Squid Game » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ആറ് കുട്ടിക്കളികൾ.. 456 മത്സരാർത്ഥികൾ.. സമ്മാനം 4560 കോടി കൊറിയൻ വോൻ. കഴിഞ്ഞ സെപ്റ്റംബർ 17-ന് നെറ്റ്‌ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിച്ചത് മുതൽ സ്‌ക്വിഡ് ഗെയിം എന്ന് പേരുള്ള ഈയൊരു കൊറിയൻ സീരീസാണ് ലോകമെങ്ങും ചർച്ചാ വിഷയം. സെപ്റ്റംബർ 17-ന് സംപ്രേക്ഷണം ചെയ്യപ്പെട്ടത് മുതൽ ഇന്ന് വരെ നെറ്റ്‌ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഷോ സ്‌ക്വിഡ് ഗെയിം തന്നെയാണ്. യുഎസിലും നമ്പർ വൺ ആയി സ്‌ക്വിഡ് ഗെയിം ജൈത്ര യാത്ര തുടരുന്നു. ഈയൊരു നിലയിൽ പോവുകയാണെങ്കിൽ നെറ്റ്‌ഫ്ലിക്‌സിൽ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള എക്കാലത്തെയും ഷോ സ്‌ക്വിഡ് ഗെയിം ആകുമെന്ന് തന്നെയാണ് പ്രതീക്ഷ. സ്‌ക്വിഡ് ഗെയിമിന് ലഭിച്ച വൻ ജനപ്രീതി സ്റ്റോക്ക് മാർക്കെറ്റിലും നെറ്റ്‌ഫ്ലിക്സിനു നേട്ടമുണ്ടാക്കിയിരിക്കുകയാണ്. സ്‌ക്വിഡ് ഗെയിം എന്ന സീരീസ് ഇറങ്ങിയത് മുതൽ സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അത് തന്നെയാണ്. ആദ്യമായി പ്രേക്ഷകരിലേക്ക് ചില യൂട്യൂബ് ചാനലുകൾ തള്ളിവിട്ട ചില തെറ്റിദ്ധാരണകൾ നീക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്‌ക്വിഡ് ഗെയിമിനെക്കുറിച്ച് ചില യൂട്യൂബ് ചാനലുകളുടെ തമ്പ് നെയിലിലെ വിശേഷണം തന്നെ 4560 കോടി രൂപ സമ്മാനം എന്നാണ്. മുദ്ര ശ്രദ്ധിക്കണം.. 4560 കോടി "രൂപ". മലയാളികളായ പ്രേക്ഷകർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റണം എന്നത് കൊണ്ടാവും ചില യൂട്യൂബർമാർ 'രൂപ' എന്ന് ഉപയോഗിച്ചത് എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, അത് പ്രേക്ഷകരിലേക്ക് പകർന്നു കൊടുക്കുമ്പോൾ സത്യസന്ധമായി തന്നെ തന്നെ നൽകുക എന്നത് നമ്മുടെ സാമൂഹിക പ്രതിബദ്ധതകളിൽ ചിലതാണ്. ഒരു ഇന്ത്യൻ രൂപ എന്നത് ഇന്നത്തെ മൂല്യമനുസരിച്ച് 15.86 കൊറിയൻ വോനിനു തുല്യമാണ്. അതായത് 4560 കോടി കൊറിയൻ വോൻ എന്നാൽ ഏകദേശം 287.5 കോടി ഇന്ത്യൻ രൂപയാണ്, അല്ലാതെ 4560 കോടി രൂപയല്ല. ഇനി കാര്യത്തിലേക്ക് കടക്കാം.. അല്ല.. സോറി.. കളിയിലേക്ക് കടക്കാം.. എന്താണ് സ്‌ക്വിഡ് ഗെയിം.?
■ ഹ്വാങ് ഡോങ്-ഹ്യുക് തിരക്കഥ രചിച്ചു സംവിധാനം നിർവ്വഹിച്ച കൊറിയൻ സർവൈവൽ ത്രില്ലർ സീരീസാണ് റൗണ്ട് സിക്സ് എന്ന പേരിലും അറിയപ്പെടുന്ന സ്‌ക്വിഡ് ഗെയിം. ഒരു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഒൻപത് എപ്പിസോഡുകളാണ് സീരീസിനുള്ളത്. ഹ്വാങ് ഡോങ് 2008-ൽ എഴുതിയ തിരക്കഥ യാഥാർഥ്യമാകാൻ നീണ്ട 12 വർഷങ്ങൾ വേണ്ടി വന്നു. തിരക്കഥയ്ക്കും നെറ്റ്ഫ്ലിക്സ് വിതരണാവകാശം ഏറ്റെടുക്കുന്നതിനും ഇടയിലെ നീണ്ട പത്ത് വർഷങ്ങളിൽ പല മീഡിയകളും അഭിനേതാക്കളും ഹ്വാങ്ങിനോട് മുഖം തിരിച്ചു. അതെ.. ഈ ലോകം അവഗണിക്കപ്പെട്ടവന്റേത് കൂടിയാണ്. ലോകത്തിലെ ഏറ്റവും മികച്ച സീരീസ് എന്നറിയപ്പെടുന്ന ബ്രേക്കിങ് ബാഡ് പോലും അവഗണയുടെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റിൽ തളിരിട്ട വൃക്ഷമാണല്ലോ? സ്‌ക്വിഡ് ഗെയിമിന് തിരക്കഥ രചിക്കുമ്പോൾ അതിലെ നായകന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയവനായിരുന്നു ഹ്വാങ്ങും. സമ്പന്നനും ദരിദ്രനും ഇടയിലുള്ള വിവേചനം കണ്ട്, അനുഭവിച്ചു വളർന്നു വന്ന തന്റെ ജീവിതം തന്നെയാണ് ഹ്വാങ് സ്‌ക്വിഡ് ഗെയിമിൽ വരച്ചിട്ടത് എന്നത് മറ്റൊരു യാഥാർഥ്യം. അതുകൊണ്ട് തന്നെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം കരസ്ഥമാക്കി ഏഷ്യയുടെ തന്നെ അഭിമാനമായി മാറിയ പാരസൈറ്റും ഈ അവസരത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജുങ് ജേ-ഇലിന്റെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കാതെ ഇത് പൂർത്തിയാക്കാനാവില്ല. പലരുടെയും ഫോൺ റിങ്ടോണുകൾ ഇപ്പോഴേ ഭരിക്കുന്നത് സ്‌ക്വിഡ് ഗെയിമിന്റെ തീം സോങാണ്. Mine Too..
✍sʏɴᴏᴘsɪs
■ മൊബൈലുകളിലെയും ടാബുകളിലെയും ചെറിയ സ്ക്രീനുകളിലേക്ക് കുട്ടികൾ ഊളിയിടുന്നതിന് മുൻപ് ഇവിടെയൊരു കുട്ടിക്കാലമുണ്ടായിരുന്നു. കണ്ണുപൊത്തിക്കളിച്ചും കുട്ടിയും കോലും കളിച്ചും ഗോട്ടി കളിച്ചും കക്ക് കളിച്ചും കൊത്തം കല്ല് കളിച്ചുമൊക്കെ ബാല്യമാസ്വദിച്ചിരുന്ന ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു. ഇന്ന് അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന പല കുട്ടിക്കളികളെയും ഓർത്തുകൊണ്ട് നമുക്ക് കൊറിയയിലേക്ക് പോകാം. ഭാഷ മാറിയെങ്കിലും നമ്മുടേതിനു സമമായ പല കുട്ടിക്കളികളും കൊറിയയിൽ പ്രചാരത്തിലുണ്ടായിരുന്നു. സ്‌ക്വിഡ് ഗെയിം അഥവാ കണവ കളിയിൽ നിന്നുമാണ് നമ്മുടെ സീരീസ് തുടങ്ങുന്നത്. കണവ മീനിന്റെ ആകൃതി വരച്ച കളത്തിൽ കളിക്കുന്ന കളിയായത് കൊണ്ടാണ് അതിന് കണവ കളി എന്ന പേര് വന്നത്. കണവയുടെ ആകൃതിയിൽ നമുക്ക് കാണാൻ കഴിയുന്ന വൃത്തം, ത്രികോണം, ചതുരം എന്നിവയ്ക്ക് ഈ സീരീസിലുള്ള പ്രാധാന്യം നമുക്ക് വഴിയേ കാണാം. ഈ ലോകം പരാജിതരുടേത് കൂടിയാണ്. ജീവിതത്തിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി മധ്യ വയസ്സിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സ്യോങ് ഗി-ഹുൻ ആണ് നമ്മുടെ നായകൻ. കടുത്ത സാമ്പത്തിക മാന്ദ്യം കാരണം ഉള്ള ഡ്രൈവർ ജോലി പോയി. കൈയ്യിലാണെങ്കിൽ പത്തു പൈസയില്ല.. ഓഹ്.. സോറി.. പത്ത് വോൻ പോലും കൈയിലില്ല. ഭാര്യയാണെങ്കിൽ ഇട്ടിട്ടുപോയി വേറെ കല്ല്യാണം കഴിച്ചു. കഴിയുന്നതോ സ്വന്തം അമ്മയുടെ ചിലവിൽ.. നായകന്റെ ചിത്രം ഈ കുറച്ചു വിശേഷണങ്ങളിൽ നിന്ന് തന്നെ നമുക്ക് കിട്ടും. അങ്ങനെയിരിക്കെയാണ് നായകന്റെ അമ്മയ്ക്ക് പ്രമേഹരോഗം കൂടുന്നത്. അമ്മയെ ചികിത്സിക്കാനാണെങ്കിൽ നായകന്റെ കൈയിൽ പത്ത് വോൻ പോലുമില്ലെന്ന് പറഞ്ഞല്ലോ. ആരോടെങ്കിലും കടം മേടിക്കാനാണെങ്കിൽ ആ നാട്ടിൽ അയാൾ ഇനി കടം മേടിക്കാനായിട്ട് ഒരാളും ഇല്ല. അമ്മയെ ചികിത്സിക്കണം, പത്ത് വയസ്സുള്ള സ്വന്തം മോളെ കൂടെ കൂട്ടണം തുടങ്ങിയ അത്യാഗ്രഹങ്ങളും മനസ്സിലിട്ട് വെള്ളമടിച്ചു പൂസായി നടക്കുന്ന നായകന് മുന്നിലേക്ക് നീലയും ചുവപ്പും നിറത്തിലുള്ള രണ്ട് പേപ്പർ കട്ടകളുമായി ഒരാൾ പ്രത്യക്ഷപ്പെടുന്നു. താനുമായി ദക്ജി കളിച്ചു അതിൽ വിജയിക്കുകയാണെങ്കിൽ ഒരു ലക്ഷം വോൻ അതായത് ഏകദേശം 6300 ഇന്ത്യൻ രൂപയ്ക്ക് തുല്ല്യമായത് സമ്മാനമായി നൽകാമെന്ന് അയാൾ നായകനോട് പറയുന്നു. മറിച്ചു നായകൻ തോൽക്കുകയാണെങ്കിൽ മുഖത്ത് ഒരടി മാത്രം ഏറ്റുവാങ്ങിയാൽ മതിയാകും. അങ്ങനെ ആ കളിക്ക് ശേഷം വലിയൊരു മത്സരത്തിലേക്ക് ക്ഷണിച്ചു കൊണ്ട് അയാൾ നായകന് ഒരു വിസിറ്റിങ് കാർഡ് നൽകുന്നു. അങ്ങനെ വൻ തുക സമ്മാനം വാഗ്ദാനം ചെയ്യുന്ന ആ മത്സരത്തിലേക്ക് നായകൻ പ്രവേശിക്കുന്നു. അവിടേക്ക് എത്തിയപ്പോഴാണ് അയാൾ ആ സത്യം മനസ്സിലാക്കുന്നത്. തന്നെപ്പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന വേറെ 455 പേരും കൂടി അവിടെയുണ്ടായിരുന്നു മത്സരിക്കാൻ. മത്സരത്തിലേക്ക് കടന്നപ്പോൾ അവരെല്ലാം ഞെട്ടിപ്പോയി.. അവരുടെയെല്ലാം കുട്ടിക്കാലത്ത് അവർ കളിച്ചിരുന്ന അതേ കുട്ടിക്കളി. അതേ നിയമം. വിജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് പോകും.. തോൽക്കുന്നവർ എലിമിനേറ്റ് ചെയ്യപ്പെടും.. ഇത്രയേയുള്ളോ? സിമ്പിൾ..! കളി തുടങ്ങി. ചുവന്ന ലൈറ്റ്.. പച്ച ലൈറ്റ്.. പരാജയപ്പെട്ടവരെ എലിമിനേറ്റ് ചെയ്തു തുടങ്ങി.. കളിയിൽ നിന്നല്ല.. ജീവിതത്തിൽ നിന്ന്..! ഇനി കളിക്കുന്നത് പണത്തിന് വേണ്ടിയല്ല.. സ്വന്തം ജീവന് വേണ്ടി..!!
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഹ്വാങ്ങിനു ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ? പക്ഷേ, തന്റെ സ്വപ്നം യാഥാർഥ്യമായി വന്നപ്പോൾ കൊറിയൻ ഇൻഡസ്ട്രിയിലെ ഒരുപിടി മികച്ച താരങ്ങളെയാണ് അദ്ദേഹത്തിന് കാസ്റ്റ് ആയി ലഭിച്ചത് എന്നത് കാലത്തിന്റെ കാവ്യനീതി ആയിരിക്കാം. മുൻനിര താരങ്ങൾ മുതൽ കൊറിയൻ ഇൻഡസ്ട്രിയിലെ സൂപ്പർസ്റ്റാറുകൾ വരെ പ്രധാന വേഷങ്ങളിലും അതിഥി വേഷങ്ങളിലും എത്തിയിരിക്കുന്നു. നായകന്റെ മുഖം കണ്ട് നല്ല പരിചയം. ഇങ്ങേരെ ഞാൻ കുറേ റീവൈൻഡ് ചെയ്തു കണ്ടതാണല്ലോ..? പഹയാ.. ഇത് നിങ്ങളല്ലേ..? ഞാൻ പരിഭാഷ ചെയ്ത അലോങ്ങ് വിത്ത് ഗോഡ്സിലെ കിങ് യോംറ. ദി തീവ്സിലും ന്യൂ വേൾഡിലുമൊക്കെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അതേ ലീ ജുങ്-ജേ. നായകന് തുല്യമായ സഹനടൻ വേഷത്തിലെത്തിയ പാർക് ഹേ-സൂവിനെ ദി പൈറേറ്റ്സിൽ കണ്ട ഓർമ്മയുണ്ട്. മറ്റൊരു ശ്രദ്ദേയ വേഷമായ പോലീസ് ഡിറ്റക്റ്റീവ് ആയി എത്തിയിരിക്കുന്നത് വി ഹാ-ജൂനാണ്. സീരീസിലെ നായിക എന്നൊക്കെ പറയാൻ പറ്റിയ കാങ് സെ-ബ്യോക് എന്ന വേഷം അവതരിപ്പിച്ചിരിക്കുന്നത് കൊറിയയിലെ ടോപ് മോഡലുകളിൽ ഒരാളായ ജുങ് ഹോ-യോനാണ്. ഓഹ് ഇൽ-നാം എന്ന വൃദ്ധ കഥാപാത്രം ചെയ്ത ഓഹ് യോങ്-സു, സീരീസിലെ ഇന്ത്യൻ പ്രാധിനിധ്യം അനുപം ത്രിപാതി, ഹാൻ മിന്യോ എന്ന സ്ത്രീയായി അഭിനയിച്ച കിം ജൂ-റ്യോങ് എന്നിവരുടെ പ്രകടങ്ങളും മികച്ചവയായിരുന്നു. സൈലൻസ്ഡ്, ട്രെയിൻ ടു ബുസാൻ തുടങ്ങി മുൻനിര ചിത്രങ്ങളിലെ നായകനായി അഭിനയിച്ച ഗോങ് യൂ അതിനിർണ്ണായകമായ അതിഥി വേഷത്തിൽ എത്തിയിരിക്കുന്നു. ചില കാസ്റ്റിങ്ങുകൾ വൻ ട്വിസ്റ്റുകളും സസ്പെൻസും ആയതുകൊണ്ട് അവരെക്കുറിച്ച് പറഞ്ഞു സീരീസിന്റെ ത്രിൽനസ് കളയാൻ ആഗ്രഹിക്കുന്നില്ല.
📎 ʙᴀᴄᴋwᴀsʜ
■ പാരസൈറ്റ് പോലെ സാമ്പത്തിക വിവേചനം ഒരു മുഖ്യ തീമായി അവതരിപ്പിക്കുമ്പോൾ തന്നെ സ്‌ക്വിഡ് ഗെയിമിന് ആലീസ് ഇൻ ബോർഡർലാന്റ്, ദി ഹംഗർ ഗെയിംസ്, SAW, ബാറ്റിൽ റോയൽ തുടങ്ങിയ സിനിമകളുമായി വ്യക്തമായ സാമ്യം കാണാനാവും. സ്പോയ്ലറുകളിലേക്ക് കടക്കാതെ ചെറിയ ചില എക്സ്പ്ലനേഷനുകൾ പറയാം. സ്‌ക്വിഡ് ഗെയിമിൽ മത്സരാർത്ഥികളായ 456 പേരെ ഇരകളായും മുഖംമൂടിധാരികളായ ചുവപ്പ് വസ്ത്രധാരികളെ വേട്ടക്കാരുമായുമാണ് സീരീസ് പൂർത്തിയാക്കിയിട്ടും ചില പ്രേക്ഷകർ ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഇരുകൂട്ടരും സാമ്പത്തിക വിവേചനത്തിന്റെ ഇരകൾ തന്നെയാണ്. സ്‌ക്വിഡ് ഗെയിമിലെ സ്റ്റാഫുകളെ തിരഞ്ഞെടുത്തതും മത്സരാർത്ഥികളെ തിരഞ്ഞെടുത്തതും ഒരേ രീതിയിൽ തന്നെയാണ്. നമുക്ക് കുറച്ച് പിന്നിലോട്ട് പോകാം. നായകനെ ഗെയിമിലേക്ക് റിക്രൂട്ട് ചെയ്യുന്ന ദക്ജി ഗെയിം. അവിടെ ഗോങ് യൂവിന്റെ കഥാപാത്രം നായകനോട് ചുവപ്പും നീലയും ദക്ജി പേപ്പർ കട്ടകൾ കാണിച്ചു അതിലൊരു നിറം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. നായകൻ തിരഞ്ഞെടുക്കുന്നത് നീല പേപ്പർ കട്ടയാണ്. Now, He's Trapped. അങ്ങനെ നായകൻ സ്‌ക്വിഡ് ഗെയിമിലെ മത്സരാർഥിയാവുന്നു. ചുവപ്പ് പേപ്പർ കട്ടയായിരുന്നു നായകൻ തിരഞ്ഞെടുക്കുന്നതെങ്കിലോ? തീർച്ചയായും അയാൾ സ്‌ക്വിഡ് ഗെയിമിലെ സ്റ്റാഫ് ആയിത്തീരും. പക്ഷേ, മത്സരാർത്ഥികളെപ്പോലെ സ്റ്റാഫുകൾ എല്ലാവരും തുല്യരല്ല എന്നുള്ളതാണ് മറ്റൊരു അതിശയം. വൃത്താകൃതിയിലുള്ള മാസ്ക് ധരിച്ചവർ സാധാരണ ജോലിക്കാരും തൃകോണാകൃതിയിലുള്ള മാസ്ക് ധരിച്ചവർ ആയുധധാരികളായ സൈനികരുമാണ്. അവർക്ക് തൊട്ടുമുകളിലാണ് ചതുരാകൃതിയിലുള്ള മാസ്ക് ധരിച്ച കമാണ്ടർമാരുടെ സ്ഥാനം. ഈ ക്ലാസ്സിഫിക്കേഷൻ എങ്ങനെ നടക്കുന്നു, അവർക്കുള്ള പ്രതിഫലം എന്തായിരുന്നു എന്നതിനെക്കുറിച്ചൊന്നും വ്യക്തമായൊരു ഉത്തരം ലഭിക്കുന്നില്ല.
8.2/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ