ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Fight Club Explained

 


Fight Club » Explained


■ വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങിയതോടെ ആൾട്ടർ ഇഗോയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണല്ലോ? മാനഗരവും കൈതിയുമൊക്കെയെടുത്ത് കഴിവ് തെളിയിച്ച ലോകേഷ് കനക രാജ് എന്ന സംവിധായകൻ ഇളയ ദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയെയും ഒരുമിച്ചു കൈയ്യിൽ കിട്ടിയ അവസരം വിജയുടെ പതിവ് രക്ഷകൻ പടം ചെയ്ത്  തുലയ്ക്കില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. വിജയ് സേതുപതിയും അത്തരമൊരു സാഹസത്തിനു തല വെച്ച് കൊടുക്കില്ല എന്നും കരുതാം. മാസ്റ്ററിന്റെ ടീസർ അതിന്റെ പ്രമേയത്തേക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നില്ലെങ്കിലും മമ്മൂക്കയുടെ മാസ്റ്റർപീസിന്റെതടക്കം പല കഥകളുമായി പ്രേക്ഷകർ സജീവമായിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും കൺവിൻസിങ് ആയിട്ടുള്ളത് ആൾട്ടർ ഇഗോ പ്രമേയമാക്കിയാണ് ലോകേഷിന്റെ മാസ്റ്റർ എന്നുള്ളത് തന്നെയാണ്. കാരണം, മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ അതിന്റെ സൂചന ലോകേഷ് തന്നതാണ്. ടീസർ വിഡിയോയിൽ മുഖത്ത് ഒരേപോലത്തെ മാർക്കുകളുള്ള വിജയുടെയും സേതുപതിയുടെയും കഥാപാത്രങ്ങളും അവരുടെ ഫൈറ്റിങ്ങിന്റെ ശൈലികൾ തമ്മിലുള്ള സാമ്യവുമൊക്കെ ഇതിന് അടിവരയിടുന്നതാണ്. ആൾട്ടർ ഇഗോ വീണ്ടും ചർച്ചയാവുമ്പോൾ 21 വർഷങ്ങൾക്ക് മുൻപ് ഡേവിഡ് ഫിഞ്ചർ എന്ന വിഖ്യാത സംവിധായകൻ സംവിധാനം നിർവ്വഹിച്ചു ബ്രാഡ് പിറ്റും എഡ്വേഡ് നോർട്ടനും തകർത്താഭിനയിച്ച ഫൈറ്റ് ക്ലബ്ബ്‌ എന്ന കൾട്ട് ഫോളോവിങ് ഉള്ള ക്ലാസ്സിക് ഹോളിവുഡ് ചിത്രത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലല്ലോ? അതുകൊണ്ട് തന്നെ ഇത് മാസ്റ്ററിന്റെ ടീസർ റിവ്യൂ അല്ല, ഫൈറ്റ് ക്ലബ്ബ്‌ എന്ന ക്ലാസ്സിക് സിനിമയുടെ എക്സ്പ്ലനേഷനാണ്.




■ യൂട്യൂബിൽ ഞാൻ പിച്ച വെച്ചു തുടങ്ങിയ കാലത്ത് ചെയ്ത വീഡിയോകളിൽ ഒന്നായിരുന്നു ഫൈറ്റ് ക്ലബ്ബിന്റെ റിവ്യൂ. അതിന്റെ പോരായ്മകൾ ആ വീഡിയോക്ക് ഉണ്ട് താനും. പക്ഷേ, ഫൈറ്റ് ക്ലബ്ബ്‌ എക്സ്പ്ലൈൻ ചെയ്യാമോ എന്ന റിക്വസ്റ്റുകൾ ഇപ്പോഴും അതിന് ചുവട്ടിൽ വരാറുണ്ട്. "ഇതൊക്കെ എക്സ്പ്ലൈൻ ചെയ്യാൻ മാത്രമുണ്ടോ, എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്നതല്ലേ" എന്ന നിസാര ഭാവത്തിൽ അവഗണിച്ചതായിരുന്നു ഇത്രയും കാലം ആ എക്സ്പ്ലനേഷൻ റിക്വസ്റ്റുകൾ. എന്നാൽ മാസ്റ്റർ ടീസർ ഇറങ്ങി ആൾട്ടർ ഇഗോ വീണ്ടും ചർച്ചയാകുമ്പോൾ ഫൈറ്റ് ക്ലബ്ബ്‌ എക്സ്പ്ലൈൻ ചെയ്യാനുള്ള സമയമാണ് ഇതെന്ന് ഞാൻ കരുതുന്നു. കാരണം, ആൾട്ടർ ഇഗോ ഞാൻ നിസ്സാരവൽക്കരിച്ചത് പോലെ അത്രയ്ക്ക് നിസ്സാരമല്ല. ആദ്യം ഫൈറ്റ് ക്ലബ്ബിന്റെ പ്ലോട്ടിലേക്ക് വരാം.




അതിന് മുൻപ് ഇനി വരാനുള്ള ഹെവി സ്പോയിലറുകളെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ്. ഫൈറ്റ് ക്ലബ്ബ്‌ എന്ന സിനിമ ഇതുവരെ കാണാത്തവർ തുടർന്നുള്ള വീഡിയോ ഒരു കാരണവശാലും കാണാതിരിക്കുക. അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.




✍sʏɴᴏᴘsɪs                


■ ഇൻസോംന്യ കൊണ്ടും തന്റെ വിരസമായ ജോലി കൊണ്ടും അസ്വസ്ഥനായ നായക കഥാപാത്രം അതിൽ നിന്നും മുക്തി നേടാൻ ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നു. ഡോക്ടർ അയാളോട് ക്യാൻസർ രോഗികളുടെ കൂട്ടാഴ്മയിൽ പോയി അൽപ്പ സമയം ചെലവഴിക്കാൻ നിർദ്ദേശിക്കുന്നു. ക്യാൻസർ രോഗികൾ അവരുടെ ദുഃഖങ്ങളും വേദനകളും അയാളോടും അയാൾ തിരിച്ചും തന്റെ വേദനകൾ പങ്കുവെക്കുന്നതിലൂടെ ആശ്വാസം കണ്ടെത്തുന്നു. അവിടെ വെച്ചാണ് നായകൻ മർലാ സിംഗർ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഒരു വിമാന യാത്രയിൽ വെച്ച് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ടൈലർ ഡർഡൻ എന്ന സോപ്പ് കച്ചവടക്കാരനെ പരിചയപ്പെടുന്നത് നായകൻറെ ജീവിതത്തിലെ വഴിത്തിരിവാകുന്നു. താൻ താമസിക്കുന്ന അപ്പാർട്ട്മെന്റ് ഒരു ഉഗ്രസ്ഫോടനത്തിൽ നശിക്കുന്നതോടെ നായകൻ സമ്മർദ്ദത്തിലാകുന്നു. മറ്റൊരു താമസ സ്ഥലം ശരിയാക്കിത്തരാൻ സാധിക്കുമോ എന്ന് നായകൻ ടൈലർ ഡർഡനോട് സഹായമഭ്യർത്ഥിക്കുന്നു. പക്ഷേ ടൈലർ, അയാളുമായി ഫൈറ്റിൽ ഏർപ്പെട്ടാൽ മാത്രം നായകനെ കൂടെ താമസിപ്പിക്കാം എന്ന നിലപാടെടുക്കുന്നു. പഞ്ച പാവമായ നായകൻ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുന്നു. പരസ്പരമുള്ള സൗഹൃദപരമായ ഫൈറ്റുകളിലൂടെ സമ്മർദ്ദമകറ്റുന്ന പുതിയൊരു ശൈലിക്ക് നായകനും ഡർഡനും തുടക്കമിടുന്നു. പിന്നീട് ഫൈറ്റിലൂടെ ആശ്വാസം കണ്ടെത്തുന്ന "ഫൈറ്റ് ക്ലബ്ബ്" എന്നൊരു രഹസ്യ ഗ്രൂപ്പ്‌ ഇരുവരുടെയും നേതൃത്വത്തിൽ രൂപീകൃതമാകുന്നു. ധാരാളം ആളുകൾ ഫൈറ്റ് ക്ലബ്ബിലേക്ക് ആകർഷിക്കപ്പെടുന്നു. ഫൈറ്റ് ക്ലബ്ബ് വലിയൊരു സംഘടനയായി വളരുന്നു. ഫൈറ്റ് ക്ലബ്ബിലുള്ള അംഗങ്ങൾ പുറത്ത് അവരുടെ ഐഡന്റിറ്റി എന്തൊക്കെയായാലും ഫൈറ്റ് ക്ലബ്ബിനെക്കുറിച്ച് സംസാരിക്കരുത് എന്നതായിരുന്നു ഫൈറ്റ് ക്ലബ്ബിൽ അംഗമാകാനുള്ള ആദ്യത്തെ നിബന്ധന. ഫൈറ്റ് ക്ലബ്ബ് നായകന്റെ അറിവോടുകൂടിയല്ലാതെ ടൈലർ ഡർഡന്റെ നേതൃത്വത്തിൽ ഒരു സാമൂഹ്യ വിരുദ്ധ സംഘടനയായി മാറുകയാണ്. ഇതാണ് ഫൈറ്റ് ക്ലബ്ബ്‌ എന്ന ചിത്രത്തിന്റെ ഏറിയ പങ്കും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനായി കാണിക്കുന്ന കഥ.




■ ക്ലൈമാക്സിൽ നായകനെ കൊല്ലാനായി തോക്ക് ചൂണ്ടി നിൽക്കുന്ന വില്ലനായ ടൈലർ ഡർഡനും നായകനും ഒരേ ആള് തന്നെയാണെന്നും ടൈലർ ഡർഡൻ നായകന്റെ ആൾട്ടർ ഇഗോ മാത്രമായിരുന്നെന്നും വെളിപ്പെടുത്തുന്നതോടെ പ്രേക്ഷകരുടെ സകല കിളികളും ഒരുമിച്ച് പറക്കുകയാണ്. ചിലരൊക്കെ സംവിധായകനെ ശപിച്ചു കാണണം. പടം ഇറങ്ങിയത് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഇപ്പോൾ ഇത്രയ്ക്ക് പാടിപ്പുകഴ്ത്തുന്ന ഈ നമ്മൾ തന്നെ എട്ടു നിലയിൽ പൊട്ടിച്ച് കൈയ്യിൽ കൊടുത്തേനെ എന്നത് മൂന്നര തരം. ഫൈറ്റ് ക്ലബ്ബ് ഹോളിവുഡിൽ ഇറങ്ങിയപ്പോൾ സായിപ്പന്മാരും പൊട്ടിച്ചു കൈയ്യിൽ കൊടുത്തിരുന്നു എന്നത് വേറെ കാര്യം. പിന്നീട് ഇറങ്ങിയ ഡിവിഡിയായിരുന്നു പടത്തെ രക്ഷിച്ചത്. നായകന്റെ പേര് അവസാനം വരെ മറച്ചു വെക്കുമ്പോഴും പ്രേക്ഷകരെ താൻ വലിയൊരു കെണിയിലാണ് പെടുത്താൻ പോകുന്നത് എന്നതിന്റെ സൂചന ആദ്യം തൊട്ടേ പലയിടങ്ങളിലായി ഫിഞ്ചർ നൽകുന്നുണ്ട്.




ആദ്യ സൂചന, സൈക്യാട്രിസ്റ്റിനെ കാണാൻ പോകുന്ന നായകൻ, ഡോക്ടർ സംസാരിച്ച് തിരിച്ചു പോകുമ്പോൾ ഡോക്ടറുടെ പിന്നിൽ ഒരൊറ്റ സെക്കന്റ് ഫ്ലാഷ്ഡ് ഇമേജായി ടൈലർ ഡർഡനെ കാണുന്നു.

ക്യാൻസർ രോഗികളുമായുള്ള കൂടിക്കാഴ്ച്ചയിലും അവരുടെ പിന്നിൽ ടൈലറെ ഫ്ലാഷ്ഡ് ഇമേജായി നായകൻ കാണുന്നുണ്ട്. ഇതൊന്നും പക്ഷേ, തിയറ്ററിൽ നിന്നും സിനിമ കണ്ട പ്രേക്ഷകർ ശ്രദ്ധിച്ചെന്നും വരില്ല. കാരണം തിയറ്ററിൽ പൗസ് ബട്ടൺ ഇല്ലല്ലോ.

മറ്റൊരു സൂചന, തന്റെ അപ്പാർട്ട്മെന്റ് തകർന്നത് കാരണം സഹായമഭ്യർത്ഥിക്കാനായി പേ ഫോണിൽ ടൈലറെ വിളിക്കാൻ പോകുന്ന നായകന് ആദ്യ വിളിയിൽ ടൈലറെ കിട്ടുന്നില്ല. ടൈലർ പേ ഫോണിലേക്ക് തിരിച്ചു വിളിക്കുകയാണ്‌. പക്ഷേ, പേ ഫോണിന് മുകളിലായി "നോ ഇൻകമിങ് കോൾസ് അലോവ്ഡ്" എന്ന് വ്യക്തമായും എഴുതി വെച്ചിട്ടുണ്ട്. ഡർഡൻ യാഥാർഥ്യമല്ല, നായകന്റെ സങ്കല്പമാണെന്നുള്ള സൂചന അവിടെയും സംവിധായകൻ നൽകുന്നു. പക്ഷേ, ഇവിടെയും പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല, സ്വാഭാവികം.

അടുത്ത സൂചന, ഐയാം ജാക്ക് സ്മിർക്കിങ് റിവഞ്ച് സീൻ.

ജോലിയിൽ നിന്നും തന്നെ പിരിച്ചു വിട്ടത് ചോദിക്കാൻ ചെന്ന നായകൻ മാനേജരുടെ മുന്നിൽ വെച്ച് സ്വയം ഇടിച്ചു പരിക്കേൽപ്പിക്കുന്നു. ടൈലറുമായുള്ള ആദ്യ ഫൈറ്റ് താൻ ഓർത്തു പോയി എന്ന് നായകനായ നരേറ്റർ പറയുന്നത് വ്യക്തമായി കേൾക്കാം.

അടുത്തത്, നായകനെ പിക്ക് ചെയ്യാൻ വന്ന ഡർഡൻ മനഃപൂർവ്വം മറ്റൊരു കാറിൽ ഇടിപ്പിക്കുന്നു. അപ്പോൾ ടൈലറാണ് ഡ്രൈവിങ് സീറ്റിൽ. പക്ഷേ, അപകടത്തിന് ശേഷം തലകീഴായി മറിഞ്ഞ കാറിൽ നിന്നും ആദ്യം പുറത്തു വരുന്ന ടൈലർ പാസഞ്ചർ സൈഡിൽ നിന്നുമാണ് ഇറങ്ങുന്ന, നായകനെ വലിച്ചെടുക്കുന്നത് ഡ്രൈവർ സൈഡിൽ നിന്നും. വാഹനം ആദ്യം തൊട്ട് ഓടിച്ചിരുന്നത് നായകൻ തന്നെയായിരുന്നെന്ന് വ്യക്തമാക്കുന്നു.




ഇനി.. എന്താണ് ആൾട്ടർ ഇഗോ..?


ഒരാളുടെ ദ്വിമാന വ്യക്തിത്വം, അല്ലെങ്കിൽ അയാളുടെ ഉപബോധ മനസ്സ് തന്നെയാണ് ആൾട്ടർ ഇഗോ. ഒരാളുടെ പ്രത്യക്ഷത്തിലുള്ള സ്വഭാവത്തിൽ നിന്നും വിഭിന്നമായി ചില സമയങ്ങളിൽ മറ്റൊരു വ്യക്തിയായി തന്നെ പെരുമാറുന്നതിനെ ആൾട്ടർ ഇഗോ എന്ന് പറയാം. ഈയൊരു അവസ്ഥയെ സൈക്കോസിസ് എന്നൊക്കെ പറയാമെങ്കിലും വളരെ നോർമലായ വ്യക്തികളിൽ പോലും ആൾട്ടർ ഇഗോ പ്രത്യക്ഷപ്പെടാറുണ്ട്. പലർക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു ഉദാഹരണം പറയാം. ഉറക്കത്തിലുള്ള സമയത്ത് ആരെങ്കിലും വിളിച്ചുണർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ നമ്മുടെ പ്രതികരണം മറ്റൊരാളെപ്പോലെയായിരിക്കും. ആ സമയത്ത് നമ്മൾ എന്ത് ചെയ്‌തെന്നോ എന്ത് പറഞ്ഞെന്നോ നമുക്ക് പിന്നീട് ഓർക്കാൻ പോലും കഴിയില്ല. നമ്മുടെയുള്ളിലെ ആൾട്ടർ ഇഗോ പുറത്ത് വന്നതായിരിക്കാം. ആൾട്ടർ ഇഗോ നമ്മൾ ആകണം എന്നാഗ്രഹിച്ച സ്വഭാവമായിരിക്കാം, അല്ലെങ്കിൽ നമ്മളെ ഇൻസ്പിരേറ്റ് ചെയ്ത വ്യക്തിത്വങ്ങൾ ആയിരിക്കാം. ഒരു തീരുമാനമെടുക്കുമ്പോൾ അത് ശരിയാണെന്ന് നമ്മുടെ മനസ്സ് പറയുമ്പോൾ അത് തെറ്റാണെന്ന് പറയുന്ന ഒരു ഉപബോധ മനസ്സും നമുക്കുണ്ട്. മലയാളത്തിൽ ആൾട്ടർ ഇഗോയെ ബേസ് ചെയ്തു ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ചൊരു മൂവി, ഫാസിലിന്റെ മണിച്ചിത്രത്താഴ് ആണ്. ശോഭന അവതരിപ്പിച്ച ഗംഗയെന്ന കഥാപാത്രം നാഗവല്ലി എന്ന മറ്റൊരു വ്യക്തിയായി പെരുമാറുന്നത് നാഗവല്ലി അത്രമാത്രം അവളെ ഇൻസ്പയർ ചെയ്തത് കൊണ്ടാണ്. താൻ നാഗവല്ലിയായിരുന്നെങ്കിൽ എന്ന് അവൾ അത്രമാത്രം കൊതിച്ചിരുന്നു. തൽഫലമായി ഗംഗയുടെ ഉപബോധ മനസ്സ്, അല്ലെങ്കിൽ ആൾട്ടർ ഇഗോ നാഗവല്ലിയായി പുനർജ്ജനിക്കുന്നു. തമിഴിലാണെങ്കിൽ കുറച്ച് എക്‌സാഗറേറ്റ് ചെയ്തിട്ടാണെങ്കിലും അത് അന്യനാണ്. ഗംഗയും അമ്പിയും ഫൈറ്റ് ക്ലബ്ബിലെ നായകനുമൊക്കെ സൈക്കോളജിക്കൽ ആസ്‌പെക്ട്സിൽ അവരുടെ ആൾട്ടർ ഇഗോയെക്കുറിച്ച് അജ്ഞരായിരിക്കാം. പക്ഷേ, സ്വന്തം ആൾട്ടർ ഇഗോ അറിഞ്ഞുകൊണ്ട് ജീവിക്കുന്നവരുമുണ്ട്. അതിന് മലയാളത്തിൽ ഏറ്റവും ആപ്റ്റായിട്ടുള്ളത് പകൽ മാന്യന്മാർ എന്ന വാക്കാണ്. നമ്മുടെ സൂപ്പർ ഹീറോസിനെ ഉദാഹരണമാക്കിയാൽ ആൾട്ടർ ഇഗോ എക്സ്പ്ലൈൻ ചെയ്യാൻ വളരേ എളുപ്പമാണ്. നോർമൽ ലൈഫിൽ പാവത്താനായ സ്കൂൾ ഹൈസ്‌കൂൾ വിദ്യാർഥിയായ പീറ്റർ പാർക്കർ രഹസ്യമായി അമാനുഷിക ശക്തിയുള്ള സ്‌പൈഡർമാൻ എന്ന ആൾട്ടർ ഇഗോ കൊണ്ടു നടക്കുന്നു. ഡെയിലി പ്ലാനറ്റിന്റെ റിപ്പോർട്ടറായ ക്ലാർക്ക് കെന്റിന്റെ ആൾട്ടർ ഇഗോ ആയിരുന്നു സൂപ്പർമാൻ. പണ്ഡിറ്റ് ഗംഗാദറിന്റെ ആൾട്ടർ ഇഗോ ആയിരുന്നു ശക്തിമാൻ. ഒരു കഥാപാത്രത്തിന്റെ ആൾട്ടർ ഇഗോ കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ടെങ്കിൽ അത് സലാം കശ്മീരിലെ ജയറാമിന്റെ മേജർ ശ്രീകുമാറിനെ കണ്ടിട്ട് മാത്രമാണ് 😌




ആൾട്ടർ ഇഗോയ്ക്ക് ഏറ്റവും മികച്ചൊരു ഉദാഹരണമായി സോഷ്യൽ മീഡിയയെ പറയാം. ഫേക്ക് പ്രൊഫൈലുകളെ മാത്രമല്ല ഉദ്ദേശിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ വളരേ അന്തർമുഖരും നേരിട്ട് കണ്ടാൽ ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത പലരും സോഷ്യൽ മീഡിയയിലേക്ക് കടക്കുമ്പോൾ വളരെ സ്മാർട്ടും വിഭിന്നരായ വ്യക്തികളുമാകുന്നു.




ഇനി.. ആരാണ്.. അല്ലെങ്കിൽ.. എന്താണ്.. ഫൈറ്റ് ക്ലബ്ബിലെ ടൈലർ ഡർഡൻ..?


ടൈലർ ഡർഡനെ നായകന്റെ ആൾട്ടർ ഇഗോ എന്ന് ഒറ്റ വാക്കിൽ പറയാമെങ്കിലും താൻ ആരാണ്.. അല്ലെങ്കിൽ എന്താണെന്ന് ടൈലർ തന്നെ നായകനോട് പറയുന്നുണ്ട്. കാപിറ്റലിസത്തിന്റെ വലിയൊരു ഇരയാണ് ഫൈറ്റ് ക്ലബ്ബിലെ നായകൻ. അതിനെതിരെ പോരാടാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, തന്റെ നന്മ മരം പേഴ്സനാലിറ്റി അയാളെ അതിന് അനുവദിക്കുന്നുമില്ല. അവിടെയാണ് ടൈലർ ഡർഡൻ എന്ന വ്യക്തിയെ അയാൾ നിർമ്മിച്ചെടുക്കുന്നത്. ഒരു ചുവന്ന ലെതർ ജാക്കറ്റ് ധരിക്കുന്ന, വളരേ ചുറുചുറുക്കുള്ള, താൻ ആഗ്രഹിച്ചതെല്ലാം ഉടനെ നടപ്പിലാക്കുന്ന ഒരു സോപ്പ് കച്ചവടക്കാരനാണ് നായകന്റെ കണ്ണിലെ ടൈലർ. ടൈലർ തന്നെ നായകനോട് പറയുന്നത് ഓർമ്മയില്ലേ? "നീ ആവാൻ ആഗ്രഹിച്ചതെന്താണോ.. അതാണ് ഞാൻ. നീ എങ്ങനെ കാണാൻ ആഗ്രഹിച്ചോ.. അതാണ് ഞാൻ. ഞാൻ സ്മാർട്ടാണ്. എന്തും ചെയ്യാൻ കഴിവുള്ളവനാണ്. അതിലും പ്രധാനപ്പെട്ട കാര്യം, ഞാൻ സ്വതന്ത്രനാണ്. നീ എങ്ങനെയൊക്കെ അല്ലയോ.. അങ്ങനെയൊക്കെ." തന്റെ ജീവിതം തകർത്തവരോട് പകരം വീട്ടാൻ നായകൻ തന്റെ ഉപബോധ മനസ്സിൽ സൃഷ്ടിച്ചെടുത്ത ഒരു വാടക ഗുണ്ടയാണ് ടൈലർ ഡർഡൻ എന്ന് വേണമെങ്കിൽ പറയാം. ടൈലർ സർവ്വ സ്വാതന്ത്രനാണ്, ഒരു നിയമവും അയാൾക്ക് പ്രതിബന്ധമാവുന്നില്ല. തന്റെ ആൾട്ടർ ഇഗോയെ നിയമവിരുദ്ധമായ എന്തും ചെയ്യാൻ വിട്ടിട്ട് നായകൻ നന്മ മരമായി തന്നെ നിലനിൽക്കാൻ ആഗ്രഹിക്കുന്നു. നായകനും ടൈലറും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം തന്നെ നടക്കുന്നത് നായകന്റെ തലയ്ക്കുള്ളിലാണ്.




പക്ഷേ, നായകനെ പരിചയമുള്ളവർക്ക് ടൈലർ ഡർഡൻ എന്നാൽ നായകൻ തന്നെയാണ്. മർലയ്ക്ക് നായകൻ എന്നാൽ മൂഡ് സ്വിങ്ങുള്ള ടൈലറാണ്. അവസാനം താനും ടൈലറും തുടങ്ങി വെച്ച ഫൈറ്റ് ക്ലബ്ബ് ടൈലർ ഒരു തീവ്രവാദ സംഘടനയാക്കി എന്ന് നായകൻ തിരിച്ചറിയുമ്പോൾ അയാൾ ടൈലറെ തേയിറങ്ങുന്നു. ഫ്ലൈറ്റ് ടിക്കറ്റുകളും മറ്റുമെല്ലാം അയാൾ ടൈലറെ കണ്ടെത്താൻ ഉപയോഗിക്കുന്നു. ടൈലർ പോയ ഇടമെല്ലാം അയാൾക്ക് മുൻപെങ്ങോ കണ്ടുമറന്ന പോലെയുള്ള ദേജാവൂ ആയി അനുഭവപ്പെടുന്നു. ഇതെല്ലാം സ്വയം സംശയിക്കാൻ നായകനെ നിർബന്ധിക്കുമ്പോഴാണ് അയാൾ മാർലയെ വിളിക്കുന്നത്. "നീയെന്നെ സ്നേഹിക്കുന്നു, നീയെന്നെ വെറുക്കുന്നു.." എന്നിങ്ങനെയുള്ള മാർലയുടെ വാക്കുകളിൽ നിന്നും അയാളാ സത്യം മനസ്സിലാക്കുന്നു. അയാൾ തേടി നടന്ന ആ ക്രിമിനൽ, ടൈലർ ഡർഡൻ.. അത് അയാൾ തന്നെയാണ്.." അയാൾ അയാൾക്ക് വേണ്ടി തന്നെ സൃഷ്ടിച്ചെടുത്ത മറ്റൊരു വ്യക്തിത്വം മാത്രമായിരുന്നു ടൈലർ. ടൈലർ ചെയ്യുന്നു എന്ന് അയാൾ കരുതിയ ഓരോ പ്രവൃത്തിയും ചെയ്യുന്നത് അയാൾ സ്വയം തന്നെയായിരുന്നെന്ന് നായകൻ ഓർത്തെടുക്കുന്നു. 




Ending Explained


ഫൈറ്റ് ക്ലബ്ബിന്റെ ഏറ്റവും ആദ്യത്തെ സീനിൽ തന്നെയാണ് ഫൈറ്റ് ക്ലബ്ബിന്റെ ക്ലൈമാക്സ്‌ തുടങ്ങുന്നതും. ഒരു ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നായകനെ ബന്ധനസ്ഥനാക്കി അയാളുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ടൈലർ. പ്രോജെക്ട് മേയ്ഹത്തിനു താൻ വിജയകരമായി തുടക്കമിട്ടിട്ടുണ്ടെന്ന് നായകനോട് വെളിപ്പെടുത്തുന്ന ടൈലർ. ടൈലർ ഡർഡൻ എന്ന വ്യക്തി തന്റെ തന്നെ ആൾട്ടർ ഇഗോയാണെന്ന് മനസ്സിലാക്കുന്ന നായകൻ ടൈലറെ തടയാൻ തനിക്ക് മാത്രമേ കഴിയൂ എന്നും തിരിച്ചറിയുന്നു. തനിക്ക് നേരെ  ടൈലർ തോക്ക് ചൂണ്ടിയിട്ടുണ്ടെങ്കിൽ ആ തോക്ക് യഥാർത്ഥത്തിൽ തന്റെ കൈയ്യിൽ തന്നെയാണെന്ന് നായകൻ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവിൽ തോക്കിന്റെ നിയന്ത്രണം നായകൻ ഏറ്റെടുത്ത് ടൈലർക്കെതിരെ നിറയൊഴിക്കുകയാണ്. ഇതുവരെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതാണ്. പക്ഷേ, പിന്നീടങ്ങോട്ടുള്ളതാണ് എക്സ്പ്ലൈൻ ചെയ്യപ്പെടേണ്ടത്. അല്ലേ?




നായകൻ ടൈലർക്ക് നേരെ നിറയൊഴിക്കുമ്പോൾ ടൈലറിന്റെ തലച്ചോറ് തുളച്ചുകൊണ്ട് വെടിയുണ്ട തലയ്ക്കു പിന്നിലൂടെ പുറത്തുപോകുന്നു. ടൈലർ തൽക്ഷണം മരിച്ചു വീഴുന്നു. പക്ഷേ, എന്തുകൊണ്ട് നായകൻ മരിക്കുന്നില്ല?


തോക്ക് ഒരു കൈയ്യിൽ നിന്നും മറ്റൊരു കൈയ്യിലേക്ക് മാറ്റി അതിന്റെ നിയന്ത്രണം നായകൻ ഏറ്റെടുക്കുമ്പോൾ അയാൾ തന്റെ തന്നെ ദ്വിമാന വ്യക്തിത്വമായ ടൈലറോട് പറയുന്നത് ശ്രദ്ധിക്കുക. "ടൈലർ, നീയെന്നെ ശ്രദ്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കണ്ണുകൾ തുറന്നിരിക്കുകയാണ്.." ശേഷം നായകൻ വെടിവെക്കുന്നത് തന്റെ കവിളിലേക്കാണ്. എന്നാൽ, തലച്ചോറിലേക്ക് നിറയൊഴിക്കുന്നതായി അയാൾ തന്റെ ടൈലർ എന്ന വ്യക്തിത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ ടൈലർ ഡർഡൻ മരിക്കുകയും നായകൻ രക്ഷപ്പെടുകയും ചെയ്യുന്നു. പക്ഷേ, ടൈലർ തുടങ്ങി വെച്ച പ്രോജെക്ട് മേയ്ഹം എന്ന ക്രിമിനൽ ഓപ്പറേഷൻ തടയാൻ നായകന് സാധിക്കുന്നില്ല. എങ്കിലും ടൈലർ ഡർഡൻ എന്ന വ്യക്തിത്വത്തിൽ നിന്നും നായകൻ പുറത്തു കടക്കുന്നു. ഫൈറ്റ് ക്ലബ്ബിന് തിരശീല വീഴുന്നു...




Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി