The Exorcist » A Retaliate
■ ദി സ്‌കെയെറിയസ്റ്റ്, അല്ലെങ്കിൽ ദി ബെസ്റ്റ് ഹൊറർ മൂവി ഓഫ് ഓൾടൈം എന്ന് വെറുതേ ഒന്ന് ഗൂഗിളിൽ അടിച്ചാൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഒരു സിനിമയുടെ പേര് കാണാം. അതാണ് 1973-ൽ ഇറങ്ങി ഇപ്പോഴും ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദി എക്‌സോഴ്സിസ്റ്റ്. 2017-ൽ ഇറ്റ് ഇറങ്ങുന്നത് വരെ ടോപ് ഗ്രോസർ R-റേറ്റഡ് ഹൊറർ ഫിലിമും ദി എക്‌സോഴ്സിസ്റ്റ് തന്നെയായിരുന്നു. ഇൻഫ്ലേഷൻ അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ ഇപ്പോഴും ടോപ് വണ്ണിൽ തന്നെ വന്നുനിൽക്കും ദി എക്‌സോഴ്സിസ്റ്റ്. അഞ്ച് പതിറ്റാണ്ടായിട്ടും "ഇപ്പോഴും ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന" എന്ന ടേം ഞാൻ യൂസ് ചെയ്യാൻ ഒരു കാരണമുണ്ട്. ടെക്നോളജി വികസിക്കുന്നതിനനുസരിച്ചും നമ്മുടെ ആസ്വാദന നിലവാരം ഉയരുന്നതിനനുസരിച്ചും പണ്ട് നമ്മെ ഒരുപാട് ഭയപ്പെടുത്തിയിരുന്ന പല സിനിമകൾക്കും ഇന്നിപ്പോൾ നമ്മെ ഭയപ്പെടുത്താൻ സാധിച്ചെന്ന് വരില്ല. ഉദാഹരണത്തിന്, വിനയന്റെ ആകാശഗംഗ കണ്ട് രാത്രി മുള്ളാൻ പോലും പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആകാശഗംഗ കാണുമ്പോൾ പണ്ട് അത്രമാത്രം പേടിച്ചത് ഓർത്ത് സത്യത്തിൽ ചിരി വരും. അന്ന് ഭയങ്കരമായി ഭയപ്പെടുത്തിയിരുന്ന പല സീനുകളും ഇന്ന് കാണുമ്പോൾ ശരിക്കും കോമഡിയായാണ് ഫീൽ ചെയ്യാറ്. വിത്ത് ഓൾ ഡ്യൂ റെസ്‌പെക്റ്റ്, മലയാളത്തിലെ അക്കാലത്തെ ഏറ്റവും മികച്ച ഹൊറർ സിനിമകളിൽ ഒന്ന് തന്നെയായിരുന്നു ആകാശഗംഗ. ഇപ്പോൾ അത് കാണുമ്പോൾ ചിരി വരാനുള്ള യഥാർത്ഥ കാരണം, ഞാൻ നേരത്തെ പറഞ്ഞത് പോലെ ടെക്നോളജിയിൽ വന്ന മാറ്റങ്ങളും പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിൽ സംഭവിച്ച മാറ്റങ്ങളും കാരണം ആ സിനിമയ്ക്ക് കാലഘട്ടത്തെ അതിജീവിക്കാൻ കഴിയാതെ പോയതാണ്. അല്ലാതെ വിനയന് സിനിമ പിടിക്കാൻ അറിയാഞ്ഞത് കൊണ്ടൊന്നുമല്ല. ഇവിടെയാണ് 1973-ൽ ഇറങ്ങിയ ദി എക്‌സോഴ്സിസ്റ്റ് എന്ന ഈ സിനിമ നമ്മെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്നത്. അൻപത് വർഷം മുൻപത്തെ പരിമിതമായ ടെക്നോളജിയും വെറും മേക്കപ്പിലെ മികവും കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് എങ്ങനെ കാലഘട്ടത്തിന് അതീതമായി ഭീതി വിതക്കാനാകും എന്ന ചോദ്യത്തിന് ഉത്തരമായിത്തന്നെയാണ് ദി എക്‌സോഴ്സിസ്റ്റ് ഇപ്പോഴും ടോപ് വണ്ണിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്.
■ വില്യം പീറ്റർ ബ്ലാറ്റിയുടെ ഇതേ പേരിൽ തന്നെയുള്ള ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കിയിട്ടായിരുന്നു വില്യം ഫ്രീഡ്കിൻ ദി എക്‌സോഴ്സിസ്റ്റ് സംവിധാനം നിർവ്വഹിക്കുന്നത്. ദി എക്‌സോഴ്സിസ്റ്റിന് പണംമുടക്കിയതും പീറ്റർ ബ്ലാറ്റി തന്നെയായിരുന്നു. ശപിക്കപ്പെട്ട സിനിമ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു സിനിമയായിരുന്നു ദി എക്‌സോഴ്സിസ്റ്റ്. സിനിമയുടെ ഷൂട്ടിങ് മുതൽ റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സിനിമയുടെ പ്രമേയം പോലെ തന്നെ ഒരു പ്രേതം കണക്കേ ദൗർഭാഗ്യങ്ങൾ വേട്ടയാടിയിരുന്നു. ഷൂറ്റിംഗിനിടയ്ക്ക് തന്നെ സെറ്റിന്റെ ഭൂരിഭാഗവും വൻതീപ്പിടിത്തത്തിൽ കത്തിനശിച്ചത് കാരണം ബജറ്റ് ഇരട്ടിയാക്കേണ്ടിയും വന്നു. ഫാദർ ഡാമിയന്റെ അമ്മയായി അഭിനയിച്ച വസിലികി മലിയാറോസും ബർക് ഡെന്നിങ്സിനെ അവതരിപ്പിച്ച ജാക്ക് മക്ഗൗരാനും ഷൂട്ടിങ് കഴിഞ്ഞു സിനിമ റിലീസ് ആവുന്നതിനു മുൻപേ മരണപ്പെട്ടു. കൂടാതെ റീഗൻ മക്നീലിനെ അവതരിപ്പിച്ച ലിൻഡ ബ്ലയറിന്റെയും ഫാദർ ലാങ്കസ്റ്റർ മെറിനെ അവതരിപ്പിച്ച മാക്സ് വോൻ സീഡോവിന്റെയും കുടുംബാംഗങ്ങളിൽ പലരുടെയും മരണമടക്കം, സിനിമയുമായി ബന്ധപ്പെട്ട ഒൻപത് പേരുടെ മരണം ദി എക്‌സോഴ്സിസ്റ്റ് എന്ന സിനിമയുടെ ശാപം കാരണമാണെന്ന് പ്രചരിക്കപ്പെട്ടു. ലിൻഡ ബ്ലയറിനും ക്രിസ് മക്നീലിനെ അവതരിപ്പിച്ച എലൻ ബാഴ്സ്റ്റീനും സെറ്റിൽ വീണ് സാരമായി പരിക്കുപറ്റിയതുമൊക്കെ ഈ പാവം സിനിമയുടെ തലയിലായി. പ്രദർശനത്തിനിടയ്ക്ക് പ്രേക്ഷകരിൽ ചിലർ തലചുറ്റി വീണതും ഛർദ്ധിച്ചതും വരെ സിനിമയുടെ ശാപമായി ഗണിക്കപ്പെട്ടു. പക്ഷേ, പ്രമുഖ ബ്രിട്ടീഷ് സിനിമാ ചരിത്രകാരിയായ സാറാ ക്രൗതറിന്റെ അഭിപ്രായത്തിൽ ദി എക്‌സോഴ്സിസ്റ്റിനെ ബാധിച്ച ശാപം എന്ന പ്രചാരണത്തിന് പിന്നിൽ സിനിമയുടെ വിതരണക്കാരായ വാർണർ ബ്രോസിന്റെ മാർക്കെറ്റിങ് ടീം തന്നെയായിരുന്നു എന്നാണ്. വർഷങ്ങൾക്ക് ശേഷം 2000-ത്തിൽ ദി എക്‌സോഴ്സിസ്റ്റിന്റെ തിരക്കഥാകൃത്തും നോവലിന്റെ രചയിതാവും കൂടിയായ വില്യം പീറ്റർ ബ്ലാറ്റി തന്നെ എക്‌സോഴ്സിസ്റ്റ് ശാപം എന്ന ഒന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു.
✍sʏɴᴏᴘsɪs
■ ഹോളിവുഡിലെ ഒരു നടിയായിരുന്ന ക്രിസ് മക്നീൽ തന്റെ 12 വയസ്സുകാരി മകൾ റീഗനും ഏതാനും പരിചാരകർക്കുമൊപ്പം ജോർജ്ജ് ടൗണിലെ ഒരു വലിയ വീട്ടിൽ താമസിക്കുകയാണ്. അതിനിടെ റീഗന് വളരെ വിചിത്രമായ ഒരു രോഗം ബാധിക്കുന്നു. ഒരുപാട് ഡോക്ടർമാരെ കാണിച്ചിട്ടും അവളുടെ അസുഖമെന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ല. അവസാനം വൈദ്യശാസ്ത്രം അവരെ കൈയ്യൊഴിയുകയാണ്. ശാസ്ത്രം കൈവിട്ടാൽ പിന്നെ അഭയം ദൈവം മാത്രമല്ലേയുള്ളൂ. അങ്ങനെ റീഗനെ ബാധിച്ചിരിക്കുന്നത് പൈശാചികമായ എന്തോ രോഗമാണെന്ന് സംശയിക്കുന്ന അവർ ഒരു കാത്തോലിക്കാ പുരോഹിതനും സൈക്കാട്രിസ്റ്റുമായ ഫാദർ ഡാമിയൻ കരാസിന്റെ സഹായം തേടുകയാണ്.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയാണ് ദി എക്‌സോഴ്സിസ്റ്റ്. മികച്ച ചിത്രത്തിനുള്ളത് ഉൾപ്പെടെ പത്ത് ഓസ്കാർ നോമിനേഷൻ ആയിരുന്നു ദി എക്‌സോഴ്സിസ്റ്റ് നേടിയത്. അതിൽത്തന്നെ മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കും മികച്ച ശബ്ദവിന്യാസത്തിനുമുള്ള ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ദി എക്സോഴ്സിസ്റ്റിന്റെ തിയറ്റർ റിലീസ് വേളയിൽ ഒരുപാട് ഭയപ്പെടുത്തുന്നത് എന്ന് കരുതി സംവിധായകൻ ഫ്രീഡ്കിൻ വെട്ടിമാറ്റിയ അതിപ്രശസ്ത "സ്‌പൈഡർ വാക്കിങ് സീൻ" കാൽ നൂറ്റാണ്ടുകൾക്കിപ്പുറം അതിന്റെ ഡിവിഡി റിലീസിൽ പ്രസ്തുത സീൻ കൂട്ടിച്ചേർത്തിട്ടായിരുന്നു ഇറക്കിയത്. പിന്നീട് ഒരുപാട് ഹൊറർ സിനിമകളിലെ രംഗങ്ങൾക്ക് റഫറൻസ് ആയി മാറി പ്രസ്തുത രംഗം. മൂന്ന് ഭാഗങ്ങളുള്ള ട്രിലോജിയുടെ ആദ്യ ഭാഗമായിരുന്നു ദി എക്‌സോഴ്സിസ്റ്റ്. പക്ഷേ, എക്‌സോഴ്സിസ്റ്റ് ആദ്യ ഭാഗത്തിന് കിട്ടിയ വമ്പൻ സ്വീകരണവും ക്ലാസ്സിക്വൽക്കരണവും തുടർന്നുള്ള ഭാഗങ്ങൾക്ക് ലഭിച്ചില്ല. ദി എക്‌സോഴ്സിസ്റ്റിനു പ്രീക്വൽ ആയി 2004-ൽ ഇറങ്ങിയ എക്‌സോഴ്സിസ്റ്റ് : ദി ബിഗിന്നിങ്ങും അതിന്റെ തുടർഭാഗമായി ഇറങ്ങിയ ഡോമിനിയൻ : പ്രീക്വൽ ടു ദി എക്‌സോഴ്സിസ്റ്റും മോശം അഭിപ്രായങ്ങൾ നേടി തിയറ്ററിൽ മൂക്കുംകുത്തി വീണു. 2020-ൽ മോർഗൻ ക്രീക്ക് അനൗൺസ് ചെയ്ത എക്‌സോഴ്സിസ്റ്റിന്റെ റീബൂട്ട് ട്രിലോജി, ക്ലാസ്സിക് എക്‌സോഴ്സിസ്റ്റിന്റെ ലോകമെമ്പാടുമുള്ള ആരാധകർ പെറ്റിഷനിൽ സൈൻ ചെയ്തുകൊണ്ട് മുളയിലേ നുള്ളിക്കളയുകയും ചെയ്തു. എങ്കിലും 2016 മുതൽ 2017 വരെ വർഷങ്ങളിൽ രണ്ട് സീസണുകളിൽ 20 എപ്പിസോഡുകളിലായി ഒരു ടിവി സീരീസ് ദി എക്‌സോഴ്സിസ്റ്റ് ഫ്രാഞ്ചസിയുടേതായി ഫോക്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ദി എക്‌സോഴ്സിസ്റ്റ് റിലീസിന്റെ പിറ്റേ വർഷം,1974-ൽ ശൈത്താൻ എന്ന പേരിൽ ഒരു ടർക്കിഷ് സിനിമ ദി എക്‌സോഴ്സിസ്റ്റിന്റെ കഥയും കഥാഗതിയും സീൻ ബൈ സീൻ മോഷ്ടിച്ചുവെച്ചുകൊണ്ട് ഇറങ്ങിയിരുന്നു. പിൽക്കാലത്ത് കൾട്ട് പദവി നേടിയ അത് അറിയപ്പെട്ടത് ടർക്കിഷ് എക്‌സോഴ്സിസ്റ്റ് എന്നായിരുന്നു.
8.1/10 . IMDb
84% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ