Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ് പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സൂപ്പർഹീറോ ചിത്രം എന്നതിലുപരി മറ്റെന്തോ ആണ് വാച്ച്മെൻ. സൂപ്പർഹീറോസിന്റെ കഥയാണെങ്കിലും ഇതിൽ സൂപ്പർഹ്യൂമൻ ആയി ഡോ. മൻഹാട്ടൻ എന്ന പേരിലറിയപ്പെടുന്ന ജോൺ ഓസ്റ്റർമാൻ മാത്രമേയുള്ളൂ. മറ്റുള്ള സൂപ്പർഹീറോസിനെയെല്ലാം ലോജിക്കുമായി നിഷ്പ്രയാസം കണക്റ്റ് ചെയ്യാൻ സാധിക്കും. ഡിസി ഫാൻസ് പറയുന്ന പോലെ തന്നെ ഒരു കിടിലൻ സിനിമ തന്നെയാണ് വാച്ച്മെൻ.
ജാക്കി ഏർലി ഹാലി, പാട്രിക് വിൽസൺ, മാലിൻ അക്കെർമാൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാക്ക് സ്‌നൈഡർ സംവിധാനം നിർവഹിച്ച മിസ്റ്ററി ആക്ഷൻ ത്രില്ലർ സൂപ്പർഹീറോ ഹോളിവുഡ് ചിത്രമാണ് വാച്ച്മെൻ. ഡിസി കോമിക്സ് 1986-87 കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്നെഴുതിയ ലിമിറ്റഡ് എഡിഷൻ കോമിക് പരമ്പരയെ ആസ്പദമാക്കി ഡേവിഡ് ഹയ്‌റ്ററും അലക്സ് സെയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലാറി ഫോങ് ഛായാഗ്രഹണവും വില്യം ഹോയ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ടൈലർ ബേറ്റ്സാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ചരിത്രവുമായി മനോഹരമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സൂപ്പർഹീറോസ് ചിത്രമാണിത്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുൻപ് അമേരിക്കയിൽ തിന്മയ്‌ക്കെതിരെ പോരാടാൻ കൗതുകകരമായി വസ്ത്രം ധരിച്ച മിനുട്സ്മെൻ എന്നറിയപ്പെട്ട സൂപ്പർഹീറോസ് ഉയർന്നു വരുന്നു. ആ കാലഘട്ടത്തിനു ശേഷം വിയറ്റ്‌നാം യുദ്ധത്തിന്റെയും അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെയും കാലത്ത് വാച്ച്മെൻ എന്നറിയപ്പെടുന്ന സൂപ്പർഹീറോസ് (റോർഷാക്, നൈറ്റ് ഓൾ 2, സിൽക്ക് സ്‌പെക്ടർ 2, ഡോ. മൻഹാട്ടൻ, ഒസെയ്മാൻഡിയാസ്, ദി കൊമേഡിയൻ) ഉയർന്നുവരുന്നു. ഡോ. മൻഹാട്ടൻറെ സഹായത്തോടെ അമേരിക്ക വിയറ്റ്നാമിലെ യുദ്ധം ജയിക്കുന്നു. പക്ഷേ, മുഖംമൂടി ധരിച്ച സൂപ്പർഹീറോസിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നുള്ള എതിർപ്പ് ശക്തമാകുന്നതോടെ സർക്കാർ സൂപ്പർഹീറോസിനെ നിരോധിക്കുന്നു. ഡോ. മൻഹാട്ടനും കൊമേഡിയനും ഗവണ്മെന്റിന്റെ സഹായികളായി നിയമവിധേയമായി പ്രവർത്തിക്കുന്നു. റോർഷാക് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം വിരമിക്കുന്നു, റോർഷാക് മാത്രം നിയമവിധേയമല്ലാതെ തിന്മയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുന്നു. ഗവണ്മെന്റിന്റെ സഹായിയായിരുന്ന എഡ്വേർഡ് ബ്ലേക്കിന്റെ കൊലപാതകത്തിന് പിന്നിലുള്ള അന്വേഷണം റോർഷാക്കിന് ഞെട്ടിക്കുന്ന പല വിവരങ്ങളും നൽകുന്നു. എഡ്വേർഡ് ബ്ലേക് ആയിരുന്നു കൊമേഡിയൻ എന്ന് മനസ്സിലാക്കുന്ന റോർഷാക് കൊലപാതകത്തിന് പിന്നിലുള്ള ശക്തിയെക്കുറിച്ചറിയാൻ നിരന്തരമായ അന്വേഷണത്തിനിറങ്ങുന്നു. കൊലപാതകത്തിന് പിന്നിൽ സോവിയറ്റ് യൂണിയനോ പഴയ സൂപ്പർ വില്ലൻ മോളോഷോ..
■ ജാക്കി ഏർലി ഹാലി (റോർഷാക് / വാൾട്ടർ കോവാക്സ്), പാട്രിക് വിൽസൺ (നൈറ്റ് ഓൾ 2 / ഡാനിയേൽ ഡ്രീബെർഗ്), മാലിൻ അക്കെർമാൻ (സിൽക്ക് സ്‌പെക്ടർ 2 / ലോറി ജൂപിറ്റർ), ബില്ലി ക്രഡപ് (ഡോ. മൻഹാട്ടൻ / ജോൺ ഓസ്റ്റർമാൻ), മാത്യു ഗൂഡി (ഒസെയ്മാൻഡിയാസ് / അഡ്രിയാൻ വെയ്ഡ്), ജെഫ്‌റി ഡീൻ മോർഗൻ (ദി കൊമേഡിയൻ / എഡ്വേർഡ് ബ്ലേക്), കാർല ഗുഗിനോ (സിൽക്ക് സ്‌പെക്ടർ / സാലി ജൂപിറ്റർ), സ്റ്റീഫൻ മക്കാറ്റി (നൈറ്റ് ഓൾ / ഹോളിസ് മേസൺ), മാറ്റ് ഫ്രീവർ (മൊളോഷ്), ലോറ മെന്നൽ (ജാനി സ്ലേറ്റർ), ഡാനി വുഡ്‌ബേൺ (ബിഗ് ഫിഗർ), റോബർട്ട് വിസ്ഡൺ (റിച്ചാർഡ് നിക്സൺ), ടെഡ് കോൾ (ഡിക്ക് കവേറ്റ്), ക്രിസ് ഗോതിർ (സെയ്‌മോർ), സാലി സഫിയറ്റി (ആനി ലിബ്രോവിറ്റ്), ഡാൻ പെയ്‌നെ (ഡോളർ ബിൽ), നിയാൽ മാറ്റർ (മോത്മാൻ), അപ്പൊല്ലോണിയ വനോവ (ദി സിലോറ്റെ), ഗ്ലെൻ എന്നിസ് (ഹുഡഡ് ജസ്റ്റിസ്), ഡാരിൽ ഷീലർ (ക്യാപ്റ്റൻ മെട്രോപൊളിസ്) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ രണ്ട് പതിറ്റാണ്ടുകളോളമാണ് ഡിസി കോമിക്സ് പ്രേമികൾ വാച്ച്മെൻറെ ദൃശ്യാവിഷ്കാരത്തിനായി കാത്തിരുന്നത്. ആ കാത്തിരിപ്പ് എന്തായാലും വെറുതെയായില്ല. സാക്ക് സ്നൈഡറിലുള്ള പ്രതീക്ഷയും അസ്ഥാനത്തായില്ല. എൺപതുകൾ മനോഹരമായിത്തന്നെ സ്‌നൈഡർ പുനരാവിഷ്കരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ മനോഹരമായി പകർത്തിയ പോലെ മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ F.കെന്നഡി, മുൻ ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ, മുൻ ചൈനീസ് തലവൻ മാവോ സേതൂങ് തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രമുഖരും ബിസിനസ് മാഗ്നറ്റുകളും പത്രപ്രമുഖരും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പടത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
7.6/10 · IMDb
64% · Rotten Tomatoes
Riγαs Ρυliκκαl
❤😍😍
മറുപടിഇല്ലാതാക്കൂ