ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Paava Kadhaigal

 


Paava Kadhaigal » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഏതൊരു സാധാരണ പടം പോലെയും, പക്ഷേ കഥയറിഞ്ഞു ആട്ടം കാണുന്നവർക്ക് ഒരു പ്യുവർ ജെം ആയും ഫീൽ ചെയ്യുന്ന അത്യപൂർവ്വമായൊരു ആന്തോളജി വെബ് സീരീസാണ് പാവ കഥൈകൾ. പേര് പോലും നമ്മൾ മലയാളികളെ തെറ്റിദ്ധരിപ്പിക്കും. കാരണം, പാവ കഥൈകൾ നമ്മൾ മലയാളികൾ വായിക്കേണ്ടത് പാപക്കഥകൾ എന്നാണ്. നാല് പാപങ്ങളുടെ കഥകൾ. തങ്കം, ലവ് പണ്ണാ ഉട്രണം,വാന്മകൾ,ഊര് ഇരവ് എന്നിങ്ങനെ നാല് കൊച്ചു സിനിമകൾ കൂടിച്ചേർന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പാവ കഥൈകൾ എന്ന വെബ്സീരീസിന്റെ ആദ്യ സീസൺ. ഒരു തെന്നിന്ത്യൻ ഭാഷയിലെ നെറ്റ്‌ഫ്ലിക്‌സിന്റെ അരങ്ങേറ്റം ഒട്ടും മോശമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പാവ കഥൈകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ. ഇത് നെറ്റ്ഫ്ലിക്സിനെ രണ്ടാം സീസണ് പ്രേരിപ്പിക്കും എന്നത് തന്നെയാണ് സിനിമാ പ്രേമികളുടെ ഏറ്റവും വലിയ പ്രതീക്ഷ. നെറ്റ്ഫ്ലിക്സ് മുൻപ് ചെയ്ത ആന്തോളജി വെബ്സീരീസുകളായ ഗോസ്റ്റ് സ്റ്റോറീസും ലസ്റ്റ് സ്റ്റോറീസുമൊക്കെ പ്രൊഡ്യൂസ് ചെയ്ത ആഷി ദുവായും റോണി സ്‌ക്രൂവാലയും ഒക്കെത്തന്നെയാണ് പാവ കഥൈകളുടെയും നിർമ്മാതാക്കൾ.




■ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് ഇൻഡസ്ട്രിയിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച സുധ കൊങ്കര, വിഘ്‌നേഷ് ശിവൻ, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവരാണ് യഥാക്രമം തങ്കം, ലവ് പണ്ണാ ഉട്രണം, വാന്മകൾ, ഊര് ഇരവ് എന്നീ സിനിമകൾ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇരുധി സുട്രൂവിലൂടെ മാധവനെയും സൂരറൈ പോട്രൂവിലൂടെ സൂര്യയെയും ഗംഭീരമായി തിരിച്ചു കൊണ്ടുവന്ന സുധ ഇപ്രാവശ്യം കാളിദാസ് ജയറാമിലെ അഭിനയ പ്രതിഭയെയും തിരിച്ചു കൊണ്ടു വന്ന് ഫീൽഡ് ഔട്ട് ആയിപ്പോകുമായിരുന്ന നല്ല നടന്മാരെ തിരിച്ചു കൊണ്ടുവരുന്ന മികച്ച ഡയരക്ടർ എന്നൊരു പേരിന് അർഹയായിരിക്കുകയാണ്. സംവിധായകരിലെ തനി തങ്കം തന്നെയാണ് താനെന്നാണ് തങ്കത്തിലൂടെ സുധ തെളിയിച്ചിരിക്കുന്നത്. മലയാളികളുടെ സ്വന്തം ജോമോൻ ടി. ജോണാവട്ടെ തന്റെ സ്വതസിദ്ധമായ മനോഹര ഛായാഗ്രഹണത്തിലൂടെ തങ്കത്തിന് മാറ്റ് കൂട്ടിയിട്ടുമുണ്ട്. തേനി ഈശ്വറും ഗണേഷ് രാജവേലുവുമാണ് മറ്റു ഛായാഗ്രാഹകർ. വാന്മകൾ സംവിധാനം ചെയ്ത ഗൗതം വാസുദേവ് മേനോനും തന്റെ പ്രതിഭ വിളിച്ചോതി. പക്ഷേ, തീപ്പൊരിയായത് ഊര് ഇരവിലൂടെ വെറും 37 നിമിഷങ്ങൾ കൊണ്ട് പ്രേക്ഷകരെ ഭീകരതയിൽ അകപ്പെടുത്തിയ വെട്രിമാരൻ എന്ന സംവിധായകൻ തന്നെയാണെന്നാണ് എന്റെ അഭിപ്രായം. വിഘ്‌നേഷിന്റെ ലവ് പണ്ണാ ഉട്രണം ഒരു ബ്ലാക്ക് കോമഡി സറ്റയർ ആയതുകൊണ്ട് തന്നെ, നോട്ട് എവെരിവൺസ് കപ് ഓഫ് ടീ എന്ന് പറയേണ്ടി വരും. പക്ഷേ, അത് ചെയ്തു ഫലിപ്പിക്കുന്നതിൽ വിഘ്നേഷ് വിജയിച്ചിട്ടുമുണ്ട്. അനിരുദ്ധ് രവിചന്ദ്രൻ, ജസ്റ്റിൻ പ്രഭാകരൻ, കാർത്തിക് എന്നീ പ്രഗത്ഭ മ്യൂസിഷ്യൻസ് സംഗീത സംവിധായകരായി ഉണ്ടെങ്കിൽ ഇൻട്രോ ലല്ലബൈയിലൂടെ  പാവ കഥൈകളുടെ കഥയിലേക്ക് തന്നെ പ്രേക്ഷകരെ നയിച്ച ശിവാത്മികയാണ് പാവ കഥൈകളിലെ എന്റെ പ്രിയപ്പെട്ട സംഗീത സംവിധായിക. മനോഹരമായ ആ ലല്ലബൈ പാടിയിരിക്കുന്നത് ശിവാത്മികയും അനന്തുവും ചേർന്നാണ്. 




✍sʏɴᴏᴘsɪs                


■ വ്യത്യസ്തമായ നാല് കഥകൾ. പക്ഷേ, അവ നാലും തമ്മിൽ വേർപ്പിരിക്കാൻ സാധിക്കാത്തത്ര ബന്ധം. നാല് കഥകൾക്കും ആത്മാഭിമാനം, പ്രണയം, പാപം, ദുരഭിമാനം എന്നിങ്ങനെ നാല് പാപങ്ങൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ടെങ്കിലും നാലിന്റെയും യഥാർത്ഥ പ്രമേയം നമ്മുടെ സമൂഹത്തിൽ അന്നും ഇന്നും എന്നും നിലനിൽക്കുന്ന ദുരഭിമാനം എന്ന വിഷയം തന്നെയാണ്. ദുരഭിമാനം സംരക്ഷിക്കാൻ വേണ്ടി അഞ്ച് കുടുംബങ്ങൾ ചെയ്യുന്ന പാപങ്ങൾ എന്തൊക്കെയാണ് എന്നതിലേക്കാണ് സമൂഹത്തെ ഒന്ന് പിടിച്ചു കുലുക്കുക എന്ന ഉദ്ദേശ്യത്തോടെ നാല് സംവിധായകർ പാവ കഥൈകളിലൂടെ വിരൽ ചൂണ്ടുന്നത്. കുലുങ്ങേണ്ടവർക്ക് കുലുങ്ങാം, അല്ലാത്തവർക്ക് അനങ്ങാതിരിക്കാം. ഇൻട്രോ സോങ്ങിലെ കാർട്ടൂൺ വിഷ്വൽസിൽ കാണുന്നത് തന്നെയാണ് നാല് സിനിമകളുടെയും മൂല കഥ. ഒരു പെൺകുഞ്ഞിനെ ഓമനിച്ചു വളർത്തുന്ന മാതാപിതാക്കൾ. പിന്നീട് അവരുടെ മകൾ വളർന്നു വലുതായി മുതിർന്ന ഒരുവളായി മാറുന്നതും അവളുടെ പ്രണയവും കുടുംബ ജീവിതവുമെല്ലാമാണ് ഒരൊറ്റ പാട്ടിലൂടെ കാർട്ടൂൺ വിഷ്വൽസായി കാണിക്കുന്നത്. കാലികപ്രസക്തിയുള്ള വ്യത്യസ്തമായ നാല് കഥകളിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ വാചാലമാകുകയാണ് പാവ കഥൈകൾ. 




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ കാളിദാസ് ജയറാം വളരെ ഭാഗ്യവാനായ നടനാണ് എന്ന് ഞാൻ പറയും. കാരണം അയാൾ ജയറാം എന്ന നടന്റെ മകനായാണ് ജനിച്ചത്. അല്ലെങ്കിൽ ഇത്രയധികം അവസരങ്ങൾ ലഭിക്കാതെ എന്നോ ഫീൽഡ് ഔട്ട് ആയിപ്പോവേണ്ടതായിരുന്നു. കാളിദാസ് ജയറാം എന്ന നടന്റെ കഴിവിൽ എനിക്ക് യാതൊരു സംശയവുമില്ല. ബാലനടനായി വന്ന് ശരിക്കും വിസ്മയിച്ചു പോയ കാളിദാസ് പക്ഷേ, നായക നടനായി വന്നപ്പോൾ ശരിക്കും നിരാശപ്പെടുത്തി. മോശം സ്ക്രിപ്റ്റ്‌ സെലക്ഷനുകൾ കാരണം ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലും കാളിദാസ് ഇതുവരെ നൽകിയില്ല. അതുകാരണം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ധാരാളം വിമർശകരെയുണ്ടാക്കി.  അവർക്കൊക്കെയുള്ള മറുപടിയാണ് തങ്കത്തിലെ സത്താർ എന്ന ട്രാൻസ്ജെന്റർ കഥാപാത്രത്തിലൂടെ കാളിദാസ് നൽകിയിരിക്കുന്നത്. സത്താർ, കാളിദാസ് ജയറാമിന്റെ കരിയറിലെ പൊൻതൂവൽ തന്നെയായിരിക്കും. നല്ലൊരു സ്ക്രിപ്റ്റും പണിയറിയാവുന്ന ഒരു സംവിധായകനുമുണ്ടെങ്കിൽ കാളിദാസ് ജയറാമിന് തെളിയിക്കാൻ ഇനിയും ഒരുപാടുണ്ട്. കാളിദാസിന്റെ പ്രകടനം എനിക്ക് ഒരു അത്ഭുതമേ ആയിരുന്നില്ലെങ്കിലും തങ്കമായി അഭിനയിച്ച ശന്തനു ഭാഗ്യരാജ് ശരിക്കും അമ്പരപ്പിച്ചു. കെ. ഭാഗ്യരാജിന്റെയും പൂർണ്ണിമ ജയറാമിന്റെയും മകനാണ് ശന്തനു. എ.ആർ. റഹ്‌മാൻറെ അനന്തിരവളും ജി. വി. പ്രകാശ് കുമാറിന്റെ സഹോദരിയുമായ ഭവാനി ശ്രീ, തങ്കത്തിലൂടെ സാഹിറയെന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. വിഘ്‌നേഷിന്റെ ലവ് പണ്ണാ ഉട്രണം എന്ന സെഗ്മെന്റിലെ പ്രധാന അഭിനേതാക്കൾ അഞ്‌ജലിയും കൽക്കി കൊച്ലിനും പടം കുമാറുമാണ്. ഗൗതം മേനോന്റെ വാന്മകളിലെ സത്യയിലൂടെ താൻ നല്ലൊരു നടനും കൂടിയാണെന്ന് ഗൗതം മേനോൻ തെളിയിച്ചിരിക്കുകയാണ്. മതിയഴക് എന്ന വെല്ലുവിളി നിറഞ്ഞ അമ്മ വേഷം സിമ്രാൻ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. 96ലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു കൂടാരം കെട്ടി താമസിച്ച ആദിത്യ ഭാസ്‌ക്കർ, ഭരത് എന്ന വേഷം നന്നായി അവതരിപ്പിച്ചിരിക്കുന്നു. പതിഞ്ഞ താളത്തിൽ ഒരു സാധാരണ കുടുംബ ചിത്രമെന്ന് തോന്നിപ്പിച്ച വെട്രിമാരന്റെ ഊര് ഇരവിൽ എന്തിനാണ് പ്രകാശ് രാജ്, സായ് പല്ലവി എന്നീ മികവ് തെളിയിച്ച അഭിനേതാക്കൾ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. പക്ഷേ, അതിനുള്ള ഉത്തരമാണ് ജാനകി രാമൻ എന്ന അച്ഛനും സുമതി എന്ന മകളും. ഇടയ്ക്ക് വെച്ച് നിർത്തിപ്പോയാലോ എന്ന് ഊര് ഇരവ് പ്രേക്ഷകനെക്കൊണ്ട് തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആ സെഗ്മെന്റിന്റെ പരാജയമല്ല, മറിച്ച് വെട്രിമാരൻ എന്ന സംവിധായകന്റെയും പ്രകാശ് രാജ്, സായ് പല്ലവി എന്നീ അഭിനേതാക്കളുടെയും മികവിനെയാണ് വിളിച്ചോതുന്നത്.




📎 ʙᴀᴄᴋwᴀsʜ


■ പാവ കഥൈകളിലെ മൂന്നും നാലും സിനിമകൾ തമ്മിൽ ഇഴപിരിക്കാൻ കഴിയാത്തത്ര ബന്ധമുണ്ട്. വെട്രിമാരന്റെ ഊര് ഇരവിന്റെ ഉത്തരമാണ് ഗൗതം മേനോന്റെ വാന്മകൾ. ഊര് ഇരവ് കണ്ടതിനു ശേഷമാണ് വാന്മകൾ കാണേണ്ടത് എന്ന് ചിലരുടെ അഭിപ്രായങ്ങൾ കണ്ടു. പക്ഷേ, എനിക്ക് തോന്നിയത് നെറ്റ്ഫ്ലിക്സ് വളരെ കൃത്യമായി തന്നെയാണ് നാല് കഥകളും അടുക്കി വെച്ചിരിക്കുന്നത് എന്ന് തന്നെയാണ്. വാന്മകൾ നമുക്ക് നൽകിയ ഉത്തരത്തിൽ നിന്ന് തന്നെയാണ് ഊര് ഇരവ് എന്ന ചോദ്യത്തിലേക്ക് പോകേണ്ടത്. വാന്മകൾ ഇല്ലെങ്കിൽ ഊര് ഇരവ് ഇല്ല എന്ന് തന്നെ പറയാം. വാന്മകളിന്റെ തുടക്കത്തിൽ ഊര് ഇരവിന്റെ കഥ ഒരു ന്യൂസ്‌ പേപ്പർ കട്ടിങ്ങായി കാണിക്കുന്നുണ്ട്. ഒരു ഹൗണ്ടഡ് ഹൗസിൽ അകപ്പെട്ടത് പോലെ പ്രേക്ഷകരെക്കൊണ്ട് തോന്നിച്ച ഊര് ഇരവ് ശരിക്കും ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു സിനിമാ മോഹിയുടെ അതിജീവന കഥ പറയുന്ന ആന്തോളജിയായാണ് ഈ പ്രോജെക്ട് ആദ്യം ആലോചിച്ചത് എങ്കിലും സംവിധായകൻ വെട്രിമാരന്റെ അപേക്ഷ പ്രകാരമാണ് കാലിക വിഷയങ്ങൾ സംസാരിക്കുന്ന ഒരു ആന്തോളജി സീരീസാക്കി പാവ കഥൈകളെ മാറ്റിയെടുത്തത്.




8.3/10 . IMDb





 


                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...