ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Jojo Rabbit


Jojo Rabbit » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ രണ്ട് അമ്മമാർ അവരുടെ കുട്ടികളോടൊപ്പം ഒരു ബെഞ്ചിലിരിക്കുന്നു. ബെഞ്ചിന്റെ ഇടതുവശത്തിരിക്കുന്ന അമ്മയും മകനും കൈയിലിരിക്കുന്ന സ്മാർട്ട്ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ വലതുവശത്തിരിക്കുന്ന അമ്മയും മകനും പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകം വായിക്കുന്ന സ്ത്രീയോട് മറ്റേ സ്ത്രീ അത്ഭുതത്തോടെ "നിങ്ങളെങ്ങനെയാണ് വായനയെന്ന നല്ല ശീലം കുട്ടിക്ക് പഠിപ്പിച്ചത്?" എന്ന് ചോദിച്ചപ്പോൾ അവർ കൊടുത്ത മറുപടി, "കുട്ടികൾ നമ്മെ കേൾക്കുകയല്ല, അനുകരിക്കുകയാണ് ചെയ്യുന്നത്" എന്നായിരുന്നു. മുതിർന്നവർ ചെയ്യുന്നതെന്താണോ അത് അതേപടി തന്നെ അനുകരിക്കാൻ ശ്രമിക്കുക എന്നത് ഓരോ കുട്ടിയുടെയും ജന്മവാസനയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ വിദ്യാലയം സ്വന്തം വീട് തന്നെയാണ് എന്ന് പറയുന്നതും. വർഗ്ഗീയതയുടെ വിഷം വമിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി കുരുന്നുകൾ ഇന്ത്യൻ തെരുവിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞുനടന്നപ്പോൾ ഞാനൊട്ടും അത്ഭുതപ്പെടാതിരുന്നതിന് കാരണവും മറ്റൊന്നുമല്ല. തനിക്ക് ചുറ്റിലുമുള്ള സമൂഹം എന്താണ് ചെയ്യുന്നത്, അത് മാത്രമേ ഒരു കുട്ടി അനുകരിക്കൂ. അവർക്കാണ് ഒരു തലമുറയുടെ ഭാവി നിർണ്ണയിക്കുന്നതിൽ പരിപൂർണ്ണ ഉത്തരവാദിത്തം. ഈ സിനിമയിലെ ജോജോ ബെസ്‌ലർ ശരിക്കുമൊരു നിഷ്കളങ്കനായ കുട്ടിയായിരുന്നു. അവന്റെ അമ്മ അവനെ പഠിപ്പിച്ചത് ഒരാളെയും വെറുക്കാനല്ലായിരുന്നു. ഹിറ്റ്ലറുടെ നാസി ദേശീയത അവനിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഒരു കുഞ്ഞുമുയലിന്റെ നന്മ അവൻ കെടാതെ സൂക്ഷിക്കുന്നുണ്ട്. ഒരുപാട് തെറ്റുകൾക്കിടയിൽ ശരിയേതെന്ന് കണ്ടുപിടിക്കാനുള്ള ഒരു കൊച്ചുകുട്ടിയുടെ ജീവിതയാത്രയാണ് ജോജോ റാബിറ്റിൽ പറയുന്നത്. പോയ വർഷം പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപിടി നല്ല ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ജോജോ റാബിറ്റ്.


■ ക്രിസ്റ്റീൻ ലൂനൻസിന്റെ കേജിങ് സ്‌കൈസ്‌ എന്ന നോവലിനെ പ്രമേയമാക്കി റ്റൈക വൈറ്റിറ്റി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച കോമഡി വാർ ഡ്രാമാ ഹോളിവുഡ് ചിത്രമാണ് ജോജോ റാബിറ്റ്. മിഹായ് മലൈമാരെ ജൂനിയർ ഛായാഗ്രഹണവും ടോം ഈഗിൾസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മിഹായുടെ ചില ഫ്രെയിമുകളൊക്കെ അതിസുന്ദരമായിരുന്നു. മൈക്കൽ ജിയാച്ചിക്കോയാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ രണ്ടാം ലോകമഹായുദ്ധത്തിനിടയിലുള്ള നാസി അധീന ജർമ്മനിയാണ് കഥാപശ്ചാത്തലം. ജോജോ ബെസ്‌ലർ എന്ന നിഷ്കളങ്കനായൊരു ജർമ്മൻ ബാലൻ അവന്റെ അമ്മ റോസിക്കൊപ്പം ജീവിച്ചുവരുന്നു. നാസി തീവ്രദേശീയതയിൽ ആകൃഷ്ടനായ ജോജോ, ഡോയ്‌ച്ചസ് ജുങ്ഫോൾക്കിൽ ചേരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലർ തന്റെ സൈന്യത്തിൽ പ്രായപൂർത്തിയാവാത്ത പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചിരുന്നു. ഹിറ്റ്‌ലർ യുഗേന്റ്സ് എന്നറിയപ്പെട്ടിരുന്ന ഈ കുട്ടിപ്പട്ടാളത്തിലെ പത്തിനും പതിനാലിനും ഇടയിലുള്ള കുട്ടികൾക്കായുള്ള ഉപവിഭാഗമായിരുന്നു ഡോയ്‌ച്ചസ് ജുങ്ഫോൾക്ക്. അവർക്ക് വേണ്ടി പ്രത്യേക സൈനിക പരിശീലവും ആയുധ പരിശീലനവുമൊക്കെയുണ്ടായിരുന്നു. ജോജോയുടെ ആദ്യ പരിശീലന വേളയിലാണ് ക്യാപ്റ്റൻ ക്ലെൻസൻഡോഫ് അവനോട് ഒരു മുയൽക്കുഞ്ഞിനെ കൊന്ന് ധീരത തെളിയിക്കാൻ ആവശ്യപ്പെടുന്നത്. പക്ഷേ, അവന് ഒരു ജീവനെടുക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ ആ മുയൽക്കുഞ്ഞിനെ കൊല്ലാൻ നിഷേധിക്കുന്ന അവനെ ഒരു ഭീരുവാക്കി പരിഹസിച്ചു, മറ്റുള്ള കുട്ടികൾ അവനൊരു ഇരട്ടപ്പേര് നൽകി, ജോജോ റാബിറ്റ്. പക്ഷേ, തന്റെ സാങ്കൽപ്പിക സുഹൃത്ത് അഡോൾഫ് ഹിറ്റ്‌ലർ നൽകിയ ധൈര്യത്തിൽ ജോജോ അവന്റെ ധീരത തെളിയിക്കുവാനായി ഒരു സ്റ്റീൽ ഗ്രനേഡ് തട്ടിപ്പറിച്ചു അശ്രദ്ധമായി വലിച്ചെറിയുന്നു. അങ്ങനെ സാരമായി പരിക്കേൽക്കുന്ന അവന് നാസി തത്വങ്ങളടങ്ങിയ ലഘുലേഖകൾ പ്രചരിപ്പിക്കുക പോലോത്ത കുഞ്ഞുജോലികൾ മാത്രം പിന്നീട് നൽകപ്പെടുന്നു. അങ്ങനെയൊരിക്കൽ വീട്ടിലെത്തുന്ന ജോജോ, തന്റെ അമ്മ ഒരു ജൂത പെൺകുട്ടിയെ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നു എന്ന സത്യം മനസ്സിലാക്കുന്നു. ജൂതർക്ക് തന്റെ രാജ്യത്ത് സ്ഥാനമില്ല എന്ന് ജോജോയുടെ ആത്മീയ ഗുരു ഹിറ്റ്‌ലർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീവ്ര നാസി ദേശീയത കുടിയേറിയ അവന്റെ മനസ്സിൽ രണ്ട് ചോദ്യങ്ങളാണ്. മാതൃരാജ്യത്തെ വഞ്ചിച്ച സ്വന്തം അമ്മയെ ഒറ്റിക്കൊടുക്കണോ അതോ, അമ്മയെ സംരക്ഷിച്ചുകൊണ്ട് സ്വയം ഒരു രാജ്യദ്രോഹിയാവണോ?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജോജോ ബെസ്‌ലറായി അഭിനയിച്ച റോമൻ ഗ്രിഫിൻ ഡേവിസ് എന്ന ബാലന്റെ അത്യുഗ്രൻ പ്രകടനത്തെ പാടിപ്പുകഴ്ത്താതെ വയ്യ. മറ്റൊരു കിടിലൻ പ്രകടനം എൽസ കോർ എന്ന ജൂതപ്പെൺകുട്ടിയായി വേഷമിട്ട തൊമാസിൻ മക്കെൻസിയുടേതാണ്. രണ്ടുപേരും ഒന്നിച്ചുള്ള ക്ലൈമാക്സിലെ ആ ഡാൻസ് സീൻ, ഉഫ്. കഴിഞ്ഞ ഓസ്‌കാറിന്റെ ദുഃഖം ശരിക്കും സ്കാർലെറ്റ് ജോഹാൻസൺ തന്നെയാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. മാരിയേജ് സ്റ്റോറിയിലെ പ്രകടനം മികച്ച നടിക്കുള്ള ഓസ്‌കാറിന് പരിഗണിക്കപ്പെട്ടപ്പോൾ റോസിയായുള്ള ജോജോ റാബിറ്റിലെ അഭിനയം മികച്ച സഹനടിക്കുള്ള ഓസ്കാറിനും പരിഗണിക്കപ്പെട്ടു. രണ്ടിലും നഷ്ടബോധം ബാക്കിവെച്ചെങ്കിലും 2019 സ്കാർലെറ്റ് ജോഹാൻസണിന്റെയും കൂടി വർഷമായിരുന്നു എന്ന് തീർച്ചയായും പറയേണ്ടി വരും. സംവിധായകനായ റ്റൈക വൈറ്റിറ്റി തന്നെ അവതരിപ്പിച്ച ജോജോയുടെ സാങ്കൽപ്പിക സുഹൃത്ത് അഡോൾഫ് ഹിറ്റ്‌ലറുടെ വേഷവും ഉജ്ജ്വലമായിരുന്നു. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു സാം റോക്ക്വെൽ അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലെൻസൻഡോഫും ആർച്ചി യാറ്റ്സ് എന്ന ബാലൻ അവതരിപ്പിച്ച ജോജോയുടെ ഉറ്റസുഹൃത്ത് യോർക്കിയും..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയതിന് പുറമേ മികച്ച സിനിമ, മികച്ച സഹനടി എന്നിവയ്ക്കുള്ളതടക്കം അഞ്ച് ഓസ്കാർ നാമനിർദ്ദേശങ്ങളും സ്വന്തമാക്കിയിരുന്നു ജോജോ റാബിറ്റ്. സിനിമയിലുടനീളം ജോജോയ്ക്ക് സിഗരറ്റ് വാഗ്ദാനം ചെയ്തു നടന്നിരുന്നു റ്റൈക വൈറ്റിറ്റി അവതരിപ്പിച്ച അഡോൾഫ് ഹിറ്റ്‌ലർ എന്ന സാങ്കൽപ്പിക സുഹൃത്ത്. എന്നാൽ യഥാർത്ഥ ഹിറ്റ്‌ലർ ഒരു പുകവലി വിരുദ്ധനായിരുന്നു. ചീത്ത ശീലങ്ങളില്ലാത്തൊരു പാവം ക്രൂരൻ. അതായിരുന്നു ഹിറ്റ്‌ലർ..





7.9/10 . IMDb
79% . Rotten Tomatoes






                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...