ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Soorarai Pottru



Soorarai Pottru » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ ആദ്യം തന്നെ വിന്റേജ് സൂര്യയെ തിരികെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നു. സൂര്യയെ എന്തുകൊണ്ടാണ് നടിപ്പിൻ നായകൻ എന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം സൂരറൈ പൊട്ട്രൂവിന്റെ പല രംഗങ്ങളിലായി നീണ്ടു പരന്നു കിടക്കുകയാണ്.12 വർഷങ്ങൾക്ക് മുൻപ് വാരണം ആയിരത്തിൽ തന്റെ മെയ്ക്കോവറുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സൂര്യ 12 വർഷങ്ങൾക്കിപ്പുറവും അത് അതേപടി ആവർത്തിച്ച് വർഷങ്ങൾ തനിക്ക് വെറും നമ്പറുകൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. സൂര്യയെന്ന താരത്തിലുപരി സൂര്യയെന്ന നടന്റെ സിനിമയാണ് സൂരറൈ പൊട്ട്രൂ. സമ്പന്നരുടെ കുത്തകയായിരുന്ന ഇന്ത്യയിലെ ആകാശ യാത്ര മിഡിൽ ക്ലാസ്സിന് കൂടി പ്രാപ്യമാക്കി എയർ ഡെക്കാനിലൂടെ ഒരു വിപ്ലവത്തിന് തന്നെ തുടക്കമിട്ട  ജി.ആർ. ഗോപിനാഥ്‌ എന്ന റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ക്യാപ്റ്റന്റെ കഥയാണ് സൂരറൈ പൊട്രൂവിൽ പറയുന്നത്. ഒരു ലോ കോസ്റ്റ് യാത്രാ വിമാന കമ്പനി തുടങ്ങുന്നതിനിടയിൽ അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന എതിർപ്പുകളും അതിനെ അദ്ദേഹം തരണം ചെയ്യുന്നതുമെല്ലാം ഒരൽപ്പം സിനിമാറ്റിക് ആയി തന്നെ സൂരറൈ പൊട്രൂവിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. സൂരറൈ പൊട്രൂ പറയുന്നത് ഒരു ജനതയുടെ തന്നെ തലവര മാറ്റിക്കുറിച്ച കഥയാണ്. എയർ ഡെക്കാൻ തുടങ്ങി വെച്ചത് ഇന്ന് മറ്റുള്ളവർ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് ജി.ആർ. ഗോപിനാഥ്‌ എന്ന ദൃഢ നിശ്ചയമുള്ള മനുഷ്യന്റെ കൂടി വിജയമാണ്.




■ സുധ കൊങ്കര സംവിധാനം നിർവ്വഹിച്ച ആക്ഷൻ ഡ്രാമാ തമിഴ് ചിത്രമാണ് സൂരറൈ പൊട്രൂ. ജി. ആർ. ഗോപിനാഥിന്റെ സിംപ്ലി ഫ്ലൈ : എ ഡെക്കാൻ ഒഡിസി എന്ന ആത്മകഥയെ ആസ്‌പദമാക്കി സംവിധായിക സുധ കൊങ്കര, ശാലിനി ഉഷാദേവി, ആലിഫ് സുർഥി, ഗണേശ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൂര്യയിലെ അഭിനേതാവിന് പുറമേ ഉർവശി, അപർണ്ണ തുടങ്ങിയവരെയും വളരേ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞു എന്നുള്ളത് സുധ കൊങ്കര എന്ന സംവിധായികയുടെ വിജയമാണ്. നികേത് ബൊമ്മിറെഡ്ഢി ചായഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സൂര്യയുടെ സിനിമകളിൽ നിന്നും പതിവായി പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ടുകളുടെ അഭാവം ഒരു പോരായ്മയായി തന്നെ അനുഭവപ്പെട്ടു.




✍sʏɴᴏᴘsɪs                


■ ഒരു കുഗ്രാമത്തിൽ നിന്നും എയർഫോഴ്സ് ക്യാപ്റ്റൻ ആവുന്ന നെടുമാരൻ രാജാങ്കം എന്ന മിഡിൽ ക്ലാസ്സ്‌ യുവാവ്. അയാൾ ഒരു മിഡിൽ ക്ലാസ്സിന് താങ്ങാൻ പറ്റാവുന്നതല്ല ഇന്ത്യയിലെ വ്യോമയാന സർവീസ് എന്ന് മനസ്സിലാക്കുന്നതും മിഡിൽ ക്ലാസിനു വേണ്ടി ഒരു ലോ കോസ്റ്റ് വിമാന കമ്പനി തുടങ്ങുക എന്ന ലക്ഷ്യവുമായി ആ രംഗത്തെ പല പ്രമുഖരെ സമീപിക്കുന്നതും അവർ മുഖം തിരിക്കുന്നതും, എന്നാൽ വ്യോമയാന രംഗത്തെ അവരുടെ കുത്തക തകരുമെന്ന് ഭയന്ന് നെടുമാരന്റെ ശത്രുക്കളായി മാറുന്നതുമൊക്കെയാണ് കഥ. അതിനിടയിൽ മാരന്റെ ജീവിത സാഹചര്യങ്ങളും ബൊമ്മി എന്ന സുന്ദരിയെ പരിചയപ്പെടുന്നതും ഒക്കെയായി കഥ വികസിക്കുന്നു. ഒരു വിവാഹത്തേക്കാൾ ഉപരി ബൊമ്മിക്ക് ഒരു ബേക്കറി തുടങ്ങി സ്വന്തം കാലിൽ നിൽക്കുക എന്നതായിരുന്നു പരമമായ ലക്ഷ്യം. അതിനവൾ കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നു. ബേക്കറിയും വിമാനവും, അങ്ങനെ രണ്ടു വ്യത്യസ്ത ധ്രുവങ്ങൾ തമ്മിലുള്ള ക്രോസ്സ് ഓവർ എത്ര കണ്ട് വിജയിക്കുമോ എന്നത് കൂടി വിഷയമാകുന്നു. മാരനൊപ്പം ബൊമ്മി കൂടി ചേരുമ്പോൾ കേവലമൊരു പുരുഷ കേന്ദ്രീകൃത സിനിമയാകുന്നില്ല, ശക്തമായ സ്ത്രീപക്ഷം കൂടി പറയുന്നതാണ് സുധ കൊങ്കരിയുടെ സൂരറൈ പൊട്രൂ.




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ ഇടക്കാലത്ത് നഷ്ടപ്പെട്ടു പോയ സൂര്യയെന്ന അഭിനേതാവിന്റെ ശക്തമായ തിരിച്ചു വരവ് എന്ന് തന്നെ പറയാം സൂരറൈ പൊട്രൂവിലെ  നെടുമാരൻ എന്ന കഥാപാത്രത്തെ. ഒരു താരത്തേക്കാളുപരി മികച്ചൊരു അഭിനേതാവാണ് താനെന്ന് ഓരോ രംഗങ്ങളിലും അദ്ദേഹം തെളിയിക്കുന്നുണ്ട്. ഏത് രംഗത്തിലാണ് സൂര്യ മികച്ചത് എന്ന് പ്രേക്ഷകനെ അക്ഷരാർത്ഥത്തിൽ കൺഫ്യൂഷൻ ആക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. ഇനി പറയേണ്ടത് നെടുമാരന്റെ അമ്മ പേച്ചിയായി വേഷമിട്ട ഉർവശി ചേച്ചിയുടെ അഭിനയത്തേക്കുറിച്ചാണ്. ഹലാൽ ലവ് സ്റ്റോറി ഇറങ്ങിയ സമയത്ത് ഉർവശി ഒഴിച്ചിട്ട കസേരയിലേക്ക് ആളെത്തി എന്ന തരത്തിൽ ഗ്രേസ് ആന്റണിയെ ചൂണ്ടിക്കാട്ടി നടി പാർവ്വതി പറഞ്ഞിരുന്നു. പക്ഷേ, ഉർവശിയെന്ന അഭിനേത്രിയോട് താരതമ്യം ചെയ്യപ്പെടണമെങ്കിൽ പിള്ളേര് കുറച്ചൂടെ മൂക്കണം എന്ന് വിളിച്ചു പറയുന്ന പോലത്തെ അസാധ്യ പ്രകടനമായിരുന്നു സൂരറൈ പൊട്രൂവിൽ ഉർവശി ചേച്ചിയുടേത്. ഉർവശിയെന്ന നടി വരച്ചിട്ട മൈൽസ്റ്റോണിൽ തൊടാൻ ഉർവശിക്ക് മാത്രമേ കഴിയൂ. ഉർവശി പഴയത്, ഉർവശി പുതിയത് എന്നൊന്നുമില്ല. ഇവിടെ ഒരൊറ്റ ഉർവശിയേയുള്ളൂ. ഉർവശിയുടെ പ്രകടനം അപ്രതീക്ഷിതമൊന്നുമല്ലെങ്കിലും മലയാളത്തിന്റെ സ്വന്തം അപർണ്ണ മുരളി ഞെട്ടിച്ചു എന്ന് തന്നെ പറയാം. ബൊമ്മി എന്ന കഥാപാത്രത്തിൽ മറ്റൊരാളെ സങ്കൽപ്പിക്കുന്നത് തന്നെ അസാധ്യമാക്കുന്നതായിരുന്നു അപർണ്ണയുടെ പ്രകടനം. പരേഷ് ഗോസ്വാമിയായി അഭിനയിച്ച പരേഷ് രാവലും കുറച്ച് രംഗങ്ങളിലേ ഉള്ളൂവെങ്കിലും മാരന്റെ അച്ഛൻ രാജാങ്കമായി വേഷമിട്ട പൂ രാമുവുമെല്ലാം മികച്ച പ്രകടനങ്ങളായിരുന്നു നടത്തിയത്. മോഹൻ ബാബു (എം. ബി. നായിഡു), വിവേക് പ്രസന്ന (സെബി), കൃഷ്ണകുമാർ (ചെ), കാളി വെങ്കട്ട് (കാളി), ഡാൻ ദനോവ (വിമൽ ബാലയ്യ), കരുണാസ് (ആലപ്പരെ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. 




📎 ʙᴀᴄᴋwᴀsʜ


■ സൂരറൈ പൊട്രൂ കണ്ടവർക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പറ്റിയ കുറച്ച് റിയൽ ലൈഫ് കഥാപാത്രങ്ങളുണ്ടായിരുന്നു വിമൽ ബാലയ്യ എന്ന വിജയ് മല്ല്യയെപ്പോലെ. എന്നാൽ, നെടുമാരൻ എന്ന ഗോപിനാഥന് നിരന്തരം പണി കൊടുത്തു കൊണ്ടിരുന്ന പരേഷ് റാവൽ അവതരിപ്പിച്ച പരേഷ് ഗോസ്വാമിയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജാസ് എയർലൈൻസും ഏതാണെന്ന് ചിലരെങ്കിലും ചിന്തിച്ചു കാണും. ജെറ്റ് എയർവെയ്‌സിന്റെ സ്ഥാപകനായ നരേഷ് ഗോയലിനെയാണ് പരേഷ് ഗോസ്വാമി പ്രതിനിധാനം ചെയ്യുന്നത്. നരേഷ് ഗോയൽ ഒരു മണി ലോണ്ടറിങ് കേസിൽ അകപ്പെട്ടിരുന്നു. 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്‌സ് സേവനം നിർത്തി വെച്ചു. എയർ ഡെക്കാന്റെ പാത പിന്തുടർന്ന് ഇൻഡിഗോയും ഗോ എയറും സ്പെയ്സ് ജെറ്റുമെല്ലാം മുന്നോട്ട് വന്നെങ്കിലും 2008ൽ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം എയർ ഡെക്കാനെ വിജയ് മല്യയുടെ കിങ് ഫിഷർ എയർലൈൻസ് ഏറ്റെടുത്തു. സൂരറൈ പൊട്രൂവിൽ തന്റെ എയർവേയ്‌സ് ഏറ്റെടുക്കാൻ താല്പര്യപ്പെട്ട ബാലയ്യയോട് മാരൻ പറയുന്ന "നിങ്ങൾ സോഷ്യലൈറ്റും ഞാൻ സോഷ്യലിസ്റ്റുമാണ്" എന്ന മാസ്സ് ഡയലോഗ്, മുൻപ് മല്ല്യ എയർ ഡെക്കാൻ ഏറ്റെടുക്കാൻ പോകുന്നു എന്ന റൂമർ പരന്നപ്പോൾ ഗോപിനാഥ്‌ പറഞ്ഞ "ഞങ്ങൾ വ്യത്യസ്ത പ്ലാനെറ്റിൽ നിന്നാണ്, അയാൾ വ്യാഴത്തിൽ നിന്നും ഞാൻ ചൊവ്വയിൽ നിന്നുമാണ്" എന്ന ഡയലോഗ് മാറ്റി എഴുതിയതാവാനേ തരമുള്ളൂ.




MyRating 4/5



 


                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...