Ratsasan » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകപ്രശസ്ത സൈക്കോ ത്രില്ലറുകളായ സൈക്കോ, സോഡിയാക്, ഡേർട്ടി ഹാരി, മെമ്മറീസ് ഓഫ് മർഡർ, സെവൻ, ദി ചെയ്സർ, ദി സൈലൻസ് ഓഫ് ദി ലാംപ്സ് തുടങ്ങിയവ ഉൾപ്പെടെ ഭൂരിഭാഗം സൈക്കോ ത്രില്ലറുകളും യഥാർത്ഥ സംഭവ കഥകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും മനംനിറഞ്ഞ പ്രശംസയ്ക്ക് പാത്രമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിക്കൊണ്ട് മുന്നേറുന്ന സൈക്കോ ത്രില്ലർ തമിഴ് ചിത്രം രാച്ചസൻ ഇവയുടെയൊക്കെ ആകെത്തുകയാണെന്ന് പറയാം. പ്രേക്ഷകരെ സീറ്റിന്റെ തെല്ലത്തേക്ക് ത്രസിപ്പിച്ചു നിർത്തിയൊരു സിനിമ ഈയടുത്ത കാലത്തൊന്നും ഇന്ത്യൻ സിനിമ ദർശിച്ചിട്ടില്ല. കൊലയാളിയാരെന്ന് ചിന്തിക്കാൻ പ്രേക്ഷകർക്ക് തെല്ലും അവസരം കൊടുക്കാത്തത്ര വേഗതയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കടന്ന് പോകുന്നു രാച്ചസൻ. ചുരുക്കിപ്പറഞ്ഞാൽ, മത്തി വറുത്തതും ചോറും പ്രതീക്ഷിച്ചിരുന്നവന് തലശ്ശേരി ദം ബിരിയാണി കിട്ടിയ ദാറ്റ് അവസ്ഥ..
■ രാംകുമാർ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ തമിഴ് ചിത്രമാണ് രാച്ചസൻ. P.V.ശങ്കർ ഛായാഗ്രഹണവും സാൻ ലോകേഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഉദ്വേഗജനകമായ, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച; പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗിബ്രാനാണ്. ചിത്രത്തിൻറെ ഒഴുക്കിന് കോട്ടംതട്ടാത്ത രീതിയിലുള്ള നാല് ഗാനങ്ങളാണ് ഗിബ്രാൻ രാച്ചസനിൽ ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന സിനിമാ മോഹിയായൊരു ചെറുപ്പക്കാരനായിരുന്നു അരുൺ കുമാർ. ഒരു സംവിധായകനാകാൻ ആഗ്രഹിച്ച അയാൾ തന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിന് വേണ്ടി വ്യത്യസ്ത സ്വഭാവമുള്ള സൈക്കോ കൊലയാളികളുടെ കഥകളും വാർത്തകളും ശേഖരിച്ചു വന്നിരുന്നു, ഒരു സൈക്കോ ത്രില്ലർ സിനിമയെടുക്കണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷേ, തുടർച്ചയായുള്ള അവഗണനകൾ കാരണവും കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്തതുകൊണ്ടും അയാൾക്ക് തന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയാണ്. അരുണിന്റെ പെങ്ങളുടെ ഭർത്താവ് മുരുഗദോസ് ഒരു പോലീസുദ്യോഗസ്ഥനായിരുന്നു, അയാൾ അരുണിനെ പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി നേടാൻ സഹായിക്കുന്നു. ഒരു സാധാരണ സബ് ഇൻസ്പെക്ടറായി പോലീസിൽ കയറിപ്പറ്റുന്ന അരുണിന് പ്രമാദമായ ഒരു കേസിൽ ഇടപെടേണ്ടി വരുന്നു. അരുണിന്റെ നിഗമനത്തിൽ ഒരു സൈക്കോപ്പാത്ത് തുടർകൊലപാതക പരമ്പരയുടെ ആരംഭം..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ വിഷ്ണു വിശാലാണ് അരുൺ കുമാറെന്ന നായകകഥാപാത്രമായി വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. നായികാ കഥാപാത്രമായ വിജി എന്ന ഹൈസ്‌കൂൾ ടീച്ചറായി അമലാ പോൾ വേഷമിട്ടിരിക്കുന്നു. വിനോദിനി വൈദ്യനാഥൻ (കോകില, അരുണിന്റെ പെങ്ങൾ), മുനിഷ്‌കാന്ത് (മുരുകദോസ്, അരുണിന്റെ പെങ്ങളുടെ ഭർത്താവ്), സുസൈൻ ജോർജ്ജ് (ഇൻസ്‌പെക്ടർ ലക്ഷ്മി), നിഴകൾ രവി (ഡോ. നന്ദൻ), രാധാ രവി (ഇൻസ്‌പെക്ടർ രാജമാണിക്കം), സംഗിളി മുരുകൻ (അരുണിന്റെ വീട്ടുടമ), കാളി വെങ്കട്ട് (കോൺസ്റ്റബിൾ വെങ്കട്ട്), നാൻ ശരവണൻ (ക്രിസ്റ്റഫർ), ഉഷ (അരുണിന്റെ അമ്മ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ വെണ്ണിലാ കബഡിക്കുഴുവിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു വിശാലിന് ശരിക്കും ഒരു കരിയർ ബ്രേക്കായിരിക്കും രാച്ചസനിലെ ഇൻസ്‌പെക്ടർ അരുൺ കുമാർ. ഇൻട്രു നേട്രൂ നാളൈ എന്ന ചിത്രത്തിലെ ഇളങ്കോ ആയിരുന്നു ഇതിന് മുൻപ് വിഷ്ണു വിശാൽ അഭിനയിച്ച എന്റെ ഇഷ്ട കഥാപാത്രം. രാച്ചസൻ ഉടൻ തന്നെ കന്നഡയിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടേക്കും. വിഷ്ണു വിശാൽ തന്നെയാണ് ഹിന്ദി റീമേക്കിനുള്ള റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
9.2/10 · IMDb
Riγαs Ρυliκκαl
സൂപ്പർ
മറുപടിഇല്ലാതാക്കൂ