ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Halal Love Story


Halal Love Story » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ രണ്ടായിരങ്ങളിലായിരുന്നു എന്ന് തോന്നുന്നു മലബാറിലെ മുസ്ലിം വീടുകളിൽ ഹോം സിനിമകൾ തരംഗമാവുന്നത്. മുഖ്യധാരാ സിനിമകളോട് പുറം തിരിഞ്ഞു നടന്നിരുന്ന മലബാറിലെ യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന് കലയെ പൂർണ്ണമായും തിരസ്കരിക്കാൻ കഴിയുമായിരുന്നില്ല. സിനിമകൾ ഹറാം എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിന് അവർക്കും കാണാൻ പറ്റാവുന്ന സിനിമകൾ വേണം എന്ന മോഹം വന്നു. അങ്ങനെയാണ്  ഞങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഹലാലായ" ഹോം സിനിമകൾ പിറക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്ലിം സംഘടനയായിരുന്നു ആദ്യമായി ഈ ആശയവുമായി മുന്നോട്ട് വന്നതെങ്കിലും പിന്നീട്  സംഘടനാ ഭേദമന്യേ മുസ്ലിം സമൂഹം അത് നെഞ്ചിലേറ്റി. സലാം കൊടിയത്തൂരിന്റെ "നിങ്ങളെന്നെ ഭ്രാന്തനാക്കി" എന്ന സിനിമയായിരുന്നു അതിൽ ആദ്യത്തേത്. പിന്നീട് അളിയനൊരു ഫ്രീ വിസ, കുടുംബ കലഹം നൂറാം ദിവസം, തുടങ്ങി ഹോം സിനിമകൾ മലബാറിലും പ്രവാസികളുടെ ഇടയിലും മുഖ്യ ധാരാ സിനിമകളെക്കാൾ പ്രചാരം നേടി മുന്നേറി. ലീക്ക് ബീരാനായി വേഷമിട്ട സിദ്ദീഖ് കൊടിയത്തൂരൊക്കെ ഹോം സിനിമകളിലെ ജനപ്രിയ നായകനായി. മഴവിൽ മനോരമയിലെ കോമഡി ഉത്സവത്തിലൂടെ പ്രശസ്തി നേടി പിന്നീട് മുഖ്യ ധാരാ സിനിമകളിൽ എത്തപ്പെട്ട ശ്രീദേവികയുടെയൊക്കെ ആദ്യത്തെ തട്ടകം ഹോം സിനിമകളായിരുന്നു. പ്രമുഖ നടൻ ശ്രീരാമൻ അടക്കം മുഖ്യധാരാ സിനിമകളിലെ പല അഭിനേതാക്കളും ഹോം സിനിമകളിലും വേഷമിട്ടിട്ടുമുണ്ട്. മലബാറിലെ ഹോം സിനിമകൾ എന്ന വിപ്ലവ മാറ്റത്തിന്റെ തുടക്ക കാലഘട്ടത്തെ കുറിച്ചും അവരുടെ സ്ട്രഗിളിനെക്കുറിച്ചുമാണ് ഹലാൽ ലവ് സ്റ്റോറിയിൽ പറയുന്നത്.



■ സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം നിർവഹിക്കുന്ന സറ്റയർ കോമഡി ഡ്രാമാ മലയാള ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. സംവിധായകനായ സകരിയ, മുഹ്സിൻ പരാരി, ആഷിഫ് കക്കോടി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ശഹബാസ് അമൻ പാടിയ രണ്ട് മനോഹര പാട്ടുകളടക്കം മൂന്ന് പാട്ടുകളാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. സൗമ്യ രാമകൃഷ്ണനാണ് മൂന്നാമത്തെ പാട്ട് പാടിയിരിക്കുന്നത്. ശഹബാസ് അമനും ബിജിബാലുമാണ് പാട്ടുകൾക്ക് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് യാക്സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. 



✍sʏɴᴏᴘsɪs                

■ മലബാറിലെ ഒരു പ്രമുഖ സംഘടനയിലെ കുറച്ച് അംഗങ്ങൾക്ക് അവരുടേതായി ഒരു സിനിമയിരക്കണമെന്ന മോഹം ജനിക്കുന്നു. അവർ പ്രതിനിധീകരിക്കുന്ന മുസ്ലിം സമൂഹത്തിനു കാണാൻ പറ്റിയ ഒരു നല്ല സിനിമയായിരിക്കുകയും വേണം. സംഘടനയെ പേരെടുത്ത് പറയുന്നില്ലെങ്കിലും പരോക്ഷമായും പ്രത്യക്ഷത്തിൽ ചിലയിടത്ത് കാണിക്കുന്ന പോഷക സംഘടനയുടെയും പേര് വെച്ച് നോക്കുമ്പോൾ ആ സംഘടന ജമാഅത്തെ ഇസ്‌ലാമിയാണെന്ന് വ്യക്തം. മാത്രമല്ല, മലബാറിലെ ഹോം സിനിമകൾക്ക് ചുക്കാൻ പിടിച്ചതും ജമാഅത്തെ ഇസ്‌ലാമിയെന്ന പ്രസ്ഥാനമായിരുന്നു. സംഘടനയിലെ സജീവ പ്രവർത്തകനായ റഹീം സാഹിബ്, തെരുവ് നാടകങ്ങളിലൊക്കെ അഭിനയിച്ച് അഭിനയ മോഹം തലയ്ക്ക് പിടിച്ച ചെറുപ്പക്കാരനായിരുന്ന ശരീഫിനെയും കൊണ്ട് സിനിമ എന്നൊരു മോഹവുമായി മുന്നോട്ട് പോവുകയാണ്. സംഘടനയിലെ തന്നെ മറ്റൊരു സിനിമാ മോഹിയായ തൗഫീഖിന്റെ തിരക്കഥയും അയാൾ കണ്ടുപിടിച്ച സംവിധായകനെയും കൊണ്ട് അവരുടെ സിനിമാ മോഹം പൂവണിയിക്കാനുള്ള തീരുമാനത്തിൽ സംഘടനയുടെ അനുമതി നേടിയെടുക്കുന്നു. സംഘടനയ്ക്ക് അകത്തിരുന്നു  സംഘടനയുടെ പരിമിതികൾക്കും ബജറ്റിനും ഉതകുന്ന ഒരു ഹോം സിനിമ എടുക്കാനുള്ള അവരുടെ സ്ട്രഗ്ലിംഗുകളും ചിത്രീകരണത്തിൽ അവർ തരണം ചെയ്യേണ്ട കടമ്പകളുമായി ചിത്രം മുന്നോട്ട് പോകുന്നു.



👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ സുഹറയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പ്രകടനമായിരുന്നു സിനിമയിലെ ഏറ്റവും മികച്ചത്. ഇന്ദ്രജിത്തിന്റെ ശരീഫ് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നെങ്കിലും സിനിമക്കുള്ളിലെ സിനിമയിൽ അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിക്കണം എന്ന് സംവിധായകൻ പറഞ്ഞത് ഇന്ദ്രൻ തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നറിയില്ല സിനിമയിൽ മിസ്കാസ്റ്റിങ് ആയി തോന്നിയത് ഇന്ദ്രജിത്തിന്റെ വേഷമായിരുന്നു. തൗഫീഖായി വേഷമിട്ട ഷറഫുദ്ധീനും സംവിധായകൻ സിറാജായി വേഷമിട്ട ജോജു ജോർജ്ജുമെല്ലാം വളരെ നന്നായി ചെയ്തിട്ടുണ്ട്. അതിലെടുത്ത് പറയേണ്ടത് റഹീം സാഹിബായി വേഷമിട്ട നാസർ കറുത്തേനിയുടെ പ്രകടനമാണ്. കാമിയോ കഥാപാത്രങ്ങളായി വന്നുപോയ സൗബിനും പാർവതിയും വരെ അവരുടെ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നതാക്കി. എന്തിനേറെ പറയുന്നു, അലക്ക് സീനിൽ ഉൾപ്പെടെ രണ്ട് മൂന്ന് സീനിൽ വന്നു പോയ ഷൈനി ചേച്ചി വരെ കിടിലൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മലബാറിലെ മുസ്ലിംകൾക്കിടയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ഹോം സിനിമകളെക്കുറിച്ച് പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഹോം സിനിമകളിൽ നമ്മൾ കണ്ടിരുന്ന പല അഭിനേതാക്കളെയും സംവിധായകൻ സക്കറിയ ഈ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, ലീക്ക് ബീരാനൊക്കെയായി ഹോം സിനിമകളിൽ തകർത്താടിയ സിദ്ദീഖ് കൊടിയത്തൂരിനെ കുറച്ചു കൂടുതൽ ഉപയോഗിക്കമായിരുന്നില്ലേ എന്ന് തോന്നി. ചിലപ്പോൾ അദ്ദേഹത്തിന്റെ ഒരു ഫാനായിരുന്നത് കൊണ്ടായിരിക്കും ആ തോന്നൽ. സീനത്തും നിലമ്പൂർ ആയിഷയുമൊക്കെ ചെറിയ റോളുകളിലായിരുന്നെങ്കിലും അവരുടെ വേഷങ്ങൾ ഭംഗിയാക്കി.



📎 ʙᴀᴄᴋwᴀsʜ

■ ഇനി ഈ സിനിമയിൽ എത്ര സലാം, എത്ര ഇൻഷാ അല്ലാഹ്, എത്ര മാഷാ അല്ലാഹ്, എത്ര നിസ്കാരം, എത്ര ബാങ്ക് വിളി, എത്ര പർദ്ദ മുഹ്സിൻ പരാരി ഒളിച്ചു കടത്തി എന്നതിന്റെ കണക്കെടുക്കുന്നവരോടാണ്. പരാരിയും സക്കരിയായും ഇവിടെ സ്ട്രൈറ്റ് ഫോർവേഡ് ആണ്. എല്ലാം ഒളിക്കാതെ തന്നെ കടത്തിയിട്ടുണ്ട്.  സിനിമയുടെ തുടക്കത്തിൽ നുഐമാൻ സാഹിബ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "അൽ ഹലാലു ബയ്യിനുൻ വൽ ഹറാമു ബയ്യിനുൻ. ഹലാലായ കാര്യങ്ങൾ സുവ്യക്തമാണ്, ഹറാമായ കാര്യങ്ങളും സുവ്യക്തമാണ്." ഇസ്‌ലാമിൽ ഹറാം എന്നാൽ നിഷിദ്ധവും ഹലാൽ എന്നാൽ അനുവദനീയവുമാണ്. നിയ്യത്താണ് ഓരോ കർമ്മത്തിന്റെയും അളവ് കോൽ എന്ന് അദ്ദേഹം പറയുന്നു. നിയ്യത്തെന്ന് പറഞ്ഞാൽ നമ്മുടെ ഉദ്ദേശ്യ ശുദ്ധി. "ഓരോ കർമ്മവും അതിന്റെ ഉദ്ദേശ്യ ശുദ്ധി അനുസരിച്ചാണല്ലോ സ്വീകരിക്കപ്പെടുന്നത്.." ഹറാമും ഹലാലും തീരുമാനിക്കപ്പെടുന്നത് ഉദ്ദേശ്യ ശുദ്ധി അനുസരിച്ചാണെന്നാണ് ഇസ്‌ലാമിൽ പറയുന്നത്. പിന്നെങ്ങനെ സിനിമ മുസ്ലിംകൾക്ക് ഹറാമായി എന്നാണ് ചിന്തിക്കേണ്ടത്. അതാണ് ഈ സിനിമയുടെ സന്ദേശവും. ഒരു നല്ല ഉദ്ദേശ്യത്തോടെയാണ് സിനിമ ഉപയോഗിക്കുന്നതെങ്കിലും അത് ഹലാൽ ആണെന്ന് തന്നെ ഈ സിനിമ പറഞ്ഞു വെക്കുന്നു.  ഇസ്ലാമിക തത്വ സംഹിതയിൽ നിയ്യത്താണ് അഥവാ ഉദ്ദേശ്യ ശുദ്ധിയാണ് ഒരു കർമ്മത്തെ ഹറാമും ഹലാലും ആക്കുന്നത്. നന്മ ഉദ്ദേശിച്ചു കൊണ്ട് ഹറാം ചേർക്കാതെ സിനിമ പിടിക്കുമ്പോൾ അത് ഹറാമല്ല, ഹലാലാണ് എന്നാണ് ഹലാൽ ലവ് സ്റ്റോറി നൽകുന്ന സന്ദേശം. ചെലോൽക്ക് ഇഷ്ടാവും.. ചെലോൽക്ക് ഇഷ്ടാവൂല.. മലബാറുകാരനായതുകൊണ്ട് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് ഇഷ്ടായി. റിലേറ്റ് ചെയ്യാൻ കഴിയാത്തവർ അന്തം വിട്ട് പൊന്തയിൽ കയറും എന്നുള്ളത് തീർച്ച.




MyRating . 3/5

 

                      
Riγαs Ρυliκκαl



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs