ ജനന സർട്ടിഫിക്കറ്റ് തിരുത്തുകയും വ്യാജ തെളിവുകൾ ഉണ്ടാക്കുകയും ചെയ്തത് ശുഭിനെ പ്രതികാര ദാഹിയാക്കി എന്ന് വേണമെങ്കിൽ പറയാം. ഇനി എനിക്ക് തോന്നിയ മറ്റൊരു യാദൃശ്ചികത കൂടി.. പിടിക്കപ്പെടുമെന്നായപ്പോൾ രണ്ടിലേയും കൊലയാളികൾ കൂടെ നിന്നവരെ കൊന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്..
ഇങ്ങനെയൊക്കെയാണെങ്കിലും അഞ്ചാം പാതിരയുടെയും അസുറിന്റെയും പ്ലോട്ടുകൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരു സീറ്റ് എഡ്ജ് ത്രില്ലറായി പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ എന്തുകൊണ്ടും അസുറിന് കഴിയും. ശുഭ് ശരിക്കും ആരാണ് എന്നറിയാൻ കഴിയാതെ ഏതൊരു പ്രേക്ഷകനെയും പോലെ രണ്ടാം സീസണ് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു..
8.5/10 · IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ