Love » Explained
■ ഇതര ഭാഷാ ഇൻഡസ്ട്രികളിലെ മൈൻഡ് ട്വിസ്റ്റിങ് സിനിമകളെ വാനോളം പുകഴ്ത്തുമ്പോഴും അത്തരം പരീക്ഷണ ചിത്രങ്ങൾ സ്വന്തം ഭാഷയിലേക്ക് വരുമ്പോൾ പുറംകാല് കൊണ്ട് അടിച്ചു തെറിപ്പിക്കുന്ന കടുത്ത "ഐറണിയും" കൊണ്ട് നടക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ അത്തരം പരീക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ മലയാളത്തിൽ സംഭവിക്കാറുമുള്ളൂ. ഞാനിത് വെറുതേ ഒരു വിവാദത്തിനു വേണ്ടി പറഞ്ഞതല്ല. മലയാളികളുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയൊരു ഇരയായിരുന്നു പൃഥ്വിരാജിന്റെ നയൻ എന്ന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഇറങ്ങിയപ്പോഴും അതിന്റെ മൈൻഡ് ട്വിസ്റ്റിങ് ക്ലൈമാക്സിനെ ചൊല്ലി ഒരു വിഭാഗം അരിശം കൊണ്ടിരുന്നു. ഒരുപക്ഷേ, ലിജോയുടെ ഡൈ ഹാർഡ് ഫാൻസ് ആയിരിക്കാം അതിനൊരു കാരണം. നമ്മൾ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരും ഇഷ്ടപ്പെട്ടേക്കണം എന്ന നിർബന്ധം ഒട്ടുമില്ല. പക്ഷേ, മുൾഹോളണ്ട് ഡ്രൈവ്, പ്രീഡെസ്റ്റിനേഷൻ, ഫൈറ്റ് ക്ലബ്ബ്, ട്രയാംഗിൾ, ഡോണി ഡാർക്കോ, കൊഹെറൻസ്, നോളന്റെയും ഡേവിഡ് ലിഞ്ചിന്റെയുമൊക്കെ മറ്റു സിനിമകൾ തുടങ്ങിയവയെ കുറിച്ചൊക്കെ വളരെ ആവേശത്തിൽ ചർച്ച ചെയ്യുമ്പോൾ നമ്മുടെ സ്വന്തം മലയാളത്തിൽ ഇറങ്ങുന്ന അത്തരം സിനിമകൾക്കും അതേ പരിഗണന നൽകിയാൽ എന്താ എന്ന ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ. എന്തായാലും ഖാലിദ് റഹ്‌മാന്റെ ലൗ എന്ന സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഈ മാറ്റം ഇനിയും ഒരുപാട് നയനും Whoവും ലൗവുമൊക്കെ സൃഷ്ടിക്കാൻ താല്പര്യമുള്ള സിനിമാക്കാർക്ക് പ്രോത്സാഹനമായേക്കാവുന്ന വലിയ പ്രതീക്ഷ.
■ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ ഖാലിദ് റഹ്‌മാന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ലൗ എന്ന സൈക്കോളജിക്കൽ ത്രില്ലർ മലയാള സിനിമ. ഖാലിദ് റഹ്മാൻ തൊട്ടുമുൻപ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. നൗഫൽ അബ്ദുല്ലയും സംവിധായകൻ ഖാലിദ് റഹ്മാനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നൗഫൽ തന്നെയാണ് ലൗവിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.ഖാലിദ് റഹ്‌മാന്റെ സഹോദരനായ ജിംഷി ഖാലിദാണ് ലൗവിന്റെ ഛായാഗ്രാഹകൻ. നേഹാ നായരുടെയും യക്സാൻ ഗാരി പെരേരയുടെയും മനോഹരവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ പശ്ചാത്തല സംഗീതവും കൂടി ചേർന്നപ്പോൾ ലൗ എന്ന സിനിമ അതിഗംഭീരമായി.
✍sʏɴᴏᴘsɪs
■ ദമ്പതികളായ അനൂപും ദീപ്തിയും താമസിക്കുന്നത് ഒരു ഫ്ലാറ്റിലാണ്. പരസ്പരം യോജിച്ചു പോവാൻ കഴിയാത്ത അത്രയ്ക്കും മനസ്സുകൾ തമ്മിൽ അകന്നു പോയിരുന്ന അവർ തമ്മിൽ പതിവ് പോലെ തന്നെ കലഹമുണ്ടാകുന്നു. പരസ്പരമുള്ള വാക്കേറ്റം അവർ തമ്മിലുള്ള കൈയ്യാങ്കളിയിൽ എത്തുന്നു. അനൂപ് തന്റെ കോപം നിയന്ത്രിക്കാൻ കഴിയാതെ തന്റെ ഭാര്യയായ ദീപ്തിയെ കൊല്ലുന്നു. ദീപ്തിയുടെ കൊലപാതകം മറയ്ക്കാനും തെളിവ് നശിപ്പിക്കാനുമായി അനൂപ് ശ്രമിക്കുന്നു. പക്ഷേ, അതിനിടയ്ക്ക് ഫ്ലാറ്റിലേക്ക് അനൂപിന്റെ രണ്ട് സുഹൃത്തുക്കൾ കയറി വരുന്നു. ഇതാണ് ലൗ എന്ന സിനിമയുടെ മുക്കാൽ പങ്കും പറയുന്ന കഥ.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അനൂപായി ഷൈൻ ടോം ചാക്കോ വളരെ നന്നായി അഭിനയിച്ചപ്പോൾ ദീപ്തിയായി 'മരിച്ചഭിനയിച്ച' രജീഷ വിജയൻ അപ്രസക്തമായിപ്പോയോ എന്ന് ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ, ദീപ്തിയായി 'മരിക്കാതെ' അഭിനയിച്ച കുറച്ച് മിനിറ്റുകൾ മതിയായിരുന്നു രജീഷയ്ക്ക് താനൊരു മികച്ച നടിയാണ് എന്ന് തെളിയിക്കാൻ. എങ്കിലും 'മരിച്ചഭിയച്ച' രജീഷയും കൈയ്യടി അർഹിക്കുന്നു. അനൂപിന്റെ സുഹൃത്തുക്കളിൽ ഒരാളായി വേഷമിട്ട ഗോകുലന്റെ അഭിനയം വളരെ വ്യത്യസ്തമായി തോന്നി. ഒരു നിഷ്കളങ്കനായ സൈക്കോ. മറ്റൊരു സുഹൃത്തായി വേഷമിട്ട സുധി കോപ്പയുടേതും മികച്ച പ്രകടനമായിരുന്നു.
■ "നിന്ന് കഥാപ്രസംഗം നടത്താതെ എക്സ്പ്ലൈൻ ചെയ്യെടാ" എന്നായിരിക്കും നിങ്ങളിൽ ചിലരുടെയെങ്കിലും മനസ്സിൽ. നിങ്ങളെ ഞാൻ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എക്സ്പ്ലനേഷൻ ഞാൻ പറയാം. പക്ഷേ, അതിന് മുൻപുള്ള Statutory Warning :-
ലൗ എന്ന സിനിമ കാണാത്തവർ ഇനിയുള്ള വീഡിയോ കാണരുത്. കടുത്ത സ്പോയ്ലറുകൾ നിങ്ങളെ കാത്തിരിക്കുന്നു.
🚫Spoiler Ahead🚫
■ ലൗ എന്ന സിനിമ എക്സ്പ്ലൈൻ ചെയ്ത പലരും പറയുന്നത് കേട്ടു, ഗോകുലന്റെയും സുധി കോപ്പയുടെയും കഥാപാത്രങ്ങൾ ഡേവിഡ് ഫിഞ്ചിന്റെ ഫൈറ്റ് ക്ലബ്ബിലെയൊക്കെ പോലെ നായകന്റെ ആൾട്ടർ ഇഗോസ് ആണെന്ന്. പക്ഷേ, ഞാൻ പറയുന്നു "അത് തെറ്റാണ്". ഗോകുലന്റെയും സുധി കോപ്പയുടെയും കഥാപാത്രങ്ങൾ നായകന്റെ ആൾട്ടർ ഇഗോസ് അല്ല. കാരണം, ഫൈറ്റ്ക്ലബ്ബ് കണ്ടവർക്ക് അറിയാം.. അതിലെ നായകന്റെ ആൾട്ടർ ഇഗോയായ ടൈലർ ഡർഡൻ, നായകന്റെ അറിവോടുകൂടിയല്ലാതെ പല കാര്യങ്ങളും പ്രവർത്തിക്കുന്നുണ്ട്. നായകൻ പ്രവർത്തിക്കുന്ന അതേ സമയത്ത് തന്നെയാണ് നായകന്റെ ആൾട്ടർ ഇഗോയായ ടൈലർ ഡർഡനും പ്രവർത്തിക്കുന്നത്. അതായത് ആൾട്ടർ ഇഗോ ഒരാളുടെ പ്രസന്റാണ്. ഇവിടെ ലൗവിലേക്ക് വരുമ്പോൾ ഗോകുലന്റെയും സുധി കോപ്പയുടെയും കഥാപാത്രങ്ങൾ നായകന്റെ പ്രസന്റ് അല്ല, അവർ രണ്ടും നായകനായ അനൂപിന്റെ ഭൂത കാലമാണ്. അവരുടെ പ്രവർത്തികൾ മുൻപേ നടന്നു കഴിഞ്ഞു. അനൂപ് തന്റെ ഭൂത കാലത്തെ ചെയ്തികളെയാണ് രണ്ട് വ്യക്തികളായി സങ്കൽപ്പിച്ചിരിക്കുന്നത്. പ്രസന്റിൽ അവർ ഇല്ല, അതുകൊണ്ട് തന്നെ അവർ അനൂപിന്റെ ആൾട്ടർ ഇഗോസുമല്ല. ലൗവിന് സാമ്യം ഫൈറ്റ് ക്ലബുമായിട്ടോ മറ്റു ആൾട്ടർ ഇഗോ ബേസ്ഡ് സിനിമകളുമായിട്ടോ ഒന്നുമല്ല. ലൗവിന് ഏറ്റവുമധികം സമയമുള്ളത് ഡേവിഡ് ലിഞ്ചിന്റെ മുൾഹോളണ്ട് ഡ്രൈവുമായിട്ടാണ്. അല്ലെങ്കിൽ റിച്ചാർഡ് കെല്ലിയുടെ ഡോണി ഡാർക്കോയുമായിട്ട്. ഡോണി ഡാർക്കോ ഒരു "സ്വപ്നം" ബേസ്ഡ് ആയതുകൊണ്ട് തന്നെ മുൾഹോളണ്ടുമായി തന്നെ താരതമ്യം ചെയ്യുന്നതാകും ഉചിതം.
മുൾഹോളണ്ടിന്റെ യഥാർത്ഥ കഥ നായികയുടെ ഹാലൂസിനേഷൻ എന്ന പോലെ തന്നെ ലൗവിന്റെ യഥാർത്ഥ കഥയും നായകന്റെ ഹാലൂസിനേഷനാണ്. പ്രസന്റിൽ യാതൊന്നും ഇവർ സങ്കല്പത്തിൽ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങൾക്ക് ചെയ്യാൻ കഴിയില്ല, കാരണം അവർ ജീവിക്കുന്നത് നായകന്റെ മനസ്സിൽ മാത്രമാണ്, അതായത് മുൾഹോളണ്ടിലെ നായികയുടേത് പോലെ തന്നെ. ഇനി ലൗ എന്ന സിനിമയുടെ തുടക്കത്തിലേക്ക് വരാം. അതിരാവിലെ തന്നെ ഒരുപാട് മദ്യം കഴിക്കുന്ന നായകൻ. നായകന്റെ ഹാലൂസിനേഷന് ഒരു കാരണം അയാൾ കഴിക്കുന്ന അമിത അളവിലുള്ള മദ്യമാണ്. മുൾഹോളണ്ടുമായി താരതമ്യം ചെയ്യുമ്പോൾ അവിടെ നായിക ഉപയോഗിക്കുന്നത് മയക്കുമരുന്നാണ്. മറ്റൊരു കാരണം, അയാൾ സൃഷ്ടിച്ചെടുത്ത ഗോകുലന്റെ കഥാപാത്രം തന്നെ ഒരിടത്ത് പറയുന്നുണ്ട്, തനിക്ക് മാനസികമാണെന്ന്. അതായത്, നായകൻ മാനസികമായി സ്ഥിരതയുള്ളവനല്ല.
ഇനി നായകൻ സാങ്കല്പികമായി സൃഷ്ടിച്ചെടുത്ത രണ്ട് വ്യക്തികളെ കുറിച്ചൊന്ന് പറയാം. ആദ്യത്തേത് ഗോകുലന്റെ കഥാപാത്രം.
ഇത് നായകന്റെ ഭൂതകാലമാണ്. ഷെൽബി എന്ന തന്റെ സുഹൃത്തുമൊന്നിച്ച് പല ബിസിനസ്സുകളും നടത്തി പരാജയപ്പെട്ടു അതിന്റെ ഡിപ്രഷനിലായ തന്നെ ഒരു വ്യക്തിയായി അനൂപ് സൃഷ്ടിച്ചെടുത്തിരിക്കുന്നു. അവസാനമായി ഒരു കഫെ നടത്തിയതും സമ്പൂർണ്ണ പരാജയമായ ഫ്രസ്ട്രേഷനിൽ നടക്കുന്ന അനൂപ് തന്നെയാണ് ഗോകുലന്റെ കഥാപാത്രമായും മാറുന്നത്. താൻ കാരണമാണ് ബിസിനസ് പരാജയപ്പെട്ടത് എന്ന് അയാളുടെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും തന്റെ ബിസിനസ്സ് പൊളിയാൻ കാരണം ഷെൽബിയാണെന്ന് പറഞ്ഞു അയാൾ കൈകഴുകാൻ ശ്രമിക്കുന്നു. ഇത് ദീപ്തിക്കും അറിയാം. ദീപ്തിയോട് ഇതിനെക്കുറിച്ച് ഷെൽബി സംസാരിക്കുന്നതും അനൂപിന് സഹിക്കാൻ കഴിയുന്നില്ല. അയാളുടെ ഉള്ളിൽ സംശയ രോഗവും തല പൊക്കുന്നു. അവർക്ക് കുട്ടികൾ ഇല്ലാത്തതും അനൂപിന്റെ പ്രശ്നമാണ്. അയാൾ ഒരുപാട് തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ്. ഇനി ഗോകുലന്റെ കഥാപാത്രത്തെ അയാൾ നിമിച്ചത് എങ്ങനെയാണെന്ന് നോക്കൂ, സ്വന്തം Wardrobeലെ തന്റെ തന്നെ ഒരു ഷർട്ടിൽ നിന്നും. ദീപ്തിയെ കൊല ചെയ്ത ശേഷം അത് ഒളിപ്പിക്കാനായി എന്തെങ്കിലും ലഭിക്കാനായി തന്റെ റൂമിൽ തിരയുന്ന അനൂപ്. അവിടെ ഗോകുലന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഷർട്ട് ഹുക്കിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം. ഗോകുലന്റെ കഥാപാത്രം അതുവരെ എന്റർ ചെയ്തിട്ടില്ല എന്നതും ശ്രദ്ധിക്കുക.
ഇനി, സുധി കോപ്പയുടെ കഥാപാത്രം..
സുധി കോപ്പ വരുന്നത് ഒരുപെൺകുട്ടിയുമായാണ്. ഭർത്താവും ഒരു കുട്ടിയുമുള്ള അവൾ സുധിക്ക് വേണ്ടി അതെല്ലാം ത്യജിക്കാൻ തയ്യാറാണ്. പക്ഷേ, സുധിയുടെ കഥാപാത്രത്തിന് അത് വെറും നേരം പോക്കാണ്. ഇതും നായകനായ അനൂപിന്റെ ഭൂതകാലമാണ്. ഭൂതകാലം എന്ന് പറഞ്ഞാൽ ഗോകുലന്റെ കഥാപാത്രത്തിനും മുൻപ് സംഭവിച്ച അയാളുടെ ഭൂതകാലം. തന്റെ എല്ലാ കളികളും പിടിച്ച തന്റെ ഭാര്യയെ അയാൾ ഒരിക്കൽ കൊല്ലാൻ ആഗ്രഹിക്കുന്നുണ്ട്. സുധിയുടെ കഥാപാത്രത്തെയും അനൂപ് സൃഷ്ടിച്ചെടുക്കുന്നത് തന്റെ Wardrobeൽ നിന്നാണ്. ഗോകുലന്റെ കഥാപാത്രത്തെ തന്ത്രപരമായി മാറ്റി നിർത്തിയ അനൂപ്, ദീപ്തിയുടെ ശവം ഒളിപ്പിക്കാൻ പറ്റിയൊരു സാധനം തേടി സ്വന്തം റൂമിലേക്ക് വരുമ്പോൾ അവിടെ വളരെ വ്യക്തമായി തന്നെ സുധി ഉപയോഗിക്കുന്ന ഷർട്ട് കാണാം. ഇവിടെയും സുധിയുടെ കഥാപാത്രത്തിന്റെ എൻട്രി അതുവരെ സംഭവിച്ചിട്ടില്ല. ഇനി സുധിയുടെ കഥാപാത്രം അനൂപാണെന്ന് ഉറപ്പിക്കുന്നതാണ് അയാളും ഭാര്യയുമായുള്ള ഫോൺ കോൾ. അതിലെ ഭാര്യയുടെ വോയ്സ് ദീപ്തിയുടെ വോയ്‌സുമായി സമയമുള്ളതാണ്, അതായത് രജീഷയുടെ വോയ്സ് തന്നെയാണ്. മാത്രമല്ല, ഭാര്യ ഫോൺ കട്ട് ചെയ്യുമ്പോൾ "ദീപ്തി" എന്ന് അയാൾ വിളിക്കുന്നത് വ്യക്തമായി നമുക്ക് കേൾക്കാം. ഭാര്യ തന്റെ അവിഹിതം കണ്ടുപിടിച്ചതിന് ഒരു ന്യായീകരണം കണ്ടെത്താൻ തനിക്ക് അൽപ്പം സമയം തരൂ എന്ന് സുധിയുടെ കഥാപാത്രം പറയുന്നുണ്ട്. ഭാര്യയെ കൺവിൻസ് ചെയ്യിക്കാനായി അനൂപ് ആലോചിക്കുന്നതാണ് സുധി കോപ്പയുടെ കഥാപാത്രം.
മറ്റു രണ്ട് കഥാപാത്രങ്ങളെയും പോലെയല്ല, വീണയുടെ കഥാപാത്രം അനൂപിന്റെ റിയൽ ലൈഫിൽ നിന്നുള്ളതാണ്. വീണയാണ് അനൂപുമായി അഫയർ ഉള്ള ഹരിത. അവൾ മേശയിൽ വെക്കുന്ന തന്റെ ഇൻഷുറൻസ് കമ്പനിയുടെ ഐഡി കാർഡിൽ ഹരിത എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായി കാണാം. സുധി കോപ്പയുടെ കഥാപാത്രവുമായി അഫയർ ഉള്ള ഹരിതയും അനൂപിന്റെ ഹരിതയും ഒന്നാണെന്നു ഇതിൽ നിന്നും അനുമാനിക്കാം. ഗോകുലന്റെ കഥാപാത്രത്തിന്റെയും മുൻപുള്ളതാണ് സുധിയുടെ കഥാപാത്രം എന്ന് ഞാൻ പറയാനുള്ള കാരണം ഇനി വ്യക്തമാക്കാം. ഗോകുലൻ അനൂപുമായി സംസാരിക്കുന്നതിനിടയിൽ ഒരു പെൺകുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അതും ഇതേ ഹരിത തന്നെയാണ്.
■ Ending Explained
അനൂപിന്റെ സാങ്കൽപ്പിക ലോകം തുടങ്ങുന്നത് ദീപ്തി അയക്കുന്ന ടെക്സ്റ്റ് മെസേജിൽ നിന്നാണ്. പക്ഷേ, അനൂപിനെ അത് ഓർമ്മിപ്പിക്കുന്നത് ഹരിതയുടെ പഴയ മെസ്സേജും. അതുകൊണ്ട് തന്നെ ദീപ്തിയുടെ മെസ്സേജ് ഹരിതയുടേതായിട്ടാണ് അനൂപ് കാണുന്നത്. പിന്നീടുള്ള അനൂപിന്റെ സാങ്കൽപ്പിക ലോകം തുടങ്ങുന്ന ദീപ്തിയെ എങ്ങനെ കൺവിൻസ് ചെയ്യിക്കാം എന്ന ലക്ഷ്യവുമായാണ്. പക്ഷേ, അത് എങ്ങനെയായിരിക്കും കലാഷിക്കുക എന്നത് അനൂപ് മനസ്സിലാക്കുന്നതിലൂടെയാണ് അയാളുടെ ഇമേജിനേഷൻ എൻഡ് ചെയ്യുന്നത്. റിയൽ ലൈഫിൽ അനൂപിന്റെ ഫ്ലാറ്റിലേക്ക് വരുന്ന ദീപ്തിയോട് അനുനയത്തിൽ അയാൾ സംസാരിക്കുന്നത് തന്റെ ചിന്തയിലൂടെ കടന്നു പോയ കാര്യങ്ങൾ ഓർത്തിട്ടായിരുന്നു. വീണ്ടുമൊരു വാഗ്വാദം ഉണ്ടായാൽ അത് കൊലപാതകത്തിൽ കലാഷിക്കുമെന്ന് അയാൾക്ക് അറിയാവുന്നത് കൊണ്ട് തന്നെ തന്ത്രപരമായി അയാൾ ഒഴിഞ്ഞു മാറുന്നു. പക്ഷേ, ദീപ്തി വീണ്ടും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അനൂപിന്റെ മാനസിക നിലയെ പരീക്ഷിക്കുന്നു. എങ്കിലും ക്ഷമ കൈവിടാതിരിക്കാൻ ശ്രമിക്കുന്ന അനൂപിനെ പക്ഷേ, ദീപ്തി അയാളുടെ ഫോൺ ചോദിച്ചത് കുപിതനാക്കുന്നു, അയാളുടെ മാനസിക നില വീണ്ടും തെറ്റുകയാണ്. കൈയ്യിൽ കിട്ടിയ തേപ്പുപെട്ടി കൊണ്ട് ദീപ്തിയെ അടിച്ചു വീഴ്ത്തുന്ന അനൂപിനെയാണ് പിന്നീട് പ്രേക്ഷകർ കാണുന്നത്. എന്നാൽ, ക്ലൈമാക്സിൽ കാണുന്നത് അനൂപിന്റെ ഡെഡ്ബോഡിയുമായി വരുന്ന ദീപ്തിയെയും. ഇതെങ്ങനെ സംഭവിച്ചു?
അനൂപ് ദീപ്തിയെ തേപ്പുപെട്ടി കൊണ്ട് അടിച്ചു വീഴ്ത്തിയത് റിയൽ ആയിരുന്നു എന്നുള്ളത് ദീപ്തിയുടെ മുഖത്ത് നിന്നുള്ള ചോരപ്പാടിൽ നിന്നും വ്യക്തമാണ്. പക്ഷേ, ആ അടിയിൽ ദീപ്തി കൊല്ലപ്പെട്ടിട്ടില്ല. ദീപ്തിയുടെ തിരിച്ചുള്ള ആക്രമണത്തിൽ അനൂപ് കൊല്ലപ്പെടുന്നു. പക്ഷേ, അത് എങ്ങനെയായിരുന്നു എന്നുള്ളത് സംവിധായകൻ പ്രേക്ഷകർക്ക് വിടുകയാണ്.
7.1/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ