Adhura » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ നീൽഗിരി വാലി എന്ന ഊട്ടിയിലെ ഒരു ബോർഡിങ് സ്കൂൾ. സദാകാർമേഘങ്ങളാലും മൂടൽമഞ്ഞിനാലും വലയം ചെയ്യപ്പെട്ടത്കൊണ്ട് സൂര്യപ്രകാശം പലപ്പോഴും അന്യമായ ഒരിടം. രാത്രിയുടെ യാമങ്ങളിൽ മാത്രമല്ല, പകലിലെ അരണ്ടവെളിച്ചത്തിൽ വരെ ക്യാമ്പസിന്റെ ഇരുണ്ട ഇടനാഴികളിൽ പലപ്പോഴും പലരും അതിനെ കണ്ടിട്ടുണ്ടായിരുന്നു. മുഷിഞ്ഞ സ്കൂൾ യൂണിഫോമിൽ വേച്ചു വേച്ചു വളരെ പതുക്കെ നടന്നിരുന്ന കഴുത്തൊടിഞ്ഞ ഒരു രൂപം.
ആദൂ..
ഊട്ടിയിലെ കൊടുംതണുപ്പ് പോലെ ആ ഭീതിപ്പെടുത്തുന്ന ശബ്ദം ശരീരത്തിൽ തുളച്ചുകയറിക്കൊണ്ടേയിരുന്നു. ആ രൂപം നിങ്ങളെ പിന്തുടരുകയാണ്.
ആദൂ...
പുട്ടിനു പീര കണക്കേ ഹിന്ദിയിൽ വെബ്സീരീസുകൾ ഇറങ്ങുന്നുണ്ടെങ്കിലും അസുർ ഒഴിച്ച് വേറെ ഒന്നും കാണാൻ താല്പര്യമേയുണ്ടായിരുന്നില്ല. എന്തിന്, ഹിന്ദിയിൽ ഇറങ്ങിയ ഏറ്റവും മികച്ച സീരീസ് എന്ന് വരെ ഭൂരിപക്ഷ അഭിപ്രായമുള്ള സേക്രഡ് ഗെയിംസ് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, ഫ്രണ്ട്സ് ലിസ്റ്റിലെ ആരുടെയോ കുറിപ്പ് വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകമാണ് എന്നെ അധൂര എന്ന ഈ സീരീസിലേക്കെത്തിച്ചത്. എന്നാൽ, കണ്ടുകഴിഞ്ഞതിനു ശേഷം ഞാൻ കണ്ടുതീർത്ത സീരിസുകളിലെ സാറ്റിസ്ഫൈഡ് ഗണത്തിലേക്കാണ് അധൂര നടന്നുകയറിയത്. പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു രണ്ട് മാസങ്ങൾക്കിപ്പുറവും ദി മോസ്റ്റ് സെർച്ചഡ് ഹൊറർ ഷോകളിൽ ടോപ് ടെന്നിലാണ് അധൂരയുടെ സ്ഥാനം.
■ ഹൊറർ ത്രില്ലർ ജോണറിൽ വരുന്ന അധൂരയ്ക്ക്, മികച്ച തിരക്കഥയുടെ പിൻബലത്തോടെ കൃത്യമായ അളവിൽ ഹൊററും സൈക്കോളജിയും ഫാന്റസിയും ചേർത്തു അതിഗംഭീരമായിത്തന്നെ പ്രേക്ഷകരിൽ ഭയം നിറയ്ക്കാൻ സാധിക്കുന്നുണ്ട്. ഊട്ടിയിലെ ഒരു ബോർഡിങ് സ്കൂളിൽ രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയെ അതിമനോഹരമായി ഒന്നിപ്പിച്ചിരിക്കുകയാണ് അനന്യ ബാനർജി അധൂരയിൽ. അനന്യയ്‌ക്കൊപ്പം ഗൗരവ് കെ. ചൗളയാണ് മികച്ച രീതിയിൽ ഈ സീരീസ് സംവിധാനിച്ചിരിക്കുന്നത്. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഫ്ലാഷ് ബാക്കും പ്രെസെന്റും ഇടകലർന്നുവരുന്ന ഒരു സ്റ്റോറി നരേഷനാണ് അധൂരയിൽ അവർ സ്വീകരിച്ചിരിക്കുന്നത്. അത് വളരെ മനോഹരമായി തന്നെ മാഹിർ സവേരി എഡിറ്റ് ചെയ്തു പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ശ്രീജൻ ചൗരസ്യയുടെ ഇരുണ്ട ഫ്രെയിമുകൾക്കൊപ്പം ജോൺ സ്റ്റിവാർട്ട് എഡ്യൂറിയുടെ പതിഞ്ഞ താളത്തിലുള്ള പശ്ചാത്തല സംഗീതവും കൂടെ ചേർന്നപ്പോൾ അധൂര ഹൊറർ ത്രില്ലർ ഗണത്തിൽ ഇന്ത്യയിലിറങ്ങിയ മികച്ച സീരീസുകളിൽ ഒന്നുതന്നെയായി മാറി.
✍sʏɴᴏᴘsɪs
■ അരണ്ട വെളിച്ചമുള്ള ഒരു പ്രഭാതം. പ്രഭാത നടത്തത്തിനായി നീൽഗിരി വാലി സ്കൂളിന്റെ ഡീനിനെ വിളിക്കാൻ ചെന്ന സഹ അദ്ധ്യാപകൻ കാണുന്നത് തലയും കൈകാലുകളും ശരീരത്തിന് പിന്നിലേക്ക് വളച്ചൊടിക്കപ്പെട്ട് കമിഴ്ന്ന നിലയിൽ മരിച്ചുകിടക്കുന്ന അയാളുടെ മൃതശരീരത്തെയായിരുന്നു. ഡീനിന്റെ ദുരൂഹമരണത്തിനു ശേഷം ആ സ്കൂളിൽ പഠിക്കുന്ന വേദാന്ത് എന്ന പത്തുവയസ്സുകാരന്റെ പെരുമാറ്റത്തിൽ ക്രമേണയായി അസ്വഭാവികത കൈവരുന്നു. പൊതുവെ അന്തർമുഖനായ വേദാന്തിന്റെ വിചിത്ര പെരുമാറ്റത്തിന് പിന്നിലെ രഹസ്യം കണ്ടെത്താനും അത് പുറത്തറിയിക്കാതിരിക്കാനും സ്കൂൾ അധികൃതർ ശ്രമിക്കുന്നു. വേദാന്തിനു ദുരൂഹത സാഹചര്യത്തിൽ മരിച്ച ഡീനിന്റെ പ്രേതം ബാധിച്ചതാണെന്ന് ചിലരും, അതല്ല അവന് മാനസിക പ്രശ്നമാണെന്ന് ഇതിലൊന്നും വിശ്വസിക്കാത്ത മറ്റുചിലരും അഭിപ്രായപ്പെടുകയും അവർ അതിനനുസരിച്ചു പ്രതികരിക്കുകയും ചെയ്യുന്നു. അതിന് പിന്നാലെ പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അവിടെ നിന്നും പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പുനഃസംഗമവും അടുത്തുവരുന്നു. പൂർവ്വവിദ്യാർഥി സംഗമത്തിന് വരുന്ന മുൻവിദ്യാർഥികൾ പലരും വിവിഐപികൾ ആണെന്നത് പുതിയ ഡീനിനു വലിയ തലവേദന സൃഷ്ടിക്കുന്നു. പൂർവ്വവിദ്യാർത്ഥികളുടെ കടന്നുവരവോടെ ക്യാമ്പസ്സിൽ വീണ്ടും അനിഷ്ടസംഭവങ്ങൾ അരങ്ങേറുന്നു. സീരീസിനെ വളരെ എൻഗേജിങ് ആക്കി നിർത്തുന്ന ചോദ്യം ഇതായിരുന്നു, ക്യാമ്പസ്സിൽ വിഹരിക്കുന്നത് കഴുത്തൊടിഞ്ഞു മരിച്ച ഡീനിന്റെ പ്രേതമോ അതോ, ഇതെല്ലാം വേദാന്ത് എന്ന കുട്ടിയുടെ വെറും തോന്നലുകളോ?!
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സീരീസിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്ന് വേദാന്ത് എന്ന കുട്ടിയുടെ വേഷം അവതരിപ്പിച്ച ശ്രേനിക് അറോറയുടേത് തന്നെയായിരുന്നു. ആമസോൺ പ്രൈം ഹിന്ദി സീരീസുകളിലെ സ്ഥിരം സാനിധ്യമായ ഇഷ്‌വാക് സിങാണ് മറ്റൊരു പ്രധാന വേഷമായ ആദിരാജ് ജയ്‌സിങ്ങിനെ അവതരിപ്പിച്ചിരിക്കുന്നത്. മിർസാപൂർ, ഡൽഹി ക്രൈംസ് തുടങ്ങിയ സീരീസുകളിലും ദുൽഖറിന്റെ കമ്മട്ടിപ്പാടം, ഔറംഗസേബ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ സിനിമകളിലും പരിചിതയായ രസിക ദുഗാൽ സുപ്രിയ ഘോഷ് എന്ന മറ്റൊരു മർമ്മപ്രധാന വേഷം അവതരിപ്പിക്കുന്നു. നീനാദ് രാമനായി വേഷമിട്ട പൂജൻ ചബ്രയുടേതും മികച്ച പ്രകടനമായിരുന്നു. മാളവിക സേത് ആയി വേഷമിട്ട സോവ മൊറാനി, ദേവ് ജാംവാൽ ആയി വേഷമിട്ട റിജുൽ ജെയ്, ഡീൻ കെ.സി. സ്വാമിയായി വേഷമിട്ട കെ.സി. ശങ്കർ, അന്വേഷണോദ്യോഗസ്ഥൻ ബേദിയായി വേഷമിട്ട രാഹുൽ ദേവ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും അധൂര എന്ന സീരീസിനെ മികച്ചതാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
📎 ʙᴀᴄᴋwᴀsʜ
■ കാലികപ്രസക്തവും വളരെ ഗൗരവമേറിയതുമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അത് പൂർണ്ണമായും പ്രേക്ഷകരിലേക്ക് പകരാൻ അധൂരയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. ഒരാളുടെ സെക്ഷ്വാലിറ്റി, പെരുമാറ്റം തുടങ്ങിയവ കാരണമാക്കി പഠനകാലത്ത് സഹപാഠികൾ നടത്തുന്ന കുറ്റകരമായ ബുള്ളിയിങ്ങും അപരവൽക്കരണവും കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതവും ട്രോമയും എത്രത്തോളം വലുതാണെന്ന് സീരീസ് പറഞ്ഞുവെക്കുമ്പോഴും ജൻഡർ പൊളിറ്റിക്സിലേക്ക് പൂർണ്ണമായും ഇറങ്ങിച്ചെന്ന് പുതുതലമുറയെ ബോധവാന്മാരാക്കാൻ അവസരമുണ്ടായിട്ടും അതുചെയ്യാൻ കൂട്ടാക്കാതെ അധൂര എന്ന പേര് പോലെത്തന്നെ അവസാനത്തിൽ അപൂർണ്ണമായ നിലയിൽ പാതി പരാജയപ്പെട്ടു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. സ്പൂൺഫീഡിങ് ചെയ്യേണ്ടതില്ലാത്ത ഒരു കൂട്ടം പ്രേക്ഷകരുണ്ടെന്ന ഒരു യാഥാർഥ്യം കണക്കിലെടുക്കുമ്പോൾ, പൊളിറ്റിക്കലി ഒരു ഡീസന്റ് എഫർട്ട് തന്നെയായിരുന്നു അധൂര. ആൻഡ് വൺ മോർ തിങ്, ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് അധൂര വിത്ത് ഇട്സ് IMdB റേറ്റിംഗ്.
6.6/10
IMDb . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ