Champion » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കൊറിയക്കാരുടെ ലാലേട്ടൻ. ഡോൺ ലീ എന്ന മാ ഡോങ് സ്യോക്കിനെ ഇങ്ങനെ വിളിച്ചതിന് ഞാൻ കേട്ട തെറിക്ക് കണക്കില്ല. ഡോൺ ലീയ്ക്ക് ആ പേര് ചാർത്തിക്കൊടുത്തത് ഞാനല്ല എന്ന് പറഞ്ഞിട്ടും കിട്ടിയ തെറിയിൽ കുറവൊന്നും ഉണ്ടായില്ല. ഡോൺ ലീയെ ചിലർ ലാലേട്ടനോട് താരതമ്യം ചെയ്യാൻ കാരണം ഒരിക്കലും ഡോൺ ലീ ലാലേട്ടന് കിടപിടിക്കുന്ന അഭിനയപാടവം കാഴ്ച്ച വെച്ചത് കൊണ്ടാവില്ല എന്നത് ഉറപ്പാണ്. അഭിനയം കാരണം ലാലേട്ടനോട് ഒരു കൊറിയൻ നടൻ താരതമ്യം ചെയ്യപ്പെടണമെങ്കിൽ അതിനർഹൻ എന്തുകൊണ്ടും ചോയ് മിൻസിക്ക് എന്ന അതുല്യ കലാകാരനാണ്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിൽ ലാലേട്ടനോടൊപ്പമോ അതിന് മുകളിലോ ആയിരിക്കും മിൻസിക്കിന്റെ സ്ഥാനം. ഡോൺ ലീയെ ലാലേട്ടനുമായി ചിലർ ഉപമിക്കുന്നതിന് ഞാൻ കാണുന്ന കാരണം ഡോൺ ലീയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും ഇച്ചിരി തടിയുണ്ടെങ്കിലും ആക്ഷനിലും മറ്റുമുള്ള അനായാസതയുമൊക്കെയാണ്. ഡോൺ ലീയുടെ സ്ക്രീൻപ്രെസെൻസിന്റെ കാര്യത്തിലോ മുഖമടച്ചുള്ള കിന്റൽ വെയ്റ്റുള്ള പഞ്ചിന്റെ കാര്യത്തിലോ ആർക്കും എതിരഭിപ്രായം ഉണ്ടാവാനും സാധ്യതയില്ല. ഓങ്കിയടിച്ചാൽ ഒന്നര ടൺ വെയ്റ്റ് ഡാ. ഇമോഷൻസ് പ്രകടിപ്പിക്കാനറിയാത്ത നടൻ, ഗ്യാങ്സ്റ്റർ വേഷങ്ങൾ മാത്രം ചെയ്യുന്ന നടൻ എന്നൊക്കെയായിരുന്നു വിമർശകരുടെ മറ്റു ആക്ഷേപങ്ങൾ. ഇമോഷൻ പ്രകടിപ്പിക്കാനറിയാത്ത നടൻ എന്ന ആക്ഷേപം 'ചാമ്പ്യൻ' എന്ന ഈ സിനിമയുടെ ക്ലൈമാക്സ് കണ്ടാൽ മാറിക്കിട്ടും. പിന്നെ, ഗ്യാങ്‌സ്റ്റർ വേഷങ്ങൾ മാത്രം ചെയ്യുന്ന നടൻ എന്ന് വിമർശിക്കുന്നവരോട്. നിങ്ങൾ ഡോൺ ലീയുടെ ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ എന്ന പടം മാത്രമേ കണ്ടിട്ടുള്ളൂ..
■ കിം യോങ്-വാൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സ്പോർട്സ് കോമഡി കൊറിയൻ ചിത്രമാണ് ചാമ്പ്യൻ. യൂ ജി-സുനാണ് ഛായാഗ്രാഹകൻ. ദേവോൻ നാമാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ ബിജിഎം ഒക്കെ എടുത്ത് പറയണം.
✍sʏɴᴏᴘsɪs
■ നന്നേ ചെറുപ്പത്തിൽ തന്നെ സ്വന്തം മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട് അമേരിക്കക്കാരായ കുടുംബത്തിന് ദത്ത് നൽകപ്പെട്ടവനായിരുന്നു മാർക്ക്. പക്ഷേ, കുട്ടിയായിരിക്കെ തന്നെ അവനെ ദത്തെടുത്ത ഫോസ്റ്റർ മാതാപിതാക്കളും അവനെ വിട്ടുപിരിഞ്ഞു. അങ്ങനെ അനാഥനായാണ് അവൻ വളർന്നത്. സ്കൂളിലെ ഏക ഏഷ്യക്കാരൻ കുട്ടിയായതുകൊണ്ട് തന്നെ വർണ്ണവിവേചനവും അവന് നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഒത്തിരി ശക്തനായിത്തീരാൻ അവൻ വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയാണ് അവനൊരു പഞ്ചഗുസ്തിക്കാരൻ ആയി മാറുന്നത്. വർണ്ണ വിവേചനം കാരണം പഞ്ചഗുസ്തി മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്ന മാർക്ക് ഇപ്പോഴൊരു ബൗൺസറായിട്ടാണ് ജോലി ചെയ്യുന്നത്. അവിടെ വെച്ച് അവൻ ജിൻ-കി എന്നൊരു സുഹൃത്തിനെ കാണുന്നു. കൊറിയയിൽ നടക്കുന്ന പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിലേക്ക് അവൻ മാർക്കിനെ ക്ഷണിക്കുകയാണ്. മാർക്കിനെക്കൊണ്ട് ജിൻ-കിക്ക് പല ഉദ്ദേശങ്ങളുമുണ്ടായിരുന്നു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ മാർക്കിന് സമ്മാനമായി ജിൻ-കി നൽകിയത് മാർക്കിന്റെ അമ്മയുടെ മേൽവിലാസമടങ്ങിയ ഒരു സ്മാർട്ട് ഫോണായിരുന്നു. മാർക്കിന് അവന്റെ അമ്മയെ കണ്ടെത്താൻ സാധിക്കുമോ? കൊറിയൻ പഞ്ചഗുസ്തി ചാമ്പ്യനാവുക എന്ന മാർക്കിന്റെ സ്വപ്നം പൂവണിയുമോ..?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മാർക്ക് എന്ന ബേക് സ്യുങ്-മിനായി അഭിനയിച്ചിരിക്കുന്നത് ഡോൺ ലീയാണ്. സ്ഥിരം ഇടിയൻ ശൈലിയിൽ നിന്നും ഒരൽപ്പം വ്യത്യസ്തയുള്ള വേഷമാണ് ഡോൺ ലീക്ക് മാർക്ക് എന്ന ക്യാരക്റ്റർ. എങ്കിലും ഡോൺ ലീയുടെ പഞ്ചിന്റെ ആരാധകരെ ഒരിക്കലും നിരാശരാക്കുന്നുമില്ല. കുറച്ചൊക്കെ ഇമോഷൻസ് കൈകാര്യം ചെയ്യുന്ന ഈ കഥാപാത്രം എന്തായാലും ആക്ഷേപകരുടെ വായടപ്പിക്കും. മാർക്കിന്റെ സുഹൃത്ത് ജിൻ-കിയായി വേഷമിട്ടിരിക്കുന്നത് ക്വോൻ യൂൾ ആണ്. സിനിമയിലെ ഹാസ്യരംഗങ്ങൾ മുഴുവൻ കൊണ്ടുപോയിരുന്നത് ക്വോൻ യൂൾ തന്നെയാണ്. സൂ-ജിൻ എന്ന മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് ഹാൻ യെ-രിയാണ്. ബാലതാരങ്ങളായി എത്തിയ ചോയ് സ്യുങ്-ഹോനിനെയും ഓക് യെ-രിനെയും പ്രേക്ഷകർ മറക്കാനിടയില്ല.
📎 ʙᴀᴄᴋwᴀsʜ
■ പടമിറങ്ങിയ ആദ്യ മാസം തന്നെ ഏഷ്യൻ TV വെബ്‌സൈറ്റ് 9.4 റേറ്റിങ് നൽകിയ ഈ സിനിമയ്ക്ക് IMdB എന്തുകൊണ്ടാണ് 5.9 റേറ്റിങ് നൽകിയതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എങ്കിലും റോട്ടേൻ ടൊമാറ്റോ ഇതിന് 89% നൽകിയിട്ടുണ്ട് എന്നത് ആശ്വാസം. പല അമേരിക്കൻ പുച്ഛിസ്റ്റുകളും സിനിമയെ 80കളിലെ ഹോളിവുഡ് സ്പോർട്സ് മൂവി ക്ലീഷേ എന്നാണ് പരിഹസിച്ചത്. അതൊക്കെയെനിക്ക് ഈ സിനിമയിൽ തന്നെ പ്രതിപാദിച്ച വംശീയ വിവേചനമായിട്ടാണ് തോന്നിയത് എന്നത് വേറെ കാര്യം. എന്റെ അഭിപ്രായത്തിൽ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ കോമഡിയും ഇമോഷനും, അതേപോലെ തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു കായിക വിനോദത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള ഒരു നല്ല എഫേർട്ടുകൂടി എടുത്ത സിനിമയാണ് ചാമ്പ്യൻ.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ